2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമജന്മഭൂമി ആണ് എന്നതിന് വിശ്വാസവും സാഹിത്യവുമല്ലാതെ വസ്തുപരമായ തെളിവുണ്ടോയെന്ന് സുപ്രിംകോടതി

 

ന്യൂഡല്‍ഹി: വിശ്വാസവും സാഹിത്യവുമല്ലാതെ ബാബരി മസ്ജിദ് തര്‍ത്ത സ്ഥലം രാമജന്‍മഭൂമിയായിരുന്നുവെന്നതിന് വസ്തു പരമായ തെളിവുണ്ടോയെന്ന് സുപ്രിം കോടതി. ബാബരി ഭൂമി തര്‍ക്കം സംബന്ധിച്ച കേസില്‍ വാദം നടക്കവെ രാംലല്ലയുടെ അഭിഭാഷകന്‍ സി.എസ് വൈദ്യനാഥനോടായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ചോദ്യം. വാദം തെളിയിക്കുന്ന മാപ്പുകളും വസ്തുക്കളുമുണ്ടെങ്കില്‍ സമര്‍പ്പിക്കൂ. അല്ലാതെ ഭൂമി തര്‍ക്കത്തില്‍ വിശ്വാസത്തിനും സാഹിത്യത്തിനും എന്തു പ്രസക്തിയെന്ന് ഗോഗോയ് ചോദിച്ചു.

ബാബരി നിലനിന്ന സ്ഥലത്ത് തന്നെയാണ് രാമജന്‍മഭൂമിയെന്നും ഹിന്ദുക്കളുടെ എക്കാലത്തെയും വിശ്വാസം അതുതന്നെയാണെന്നുമായിരുന്നു വൈദ്യനാഥന്റെ വാദം. രാമജന്‍മ ഭൂമിയെന്നാല്‍ വിശുദ്ധമാണ്. അവിടെ പ്രതിഷ്ഠയില്ലെങ്കിലും അത് ഹിന്ദുക്കളുടെ വിശുദ്ധ സ്ഥലമാണ്. അവിടെ പള്ളി നിര്‍മ്മിച്ച് അവരുടെതാണെന്ന് വാദിക്കാന്‍ പറ്റില്ല. അമ്പലം തകര്‍ത്താലും സ്ഥലത്തിന്റെ വിശുദ്ധി നഷ്ടപ്പെടില്ലെന്നും വൈദ്യനാഥന്‍ പറഞ്ഞു. വൈദ്യാനാഥന്റെ വാദം ഇന്നലെ പൂര്‍ത്തിയായതിന് പിന്നാലെ രാമജന്‍മഭൂമി പുനരുദ്ധാരണ സമിതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി.എന്‍ മിശ്ര വാദം തുടങ്ങി. ബാബരി പള്ളി നിര്‍മ്മിച്ചത് ബാബറല്ലെന്ന് മിശ്ര വാദിച്ചു. ബാബരി മസ്ജിദ് പണിതത് ബാബറാണോ അല്ലയോ എന്നതല്ല അവിടെ പള്ളിയുണ്ടായിരുന്നോ ഇല്ലയോ എന്നതാണ് തങ്ങളുടെ മുന്നിലുള്ള പ്രശ്‌നമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരിലൊരാളായ ഡി.വൈ ചന്ദ്രചൂഡ് മറുപടി പറഞ്ഞു. ആര് നിര്‍മ്മിച്ചു എന്നത് ഇവിടെ പ്രധാനപ്പെട്ട കാര്യമല്ലെന്ന് ചന്ദ്രചൂഡ് പറഞ്ഞു.

 

 

വാല്‍മീകി രാമായണത്തിലും സ്‌കന്ദപുരാണയിലും അവിടെ രാമജന്‍മഭൂമിയാണെന്ന് പറയുന്നുണ്ടെന്നും ഈ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും മിശ്ര വാദിച്ചു. മിശ്രയുടെ വാദത്തിനിടെ ഇടപ്പെട്ട കോടതി വാദം പിന്നീട് കേള്‍ക്കാമെന്നും ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വി.എന്‍ സിന്‍ഹയുടെ വാദം കേള്‍ക്കാമെന്നും അറിയിച്ചു. വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ വാദിച്ചതിനാല്‍ സിന്‍ഹയുടെ വാദത്തിലും ഇടപ്പെട്ട കോടതി കേസിലെ ആദ്യകാല കക്ഷിയായ ഗോപാല്‍ സിങിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ രഞ്ജിത് കുമാറിന്റെ വാദം കേട്ടു. വാദം ഇന്നും തുടരും.

SC Asks For Objective Evidence Regarding Birth Place Of Lord Ram As Lawyers Refer To


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.