2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ലാളിത്യം പ്രസരിപ്പിച്ച ആത്മസുഹൃത്ത്

 

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ഇന്നലെ വിടപറഞ്ഞ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാരുമായി പതിറ്റാണ്ടുകളുടെ വ്യക്തി ബന്ധമാണുള്ളത്. പട്ടിക്കാട് ജാമിഅ നൂരിയയില്‍ പഠിക്കുന്ന കാലത്ത് സഹപാഠിയായും പില്‍ക്കാലത്ത് സമസ്തയുടെ നേതൃരംഗത്തും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച നല്ല ഓര്‍മകളാണുള്ളത്. വളരെ സൗമ്യനും കാര്യങ്ങളെ അടുക്കോടെയും ചിട്ടയോടെയും സമീപിക്കുന്ന ഗുണങ്ങള്‍ ഒത്തിണങ്ങിയ വ്യക്തിത്വവുമായിരുന്നു അദ്ദേഹം.
1970ന്റെ തുടക്കത്തിലാണ് ഞാന്‍ ജാമിഅയിലെത്തുന്നത്. അതേ കാലത്തു തന്നെയാണ് അദ്ദേഹവും ഉപരിപഠനത്തിനായി പട്ടിക്കാടെത്തിയത്. ഒരുമിച്ച് ഒരേ ക്ലാസുകളില്‍ പഠിച്ച സ്ഥിതിക്ക് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ സംഘടനാ രംഗത്ത് സജീവമാകുന്നതിനു മുമ്പുതന്നെ കാണുമ്പോഴെല്ലാം വ്യക്തി ബന്ധം പുതുക്കാനും സുഖവിവരങ്ങള്‍ അന്വേഷിക്കാനും എന്നും തിടുക്കം കാട്ടിയിരുന്നു.
ബാപ്പയുള്ള കാലത്തുതന്നെ ഞങ്ങളുടെ കുടുംബവുമായും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും അദ്ദേഹത്തിന് പറഞ്ഞറിയിക്കാനില്ലാത്ത അടുപ്പമായിരുന്നു. പൂക്കോയ തങ്ങളില്‍ നിന്നാണ് സനദ് സ്വീകരിച്ചതെന്ന് ഇടക്കിടെ ഓര്‍ക്കാറുണ്ടായിരുന്നു എന്ന് അടുപ്പക്കാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഏക മകളുടെ നികാഹിന് കാര്‍മികത്വം മുഹമ്മദലി ശിഹാബ് തങ്ങള്‍ തന്നെ നിര്‍വഹിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. ചികിത്സാര്‍ഥം ജ്യേഷ്ഠന്‍ വിശ്രമത്തിലായിരുന്നതിനാല്‍ നികാഹ് പാണക്കാട് വച്ചാവാമെന്ന നിര്‍ദേശം അദ്ദേഹം വളരെ സന്തോഷത്തോടെ ഏറ്റെടുത്ത് നടത്തുകയാണുണ്ടായത്.
ജന്മംകൊണ്ട് മലബാറുകാരനാണെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം തെക്കന്‍ കേരളവും മധ്യ കേരളവുമായിരുന്നു. ജാമിഅയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്കടുത്ത കുഗ്രാമമായ ചെറുവാളൂരിലാണ് അദ്ദേഹം സേവനം ചെയ്തത്. നീണ്ട മൂന്നു പതിറ്റാണ്ടിലധികം ഈ കുഗ്രാമത്തില്‍ തന്നെ മതപരമായ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തിന്റെ സാന്നിധ്യം സമസ്തയുടെ പ്രവര്‍ത്തനങ്ങളിലേക്ക് ഘട്ടംഘട്ടമായി വളര്‍ന്നു. സമസ്ത മുകുന്ദപുരം താലൂക്ക് പ്രസിഡന്റായി നാലര പതിറ്റാണ്ടിനടുത്ത കാലം സേവനം ചെയ്തു. പ്രാദേശികമായി സമസ്തയേയും മതപരമായ സംരംഭങ്ങളേയും വളര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം നേരത്തെ കണ്ടറിഞ്ഞിരുന്നു. സംസാരങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രാദേശിക ജ്ഞാന സമവാക്യങ്ങളുടെ വളര്‍ച്ചയുടെ പ്രാധാന്യം എപ്പോഴും ഊന്നിപ്പറഞ്ഞിരുന്നു.
