2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

വിദേശികളുടെ സ്ഥാനത്ത് സഊദിക്ക് മൂന്നാം സ്ഥാനം

 

അമേരിക്കയും റഷ്യയും ആദ്യ രണ്ടു സ്ഥാനങ്ങളില്‍, യു എ ഇ ആറാം സ്ഥാനത്ത്

 

റിയാദ്: ലോകത്ത് വിദേശികള്‍ കൂടുതലുള്ള മൂന്നാമത്തെ രാജ്യം സഊദി അറേബ്യ. ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ടിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശികളുള്ള രാജ്യങ്ങളെ കുറിച്ചു പ്രതിപാദിക്കുന്നത്. അമേരിക്കയും റഷ്യയുമാണ് വിദേശികള്‍ ഏറ്റവും കൂടുതലുള്ള ആദ്യ ഒന്നും രണ്ടും രാജ്യങ്ങള്‍. മൂന്നാം സ്ഥാനത്തുള്ള സഊദിയില്‍ 10.8 ദശലക്ഷം വിദേശികളാണുള്ളത്. അറബ് രാജ്യങ്ങളില്‍ യുഎഇ ആറാം സ്ഥാനത്താണ്. എട്ടു ദശലക്ഷം വിദേശികളാണ് യു എ ഇയില്‍ ഉള്ളത്.

ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ 48.2 ദശലക്ഷം വിദേശികളാണ് അധിവസിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള റഷ്യയില്‍ ഇത് 11.6 ദശലക്ഷമാണ്. രണ്ടും മൂന്നും സ്ഥാനങ്ങളെക്കാള്‍ നാല്‍പത് ദശലക്ഷത്തോളം അധികം വിദേശികളാണ് അമേരിക്കയിലുള്ളത്. നാലാം സ്ഥാനത്തുള്ള ജര്‍മനിയില്‍ 10.2 ദശലക്ഷവും അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടനില്‍ 8.4 ദശലക്ഷവും യു.എ.ഇയില്‍ എട്ട് ദശലക്ഷവും ഫ്രാന്‍സില്‍ 7.9 ദശലക്ഷവും കാനഡയില്‍ 7.6 ദശലക്ഷവും ഓസ്‌ട്രേലിയയില്‍ 6.7 ദശലക്ഷവും സ്‌പെയിനില്‍ 5.9 ദശലക്ഷവും വിദേശികളുണ്ട്.

സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം മൂന്നാം പാദം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവില്‍ രാജ്യത്ത് 1,06,66,475 വിദേശികളാണുള്ളത്. ഇക്കൂട്ടത്തില്‍ 80,89,976 പേര്‍ സ്വകാര്യ മേഖലയിലും 9,16,768 പേര്‍ പൊതുമേഖലയിലും ജോലി ചെയ്യുന്നു. 16,59,729 ഗാര്‍ഹിക തൊഴിലാളികളും രാജ്യത്തുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു വിദേശികളുടെ എണ്ണം സഊദിയില്‍ കുറഞ്ഞു വരുന്നുണ്ട്. ശക്തമായ സഊദി വല്‍ക്കരണവും കനത്ത സാമ്പത്തിക ചിലവും മൂലം വരും വര്‍ഷങ്ങളില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കൂടുതല്‍ കുറയുമെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.