2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

മൈക് പോംപിയോ സഊദിയില്‍; വിവിധ വിഷയങ്ങളില്‍ സഊദിയുമായി ചര്‍ച്ച നടത്തി

യമനില്‍ വെടി നിര്‍ത്തല്‍ തുടരാന്‍ കിരീടാവകാശിയുമായി ധാരണ

 

 

#അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദിയിലെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും കൂടിക്കാഴ്ച നടത്തി. അല്‍ യമാമ രാജകൊട്ടാരത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ യമന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങി മേഖലയിലെയും മറ്റും നിലവിലെ പ്രധാന സംഭവ വികാസങ്ങള്‍ വിഷയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തെയും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളെയും കുറിച്ച് സല്‍മാന്‍ രാജാവും പോംപിയോയും വിശകലനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു.
യമനിലെ അല്‍ഹുദൈദയില്‍ വെടിനിര്‍ത്തല്‍ തുടരുന്നതിനും സ്വീഡന്‍ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും മൈക് പോംപിയോയും നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി റിയാദിലെ യു.എസ് എംബസി പറഞ്ഞു. യെമന്‍ സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കുന്നതിന് സമഗ്ര രാഷ്ട്രീയ പരിഹാരമാണ് ഏക വഴിയെന്ന കാര്യത്തിലും ഇരുവരും ധാരണയിലെത്തിയിട്ടുണ്ട്. കൂടാതെ, യമന്‍, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സഊദിയുടെ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു. രാജാവുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് മൈക് പോംപിയോ പറഞ്ഞു. യെമന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ അടക്കം നിരവധി പ്രശ്‌നങ്ങള്‍ രാജാവുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.
സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, അമേരിക്കയിലെ സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സഹമന്ത്രി ഡോ. മുസാഅദ് അല്‍ഈബാന്‍, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അല്‍അസ്സാഫ്, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ഹുമൈദാന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.
വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈറുമായും മൈക് പോംപിയോ പ്രത്യേകം ചര്‍ച്ച നടത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.