2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

സമാധാന ആണവ പദ്ധതിക്ക് അമേരിക്ക സഹകരിച്ചില്ലെങ്കില്‍ മറ്റു രാജ്യങ്ങളുടെ സഹകരണം ലഭ്യമാക്കും: സഊദി

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സമാധാന ആവശ്യത്തിന് വേണ്ടിയുള്ള ആണവ പദ്ധതിയുമായി അമേരിക്ക സഹകരിക്കുമെന്നാണ് കരുതുന്നതെന്നും, ഇനി സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ മറ്റു രാജ്യങ്ങളുടെ സഹകരണം ലഭ്യമാക്കുമെന്നും സഊദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി. ആണവ നിര്‍മാണത്തിന് സഊദിക്ക് വിദേശ സാങ്കേതിക വിദ്യ ലഭ്യമാക്കേണ്ടതുണ്ടെന്നും ആണവോര്‍ജ്ജ പദ്ധതിയുമായി അമേരിക്ക കരാര്‍ ഒപ്പുവയ്ക്കാന്‍ തയ്യാറല്ലെങ്കില്‍ മറ്റു രാജ്യങ്ങള്‍ സന്നദ്ധമായാതായി തങ്ങള്‍ക്ക് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ഊര്‍ജ്ജ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളുടമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇക്കാര്യത്തില്‍ അമേരിക്ക തങ്ങള്‍ക്കൊപ്പമില്ലെങ്കില്‍ സമാധാനപരമായ ആവശ്യത്തിന് സഊദി നിര്‍മിക്കുന്ന ആണവ പദ്ധതിയില്‍ പങ്കാളികളാകാനുള്ള അവസരം അമേരിക്കക്ക് നഷ്ടമാകും’. അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഊര്‍ജ്ജ സെക്രട്ടറി റിക്ക് പെറി തുടങ്ങി മറ്റു മുതിര്‍ന്ന നേതാക്കളുമായി സഊദി കിരീടാവകാശിയും ഊര്‍ജ്ജ മന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്.

ഊര്‍ജ്ജ ഉല്‍പാദനത്തിന് രണ്ട് ആണവനിലയങ്ങള്‍ സ്ഥാപിക്കാനാണ് സഊദി ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ ഉയര്‍ന്നുവരുന്ന ഊര്‍ജ്ജ ആവശ്യത്തിന് പെട്രോളിനെ മാത്രം അവലംബിക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം. എന്നാല്‍ പാകപ്പെടുത്തിയ യൂറേനിയം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാന്‍ സൗദി ഉദ്ദേശിക്കുന്നില്ല. ആണവോര്‍ജ്ജ പദ്ധതിയില്‍ അമേരിക്ക ഒപ്പുവയ്ക്കുന്നില്ലെങ്കില്‍ അതിന് സന്നദ്ധമായ രാജ്യങ്ങള്‍ തങ്ങളുടെ മുന്നിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒന്നിലധികം രാജ്യങ്ങള്‍ സാങ്കേതികരംഗത്ത് ഇക്കാര്യത്തില്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കരാറില്‍ നിന്ന് വിട്ടുനിന്നാല്‍ പദ്ധതിയില്‍ അമേരിക്കക്ക് സ്ഥാനമുണ്ടാവില്ലെന്നും അല്‍ഫാലിഹ് പറഞ്ഞു.

അതേസമയം, സഊദിയയുമായി ഇക്കാര്യത്തിന് കരാര്‍ ഏര്‍പ്പെടാന്‍ അമേരിക്ക തയ്യാറാകുന്നില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കഴിഞ്ഞ വര്‍ഷം യു.എ.ഇ യുമായി അമേരിക്ക ഇക്കാര്യത്തിലുണ്ടാക്കിയ കരാറുകളിലെ പുനരാലോചനയും മധ്യേഷ്യയിലെ പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടി അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ചിലയംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് ഇക്കാര്യത്തിലുണ്ടെന്നു വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.