2019 December 15 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സഊദിയിൽ പിടികൂടിയ എഴുത്തുകാരിൽ മൂന്നു പേരെ മോചിപ്പിച്ചു

ദുബായ് : ഏതാനും ദിവസങ്ങൾക്ക് മുമ്പ് സഊദി അധികൃതർ തടവിലാക്കിയ എഴുത്തുകാരിൽ മൂന്നു പേരെ മോചിപ്പിച്ചു.  എഴുത്തുകാരെ പിടികൂടിയ വാർത്ത പുറത്ത് വിട്ട ലണ്ടൻ ആസ്ഥാനമായുള്ള സഊദി റൈറ്റ്സ് ഗ്രൂപ്പ് (അൽ ഖസ്ത്) തന്നെയാണ് ഇവരിൽ മൂന്നു പേരെ സഊദി അധികൃതർ മോചിപ്പിച്ച വിവരവും പുറത്ത് വിട്ടത്.  എന്നാൽ, നേരത്തെ പിടികൂടിയവരിൽ നിരവധി പേർ ഇപ്പോഴും തടവിലാണ്. എഴുത്തുകാരനും പബ്ലിഷറുമായ സുലൈമാൻ അൽ സൈഖാൻ, മുൻ ബ്ലോഗറും പിന്നീട് ബിസിനസ് രംഗത്തേക്ക് എത്തുകയും ചെയ്‌ത ഫുആദ് അൽ ഫർഹാൻ, മാധ്യമ പ്രവർത്തകൻ ബദർ അൽ റാഷിദ് എന്നിവരെയാണ് അധികൃതർ മോചിപ്പിച്ചതെന്ന് അൽ ഖസ്ത് ട്വീറ്റ് ചെയ്‍തു.

അതേസമയം, ഇവരുമായി നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വാർത്ത പുറത്ത് വിട്ട റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇവരുൾപ്പെടെ എട്ടു പേരെ മഫ്തിയിലെത്തിയ സഊദി പോലീസ് വിവിധ കേന്ദ്രങ്ങളിൽ വെച്ച് അറസ്‌റ്റ് ചെയ്‌തത്. ഇവരെ തടവിലാക്കാനുള്ള കാരണം ഇത് വരെ വ്യക്തമല്ല. സഊദി അധികൃതർ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി പ്രസ്‌താവനയും പുറത്തിറക്കിയിട്ടില്ല.

തലസ്ഥാന നഗരിയായ റിയാദ്, ചെങ്കടൽ തീരത്തെ ജിദ്ദ നഗരി എന്നിവിടങ്ങളിലെ വീടുകളിൽ നിന്നാണ് ഇവരെ കഴിഞ്ഞയാഴ്ച്ച അറസ്‌റ്റ്‌ ചെയ്‌തു കൊണ്ട് പോയത്. ഇതിൽ ഏതാനും പേർ 2011 ലെ അറബ് വസന്ത പ്രക്ഷോഭത്തെക്കുറിച്ച് നേരത്തെ ലേഖനങ്ങൾ എഴുതിയിട്ടുണ്ടെന്ന് മാത്രമാണ് പുറത്തു വന്ന റിപ്പോർട്ട്. 2017 ൽ സഊദിയിൽ നിരവധി സ്വതന്ത്ര ചിന്തകരെ അറസ്റ്റു ചെയ്‌തിരുന്നു. 2018 ൽ ഒരു ഡസനിലധികം വനിത പൊതു ആക്റ്റിവിസ്റ്റ്റുകളെയും അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിൽ ചിലരെ വിവിധ വകുപ്പുകൾ ചുമത്തി ശിക്ഷയും വിധിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.