2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

‘സേവ് ആലപ്പാടി’ന് പിന്തുണയേറുന്നു

 

രാജു ശ്രീധര്‍#
കൊല്ലം: ആലപ്പാട്ട് അനധികൃത കരിമണല്‍ ഖനനത്തെ തുടര്‍ന്നുള്ള നാട്ടുകാരുടെ പ്രക്ഷോഭം രണ്ടരമാസത്തിലേക്ക് കടന്നതോടെ സമരത്തിന് പിന്തുണയേറുന്നു. കരിമണല്‍ ഖന നത്തെതുടര്‍ന്ന് ഇല്ലാതായിക്കൊണ്ടിരുന്ന ആലപ്പാട് പഞ്ചായത്തില്‍ പ്രദേശവാസികള്‍ നടത്തുന്ന സമരം 71 ദിവസം പിന്നിട്ടതോടെ വിഷയം കടല്‍കടന്നു രാജ്യാന്തര തലങ്ങളിലുമെത്തി.
ഇതിനിടെ ആലപ്പാട് ഇനിയും ഖന നം തുടര്‍ന്നാല്‍ പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്നും സ്ഥലത്ത് കൂടുതല്‍ പഠനം നടത്തണമെന്നും വെള്ളനാതുരുത്ത് വില്ലേജ് ഓഫിസര്‍ അബ്ദുല്‍സലാം ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടും സമരസമിതി നല്‍കിയ നിവേദനവും ഉള്‍പ്പെടെ ചേര്‍ത്ത് കലക്ടര്‍ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാന സര്‍ക്കാര്‍ അനുകൂല രാഷ്ട്രീയ നേതൃത്വങ്ങളാകട്ടെ ആലപ്പാട്ടെ പരിസ്ഥിതി സമരത്തെ സംശയത്തോടെയാണ് കാണുന്നത്. മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെ വോയിസ് ക്ലിപ്പാണ് സമരത്തിനെതിരെയുള്ള സര്‍ക്കാരിന്റെ നിലപാടായി സമരസമിതി വിലയിരുത്തപ്പെടുന്നത്.
അമൃതാനന്ദമയിക്ക് അവിടെ നിന്നും ആളെ ഓടിക്കണമെന്നുള്ള കടുത്ത വിമര്‍ശനമാണ് മേഴ്‌സിക്കുട്ടിയമ്മയുടേതെന്ന രീതിയിലെ വോയ്‌സ് ക്ലിപ്പിലുള്ളത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കരിമണല്‍ സമരമുഖവും ഉണര്‍ന്നുകഴിഞ്ഞു. സ്ഥലം എം.എല്‍.എ ആര്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് സമരസമിതിയുടെ ആക്ഷേപം.
വിദ്യാര്‍ഥികളും യുവാക്കളും ഉള്‍പ്പെടെ വലിയ യുവജന സംഘമാണ് ദിവസവും സമരസമിതിക്ക് പിന്തുണയുമായെത്തുന്നത്. പ്രളയ ദുരിതത്തില്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിച്ച മത്സ്യത്തൊഴിലാളികളില്‍ ആലപ്പാടുകാരും കുറവല്ലായിരുന്നു. പ്രളയത്തിന്റെ രക്ഷകരായവരാണ് ഇന്ന് കിടപ്പാടം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്നത്. കേരളത്തില്‍ നടക്കുന്ന പല സമരങ്ങളിലും ചില രാഷ്ട്രീയ ശക്തികളുടെ കരങ്ങളാണെന്നുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതിനെ തുടര്‍ന്ന് സി.പി.എമ്മുകാര്‍ പൊതുവെ ആലപ്പാട് സമരത്തെ പിന്തുണയ്ക്കുന്നില്ല. സൈലന്റ് വാലി,എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ സമരങ്ങള്‍ പോലെയാണ് ആലപ്പാടിനെയും അധികാരകേന്ദ്രങ്ങള്‍ നോക്കിക്കാണുന്നതെന്നാണ് പൊതുവേയുള്ള വിമര്‍ശനം.
അധികാരത്തിലിരിക്കുന്ന സമയത്തുണ്ടാകുന്ന ഏത് ജനകീയ സമരവും പാര്‍ട്ടി വിരുദ്ധമാണെന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആലപ്പാടെന്നാണ് സമരസമിതിയുടെ വിലയിരുത്തല്‍. ആലപ്പാട് സമരത്തിന്റെ വസ്തുതകള്‍ അറിയുമ്പോഴാണ് സമരത്തിനൊപ്പം സംഘടനകളും കൂടെയെത്തുന്നത്.
20,000 ഏക്കറോളം കരയാണ് ഇതിനിടെ ഭൂമുഖത്ത് നിന്ന് ഇല്ലാതായത്. ഖനാനുമതികളില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ ലംഘിച്ചു നടക്കുന്ന ഖന നം ശാസ്ത്രീയമാണോ നിയമപരമാണോ എന്നു പഠിക്കാന്‍ ഒരു സ്വതന്ത്ര അന്വേഷണ സമിതിയെ നിയമിക്കണമെന്ന മുറവിളിയാണ് കാലങ്ങളായി പ്രദേശത്തുനിന്നും ഉയരുന്നത്. അതിന്റെ ചുവട് പിടിച്ചുള്ള സമരത്തിന് പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവന്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.