2020 August 06 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബാബരി മസ്ജിദ്: വന്നത് അന്തിമവിധിയല്ല, ഡിസംബര്‍ ഒന്‍പതിന് മുന്‍പ് പുനപ്പരിശോധന ഹരജി നല്‍കും; 200 ദശലക്ഷം ഇന്ത്യന്‍ മുസ്‌ലിംകളില്‍ കുറച്ചുപേര്‍ വിധിയെ സ്വാഗതംചെയ്താല്‍ അത് പൊതുവികാരമല്ലെന്നും സഫരിയാബ് ജീലാനി

ലഖ്‌നൗ: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് അന്തിമമല്ലെന്നും നിയമപോരാട്ടവഴിയില്‍ ഇനിയും സാധ്യതകള്‍ ഉണ്ടെന്നും മുതിര്‍ന്ന അഭിഭാഷകനും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അധ്യക്ഷനുമായ സഫരിയാബ് ജീലാനി പറഞ്ഞു. കേസില്‍ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കാന്‍ വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ച സാഹചര്യത്തില്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു ജീലാനി.

അഞ്ചംഗഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് ഒരു കേസിലെ അന്തിമ തീരുമാനമല്ല. അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഒരു ഡസനിലധികം ഉത്തരവുകള്‍ പിന്നീട് പുനപ്പരിശോധിക്കപ്പെട്ടിട്ടുണ്ട്. 13 അംഗ വിശാല ബെഞ്ച് വരെ രൂപീകരിച്ച് ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവുകള്‍ പുനപ്പരിശോധിച്ച ചരിത്രം സുപ്രിംകോടതിക്കുണ്ട്. അഞ്ചംഗഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് ആണ് അന്തിമം എന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുമില്ല. ചരിത്രം അറിയാത്തവര്‍ ഈ കേസില്‍ ഞങ്ങള്‍ സുപ്രിംകോടതിയില്‍ പുനപ്പരിശോധന ഹരജി ഫയല്‍ചെയ്യുമ്പോള്‍ അല്‍ഭുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ സുപ്രിംകോടതി വിധി മാനിക്കുന്നുവെന്നാണ് ഇതുസംബന്ധിച്ച മുസ്‌ലിം പക്ഷത്തിന്റെ നിലപാട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നത് കോടതിയുടെ അന്തിമനിലപാടല്ല എന്നാണ് വ്യക്തിനിയമ ബോര്‍ഡിന് പറയാനുള്ളത്. കോടതി ഉത്തരവില്‍ സംതൃപ്തര്‍ ആവാത്തവര്‍ക്ക് ഭരണഘടനയുടെ 137ാം വകുപ്പ് പ്രകാരം പുനപ്പരിശോധന ഹരജി നല്‍കാവുന്നതാണ്.

ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുള്ള ഉത്തരവില്‍ മുസ്‌ലിംകള്‍ക്ക് അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്നത് ശരീഅത്തിന് എതിരാണ്. ഒരു പള്ളി നിലനിന്ന ഭൂമി വിട്ടുകൊടുത്ത് അതിന് പകരം ഭൂമി സ്വീകരിക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇതേ നിലപാട് തന്നെയാണ് വഖ്ഫ് ബോര്‍ഡിനുമുള്ളത്. പള്ളിയുടെ ഭൂമി മാറ്റാന്‍ സുപ്രിംകോടതിക്ക് അധികാരമില്ല. സുന്നി വഖ്ഫ് ബോര്‍ഡ് പുനപ്പരിശോധന ഹരജി നല്‍കിയാലും ഇല്ലെങ്കിലും അത് കേസിന്റെ നടത്തിപ്പിനെ ബാധിക്കില്ല. കോടതിയുടെ ഉത്തരവ് ഇന്ത്യയിലെ മുസ്‌ലിം സമുദായം അംഗീകരിക്കുന്നില്ല. സുന്നി വഖ്ഫ് ബോര്‍ഡ് പുനപ്പരിശോധന ഹരജിക്ക് എതിരാണെങ്കില്‍ അങ്ങിനെയാവട്ടെ. ഒരുകക്ഷിക്ക് മാത്രമായി ഈ കേസില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. വ്യക്തിനിയമ ബോര്‍ഡ് എന്തായാലും ഹരജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി മുസ്‌ലിംകള്‍ സ്വാഗതംചെയ്‌തെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്നത് 200 ദശലക്ഷം വരുന്ന വലിയൊരുസമൂഹമാണ്. അതില്‍ ഒന്നോ രണ്ടോ ലക്ഷംപേര്‍ വിധി സ്വാഗതംചെയ്ത് കൊണ്ട് അതുപൊതുവായ വികാരമാവില്ലെന്നും ജിലാനി കൂട്ടിച്ചേര്‍ത്തു. അടുത്തമാസം ഒന്‍പതിന് മുന്‍പായി തന്നെ പുനപ്പരിശോധന ഹരജി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

SC decision on Ayodhya case not final. Zafaryab Jilani


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.