2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആഗോള വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടുന്നതിന് അന്താരാഷ്ട്ര സഹകരണമാണ് ആവശ്യമെന്ന് സഊദി

ജി20 ഉച്ചകോടിയിലേക്ക് ലോക നേതാക്കളെ സല്‍മാന്‍ രാജാവ് സ്വാഗതം ചെയ്തു

 

ജിദ്ദ: ആഗോള വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടുന്നതിന് അന്താരാഷ്ട്ര സഹകരണമാണ് ആവശ്യമെന്ന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ്. ജി20 അംഗ രാജ്യങ്ങളുടെ അധ്യക്ഷ സ്ഥാനം സ്വീകരിച്ച് ലോക രാഷ്ട്രങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാജാവ്. അടുത്ത വര്‍ഷം സഊദി ആദിത്യമരുളുന്ന ജി 20 ഉച്ചകോടിയിലേക്ക് ലോക നേതാക്കളെ അദ്ദേഹം സ്വാഗതം ചെയ്തു.
ജി20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം സഊദിക്ക് കൈമാറിയതിലുള്ള സന്തോഷം രാജാവ് അറിയിച്ചു. ഒപ്പം അടുത്ത ഉച്ചകോടിയില്‍ ലോകജനതയുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന നയങ്ങള്‍ രൂപീകരിക്കുന്നതിനും സഹകരണ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള തങ്ങളുടെ ശ്രമങ്ങളെ ലോകത്തെ അറിയിക്കുന്നതായും രാജാവ് വ്യകതമാക്കി. ആഗോള വെല്ലുവിളികളെ കൂട്ടായി അഭിസംബോധന ചെയ്യുന്നതിനും ലോകമെമ്പാടും ഫലപ്രദമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം അത്യാവശ്യമാണെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.

സാങ്കേതികവും, സാമ്പത്തികവും, ജനസംഖ്യാപരവും, പാസ്ഥിതികവുമായ മാറ്റങ്ങളാല്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്ന ആഗോള ഭൂപ്രകൃതിയെയാണ് ഇന്ന് നാം അഭിമുഖീകരിക്കുന്നത്. ഇവ നേരിടാന്‍ ജി20 അംഗ രാജ്യങ്ങളും അവിടങ്ങളിലെ ജനങ്ങളും പരസ്പര ബന്ധിതമായി പ്രവര്‍ത്തികേണ്ടത് മുമ്പത്തെക്കാളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആഗോള സഹകരണം നല്ല നിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ജി20 കൂട്ടായ്മയില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്വം വലുതാണെന്നും കൂട്ടായ്മയില്‍ എല്ലാവരെയും ശക്തിപ്പെടുത്തി മുന്നോട്ട് പോകാന്‍ ശ്രമിക്കുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

2020 നവംബര്‍ 21, 22 തിയതികളില്‍ റിയാദില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ നേതൃസ്ഥാനം ഇന്നലെയാണ് നിലവില്‍ വന്നത്. അടുത്ത നവംബര്‍ വരെ ഈ സ്ഥാനം സഊദി അറേബ്യക്കാണ്. ’21 നൂറ്റാണ്ടിന്റെ അവസരങ്ങള്‍ എല്ലാവരും പ്രയോജനപ്പെടുത്തുക’ എന്ന ബാനറിലാണ് റിയാദില്‍ ജി20 ഉച്ചകോടി സംഘടിപ്പിക്കുന്നത്. മൂന്ന് വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് ഉച്ചകോടി. യുവാക്കള്‍ക്കും വനിതകള്‍ക്കുമടക്കം വ്യക്തികള്‍ക്ക് തൊഴില്‍, മികച്ച ജീവിത സാഹചര്യം എന്നിവ ഉറപ്പുവരുത്തുന്ന ‘മനുഷ്യ ശാക്തീകരണം’, ജലം, അന്തരീക്ഷം, ഭക്ഷണം, ഊര്‍ജം, പ്രകൃതി എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരസ്പര സഹകരണത്തിന് ഊന്നല്‍ നല്‍കുന്ന ‘ഭൂമിയെ സംരക്ഷിക്കല്‍’, നൂതന സാങ്കേതിക വിദ്യയുടെ മുന്നേറ്റങ്ങള്‍ പരസ്പരം കൈമാറുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്ന ‘പുതിയ സാധ്യതകളുടെ രൂപീകരണം’ എന്നിങ്ങനെ മൂന്നു സെഷനുകളിലാണ് ഉച്ചകോടി നടക്കുക.

ജോര്‍ദാന്‍, സിംഗപ്പുര്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്റ്, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ നേതൃസ്ഥാനത്തുള്ള വിയറ്റ്‌നാം, ആഫ്രിക്കന്‍ യൂനിയന്‍ നേതൃസ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക, ജി.സി.സി നേതൃസ്ഥാനത്തുള്ള യു.എ.ഇ, ന്യൂ പാര്‍ട്ണര്‍ഷിപ് ഓഫ് ആഫ്രിക്കാസ് ഡെവലപ്‌മെന്റ് നേതൃസ്ഥാനത്തുള്ള സെനഗല്‍ എന്നീ രാജ്യങ്ങളെയും അറബ് മോണിറ്ററി ഫണ്ട്, ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക്, ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡ്, ഐ.എല്‍.ഒ, ഐ.എം.എഫ്, ഒ.ഇ.സി.ഡി, ഐക്യരാഷ്ട്ര സഭ, ലോക ബാങ്ക് ഗ്രൂപ്പ്, ഡബ്ല്യൂ.എച്ച്.ഒ, ഡബ്ല്യൂ.ടി.ഒ എന്നീ സംഘടനകളെയും സഊദി അറേബ്യ ഉച്ചകോടിയിലേക്ക് ക്ഷണിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.