2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ നഴ്‌സ് ഉൾപ്പെടെ മൂന്ന് മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു

    റിയാദ്: സഊദിയിൽ കോവിഡ് വൈറസ് ബാധയേറ്റ്‌ നഴ്‌സ് ഉൾപ്പെടെ മൂന്ന് മലയാളികൾ കൂടി മരണപ്പെട്ടു. കിഴക്കൻ പ്രവിശ്യയിൽ രണ്ടു പേരും റിയാദിൽ ഒരാളുമാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ സഊദിയിൽ മാത്രം കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മലയാളികൾ 85 ആയി ഉയർന്നു. എറണാകുളം കോതമംഗലം സ്വദേശിനിയായ നഴ്‌സ് ആണ് കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ മരണപ്പെട്ടത്. കണ്ണൂർ സ്വദേശി ദമാമിലും റിയാദിൽ കൊല്ലം സ്വദേശിയുമാണ് മരണപ്പെട്ടത്.

    കോതമംഗലം കീരംപാറ സ്വദേശിനി തെക്കേക്കുടി വീട്ടിൽ ബിജി ജോസ് (52 )അൽ ഹസ്സ കിംഗ് ഫഹദ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. 25 വർഷമായി അൽ ഹസയിൽ നഴ്‌സ് ആയി ജോലി ചെയ്‌തു വരികയായിരുന്നു. ഭർത്താവ് ജോസ് (അൽ ഹസ). ഒരു മകനും ഒരു മകളും ഉണ്ട് . കടുത്ത ചുമയും ശ്വാസ തടസത്തെയും തുടർന്ന് മൂന്നാഴ്ച മുമ്പ് കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിച്ചിരുന്നു. പിന്നീട് ന്യമോണിയയെ തുടർന്ന് ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. മൃതദേഹം അൽ ഹസ കിംഗ് ഫഹദ് ആശുപത്രി മോച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

   ദമാമിൽ മരണപ്പെട്ട കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി കണ്ണോത്ത് പ്രേംരാജ് (55) മൂന്നാഴ്ച്ച മുമ്പാണ് 20 ദിവസം മുൻമ്പ് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. കൊവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിൻറെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു . ഭാര്യ ജസിത ടീച്ചർ, മക്കൾ സൗമ്യ , അജയ് രാജ്, അമൽ രാജ് . ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    റിയാദിൽ കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശി രാമചന്ദ്രന്‍ ആചാരി (63) കൊവിഡ് ചികിത്സയിൽ കഴിയവെയാണ് മരണപ്പെട്ടത്. കേളി കലാസാംസ്‌കാരിക വേദി സുലൈ വെസ്റ്റ് യൂണിറ്റ് അംഗമായിരുന്നു. 25 വര്‍ഷമായി റിയാദിലുണ്ട്. കൊവിഡ് ബാധിച്ച് അല്‍ജസീറ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാധാമണിയാണ് ഭാര്യ. സുനില്‍, ഷിനി മക്കളാണ്. അഭിലാഷാണ് മരുമകന്‍. അനന്തര നടപടിക്രങ്ങളുമായി കേളി ജീവകാരുണ്യവിഭാഗം രംഗത്തുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.