2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

സഊദി ടൂറിസം വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ ആദ്യഘട്ട പട്ടികയില്‍ ഇന്ത്യക്ക് സ്ഥാനമില്ല

ആദ്യ പട്ടികയില്‍ 25 രാജ്യങ്ങള്‍

 

 

നിസാര്‍ കലയത്ത്

 

ജിദ്ദ: സഊദി ടൂറിസം വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. ആദ്യ പട്ടികയില്‍ 25 രാജ്യങ്ങള്‍ ഇടം നേടിയപ്പോള്‍ ഇന്ത്യയുടെ പേരില്ല. ഉത്തര ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ചൈന, സിംഗപ്പൂര്‍, മലേഷ്യ, ബ്രൂണൈ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുക.

വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് സഊദി ആഭ്യന്തര വിദേശ മന്ത്രാലയങ്ങളും സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജും ചേര്‍ന്നാണ് രൂപം നല്‍കിയത്. വിദേശികള്‍ക്ക് ഒറ്റക്ക് സന്ദര്‍ശിക്കുന്നതിന് വിസ അനുവദിക്കില്ല. അതേ സമയം വനിതകള്‍ക്ക് നിരവധി വ്യവസ്ഥകളാണ് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍.

പ്രധാന വ്യവസ്ഥകള്‍ ഇവയാണ്

  • ചുരുങ്ങിയത് നാലു പേരെങ്കിലും ഉള്ള ഗ്രൂപ്പുകള്‍ക്കാണ് വിസ അനുവദിക്കുക.
  • അംഗീകൃത വിദേശ ടൂര്‍ ഓപറേറ്റര്‍മാരും സഊദിയില്‍ ലൈസന്‍സുള്ള ടൂര്‍ ഓപറേറ്റര്‍മാരും സഹകരിച്ചാണ് വിദേശ വിനോദ സഞ്ചാരികള്‍ക്കുള്ള യാത്രകള്‍ സംഘടിപ്പിക്കേണ്ടത്.
  • വിനോദ സഞ്ചാര ഗ്രൂപ്പ് സന്ദര്‍ശിക്കുന്ന പ്രദേശങ്ങള്‍, സഞ്ചരിക്കുന്ന റൂട്ടുകള്‍, സമയക്രമം എന്നിവയെല്ലാം മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ചാണ് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ഗ്രൂപ്പിനുള്ള അനുമതി സമ്പാദിക്കേണ്ടത്.
  • ആഭ്യന്തര വിദേശ മന്ത്രാലയങ്ങള്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയും മറ്റും വ്യവസ്ഥകള്‍ പാലിച്ചുമാണ് ഗ്രൂപ്പുകള്‍ക്ക് വിസ അനുവദിക്കുക.

അതേസമയം സഊദി കമ്മിഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെരിറ്റേജ് അനുമതി നല്‍കുന്ന പ്രദേശങ്ങളിലും പ്രവിശ്യകളിലും മാത്രം സന്ദര്‍ശനം നടത്തുന്നതിനാണ് വിദേശ ടൂറിസ്റ്റുകള്‍ക്ക് അനുവാദമുണ്ടാവുക. മക്കയും മദീനയും സന്ദര്‍ശന പദ്ധതിയില്‍ ഉള്‍പ്പെടില്ലെന്നും സഊദിയിലെ പാരമ്പര്യങ്ങളും ആചാരങ്ങളും ഇസ്‌ലാമിക മൂല്യങ്ങളും ടൂറിസ്റ്റുകള്‍ മാനിക്കണം. ഇക്കാര്യം സഊദിയില്‍ പ്രവേശിക്കുന്നതിന് മുമ്പായി ടൂറിസ്റ്റുകളെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചിരിക്കണം. ഇവര്‍ സഊദി വിടുന്നത് വരെ ഇവരുടെ ചുമതല ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ആയിരിക്കും. കൂട്ടത്തില്‍ ആരേയെങ്കിലും കാണാതായാല്‍ അക്കാര്യം 24 മണിക്കൂറിനകം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണം. നിയമലംഘനം നടത്തുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് അറിയിച്ചു.

ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.