2018 July 12 Thursday
ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌നം
- എ.പി.ജെ അബ്ദുല്‍ കലാം

സഊദി ഗസറ്റില്‍ വന്‍ പ്രാധാന്യത്തോടെ വിഖായ ഹജ്ജ് സേവന ടീം

പരിശീലനങ്ങള്‍ അവസാന ഘട്ടത്തില്‍

മക്ക:വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി പുണ്ണ്യ ഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യുന്ന എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ ‘വിഖായ’ യുടെ പ്രവര്‍ത്തന പരിശീലനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.

ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് സേവനമൊരുക്കാനുള്ള ‘വിഖായ ” വളണ്ടിയര്‍ സംഘത്തിന്റെ പ്രവര്‍ത്തന പരിപാടികള്‍ക്ക് സഊദിയുടെ വിവിധ പ്രവിശ്യകളിലാണ് നടക്കുന്നത്.

സഊദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍നിന്നുള്ള സമസ്തയുടെ പ്രവര്‍ത്തകരാണ് ഈ വര്‍ഷവും നിസ്വാര്‍ത്ഥ സേവന വീഥിയില്‍ അണിനിരക്കുക. ഹജ്ജ് സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന മിന, മുസ്തലിഫ, അറഫ, ജംറകളുടെപരിസരങ്ങള്‍, വിശുദ്ധ ഹറം പരിസരം തുടങ്ങി ഹജ്ജ് കര്‍മങ്ങളുടെ പ്രധാനകേന്ദ്രങ്ങള്‍ക്ക് കൂടാതെ , ജിദ്ദ ,മദീന എയര്‍പോര്‍ട്ട് ഹജ്ജ് ടെര്‍മിനലുകള്‍ ,കാല്‍ നടപ്പാതകള്‍, വാഹനങ്ങളുടെ പ്രത്യേക പാതകള്‍, മെട്രോ ട്രെയിന്‍സ്റ്റേഷനുകള്‍ , ഹാജിമാരുടെ താമസസ്ഥലങ്ങള്‍, ആതുര ശുശ്രൂഷ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇത്തവണ വിഖായ സന്നദ്ധസേവകരുടെ സേവനം ലഭ്യമാവും.

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക അംഗീകാരത്തോടെയാണ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുക. ഹജ്ജ് സേവന സംഘത്തെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിനായി ഹജ്ജ് സേവനരംഗത്ത് പരിജ്ഞാനമുള്ളവരുടെയും, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെയും, ആരോഗ്യ മേഖലയിലുള്ളപ്രഗല്‍ഭരുടെയും സാനിധ്യത്തില്‍പരിശീലന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

‘വിഖായ’ സന്നദ്ധ സേവന ഹജ്ജ് പ്രവര്‍ത്തനത്തെ കുറിച്ച് ‘സഊദി ഗസറ്റ്’ പത്രം വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. വെറും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിഖായക്ക് ലഭിച്ച അംഗീകാരമാണ് സഊദി പ്രാദേശിക പത്രത്തില്‍ വന്‍ പ്രാധാന്യത്തോടെയുള്ള വാര്‍ത്ത. വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന മറ്റു സന്നദ്ധ സേവന സംഘങ്ങള്‍ക്കൊപ്പം ഉയരുകയാണ് 2015 ല്‍ മക്കയില്‍ ഹജ്ജ് സേവന രംഗത്ത് പ്രവര്‍ത്തനമാരംഭിച്ച വിഖായ സേവന സംഘം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.