2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇന്നലെയും ഇന്നുമായി സഊദിയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് അഞ്ചു മലയാളികൾ

കോഴിക്കോട്, മലപ്പുറം, കൊല്ലം, തൃശൂർ സ്വദേശികളാണ് ദമാം, റിയാദ്, മക്ക എന്നിവിടങ്ങളിൽ മരണപ്പെട്ടത്

    റിയാദ്: സഊദിയിൽ കൊവിഡ് വൈറസ് ബാധയേറ്റു അഞ്ചു മലയാളികൾ കൂടി മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ മൂന്ന് പേരും റിയാദ്, മക്ക എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് ഇന്നലെയും ഇന്നുമായി മരണപ്പെട്ടത്. കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്ങല്‍ മുഹമ്മദ് ഷൈജല്‍ (34) ആണ് റിയാദിൽ മരണപ്പെട്ടത്. സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ ചികിത്സയിലായിൽ കഴിയവെയാണ് മരണം. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടാഴ്ച മുമ്പ് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് സുലൈമാന്‍ ഹബീബ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: സുബൈദ. ഭാര്യ: ബിന്‍സി. ഒരു മകനുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, നജീബ് നെല്ലാങ്കണ്ടി, അഷ്‌റഫ് വെള്ളപ്പാടം, റിയാസ് ചോലയില്‍ എന്നിവര്‍ രംഗത്തുണ്ട്.

   മക്കയിലാണ് മലപ്പുറം ജില്ലയിലേ പന്തല്ലൂർ മുടിക്കോട് സ്വദേശി മരണപ്പെട്ടത്. മുടിക്കോട് മദാരി പുതുവീട്ടിൽ അബ്ദുൽ കരീം (60) ആണ് മക്കയിലെ നൂർ ഹോസ്പിറ്റലിൽ മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു മരണം. 15 ദിവസത്തോളമായി നൂർ ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് ജസീൽ, നൂർബാനു, സഫീദ, നവാഫ്. കെ.എം.സി.സി മക്ക ജനറൽ സെക്രട്ടറി മുജീബ് പുക്കോട്ടൂറിന്റെ നേതൃത്വത്തിൽ മറ്റു നടപടികൾ പൂർത്തിയായി വരികയാണ്.

   കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശി ആർദ്രം വീട്ടിൽ സുനിൽ കുമാർ പുരുഷോത്തമൻ (43), തൃശ്ശൂര്‍ ഇഞ്ചമുടി സ്വദേശി കരീപ്പറമ്പില്‍ വീട്ടില്‍ മോഹനദാസന്‍ 67 വയസ്സ്, മലപ്പുറം പൊന്നാനി പാലപ്പുറം സ്വദേശി കുളപുറത്തിങ്കല്‍ വീട്ടില്‍ സത്യാനന്തന്‍ 61 വയസ്സ് എന്നിവരാണ് ദമാമിൽ മരണപ്പെട്ടത്. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ പത്തു ദിവസം മുമ്പാണ് സുനിൽ കുമാർ പുരുഷോത്തമൻ ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. നാല് ദിവസം മുമ്പ് ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സ്ഥിരീകരിച്ചത്. ഭാര്യ പ്രതിഭ, മക്കൾ ആദർശ്, ആദിത്യ. മറ്റു രണ്ടു പേരും കൊവിഡ് രോഗലക്ഷണങ്ങളോടെ ദമാമിൽ ചികില്‍സയില്‍ കഴിയവെയാണ് മരണപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.