2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

എ.ടി.എമ്മുകള്‍ക്ക് രാത്രികാല നിയന്ത്രണം വരുന്നു; ഉപയോക്താക്കള്‍ കുറവുള്ള സ്ഥലങ്ങളില്‍ രാത്രി അടച്ചിടും

  • നടപടി എസ്.ബി.ഐയുടേത്
ശ്രീനി ആലക്കോട്

ആലക്കോട് (കണ്ണൂര്‍): ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകള്‍ ആയ എ.ടി. എമ്മുകളെ കൗതുകത്തിന് ‘എനി ടൈം മണി’യെന്നുകൂടി വിളിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ഏത് പാതിരാത്രി ഓടിയെത്തിയാലും ഇനി എ.ടി.എമ്മുകള്‍ പണം തരണമെന്നില്ല.
കാരണം ഉപയോക്താക്കള്‍ കുറവുള്ള സ്ഥലങ്ങളില്‍ എ.ടി.എമ്മുകള്‍ രാത്രികാലങ്ങളില്‍ അടച്ചിടുവാനുള്ള നടപടികള്‍ എസ്.ബി.ഐ തുടങ്ങിയതോടെ ഇടപാടുകാര്‍ ആശങ്കയിലായിരിക്കുകയാണ്. രാവിലെ ആറുമുതല്‍ രാത്രി 10 വരെ മാത്രമേ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കൂയെന്ന ബോര്‍ഡുകള്‍ പലയിടത്തും അധികൃതര്‍ സ്ഥാപിച്ചുകഴിഞ്ഞു. 24 മണിക്കൂറും ബാങ്കിങ് സേവനം ജനങ്ങളില്‍ എത്തിക്കാന്‍ തുടങ്ങിയ എ.ടി.എമ്മുകള്‍ പലതും ഇനി രാത്രികാലങ്ങളില്‍ അടച്ചിടാനാണു എസ്.ബി. ഐ അധികൃതരുടെ തീരുമാനം.
ഇടപാടുകാര്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന നിരവധി പരിഷ്‌കാരങ്ങള്‍ക്കു തുടക്കംകുറിച്ചവര്‍ തന്നെയാണു പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പുതിയ നടപടിയുമായി രംഗത്തെത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എ.ടി.എം ഉപയോഗിക്കുന്നവരുടെ എണ്ണം തീരെ കുറവുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നാണ് എസ്.ബി.ഐ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ദേശീയ തലത്തില്‍ തന്നെ ഇത് നടപ്പിലാക്കാനുള്ള നടപടികളുമായി ബാങ്ക് മുന്നോട്ടു പോവുകയാണ്.
എന്നാല്‍ മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകള്‍ കുറവുള്ള പ്രദേശങ്ങളില്‍ ഈ തീരുമാനം ഇടപാടുകാര്‍ക്കു തിരിച്ചടിയാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കണ്ണൂരിലെ ആലക്കോട് പോലുള്ള പ്രദേശങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന എ.ടി.എം കൗണ്ടറിനു മുന്നിലും ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതോടെ വ്യാപാരികളും ആശങ്കയിലായിരിക്കുകയാണ്. ബാങ്കിങ് സമയം കഴിഞ്ഞാല്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി നിരവധിപേരാണ് ഈ കൗണ്ടറിനെ ദിവസേന ആശ്രയിക്കുന്നത്.
നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഈ കൗണ്ടര്‍ ഒരനുഗ്രഹമാണ്.
രാവിലെ ആറുമുതല്‍ രാത്രി പത്ത് വരെ മാത്രമേ പ്രവര്‍ത്തിക്കൂകയുള്ളൂ എന്ന അറിയിപ്പിനൊപ്പം അടുത്ത് എ.ടി. എം സേവനം ലഭിക്കുന്ന രണ്ട് കൗണ്ടറുകളുടെ പേരും നല്‍കുന്നുണ്ട്. എന്നാല്‍ ആലക്കോട് സ്ഥാപിച്ച ബോര്‍ഡില്‍ പകരം ആശ്രയിക്കാവുന്ന എ.ടി. എമ്മുകളുടെ പേരും ഇല്ല. പുതിയ പരിഷ്‌കാരം നടപ്പാകുന്നതോടെ മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകള്‍ ഇല്ലാത്തപ്രദേശങ്ങളിലെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുമെന്നതില്‍ സംശയമില്ല. പൊതുജനങ്ങളുടെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തില്‍ നിന്ന് എസ്.ബി.ഐ അധികൃതര്‍ പിന്‍വലിയണമെന്നാണു ജനങ്ങളുടെ ആവശ്യം.
അതേ സമയം അറിയിപ്പ് ബോര്‍ഡ് മാത്രമാണ് ഇതുവരെ ലഭിച്ചതെന്നും ഇതു സംബന്ധിച്ച് ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നും ആലക്കോട് എസ്.ബി.ഐ ബ്രാഞ്ച് അധികൃതര്‍ പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.