ഗുരുവര്യര്‍ ശൈഖുനാ ശംസുല്‍ ഉലമയുമായി പഠനകാലത്തു തന്നെ അഭേദ്യബന്ധം പുലര്‍ത്തിയ വ്യക്തിത്വമായിരുന്നു ഹൈദ്രോസ് മുസ്‌ലിയാര്‍. ഞങ്ങള്‍ക്ക് അദ്ദേഹം ‘ഏലംകുള’മായിരുന്നു. എന്തു പിരിവുപറഞ്ഞാലും ‘ഏലംകുളം’ മോശമില്ലാത്ത ഒരു സംഖ്യ സംഭാവന തന്നിരിക്കും. ജീവിതാവസാനം വരെ അദ്ദേഹം ചെറുപ്പകാലത്ത് ശീലിച്ച ദാനധര്‍മശീലം പുലര്‍ത്തിപ്പോന്നിരുന്നുവെന്നതിന് ഞാന്‍ നിരവധി വേദികളില്‍ സാക്ഷിയാണ്. സമസ്തയുടെ സംഘടനാപരമായതും സ്ഥാപന സംവിധാനങ്ങളുടെയും ഫണ്ട് സ്വരൂപിക്കുന്ന സദസില്‍ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ ഉണ്ടെങ്കില്‍ ആദ്യഗഡു അദ്ദേഹമായിരിക്കും ഓഫര്‍ ചെയ്തിരിക്കുക. വാഗ്ദാനം ചെയ്യുന്നത് വലിയ സംഖ്യതന്നെയായിരിക്കും.
കഴിഞ്ഞ ബുധനാഴ്ച സമസ്ത മുശാവറയില്‍ ഞങ്ങളൊരുമിച്ച് പങ്കെടുത്തിരുന്നു. സെപ്റ്റംബര്‍ ഒന്നിന് അദ്ദേഹം തന്നെ നേതൃത്വം നല്‍കിവന്നിരുന്ന പുലിക്കണ്ണി ദാറു തഖ്‌വയില്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തില്‍ പങ്കെടുത്തിരുന്നു. സ്ഥാപനത്തിന്റെ പ്രസിഡന്റുകൂടിയായ സഹോദരന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കോഴിക്കോട് ഖാസിയും മജ്‌ലിസുന്നൂര്‍ സംസ്ഥാന അമീറുമായ മുഹമ്മദ് കോയ തങ്ങളും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ക്ഷീണിതനായിരുന്നെങ്കിലും വളരെ ഊര്‍ജ്ജസ്വലതയോടെയാണ് അന്ന് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ പരിപാടിയില്‍ സംബന്ധിച്ചത്.
സമസ്തയുമായി ബന്ധപ്പെട്ട് സംഘടന, സ്ഥാപനങ്ങളുടെ നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു. അധികാരങ്ങളും സ്ഥാനമാനങ്ങളും കേവലം ഇരിപ്പിടമല്ലെന്നും അതെല്ലാം ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ ഉന്നതമായ ഇടങ്ങളാണെന്നും ജീവിതത്തിലൂടെ കാണിച്ചു തന്ന മറ്റൊരു മഹത്വ ജീവിതം നമ്മില്‍ നിന്ന് വിടപറഞ്ഞിരിക്കുന്നു. അറിവിന്റെ വിനയവും പെരുമാറ്റത്തിന്റെ ലാളിത്യവും കൊണ്ട് വിസ്മയിപ്പിച്ച ഉസ്താദ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാരുടെ വിടവാങ്ങലോടെ നല്ലൊരു സുഹൃത്തിനെയാണ് നഷ്ടമായിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.