2017 November 09 Thursday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

സഖ്യ സേന യമനില്‍ ആക്രമണം ശക്തമാക്കി: നേതാക്കളടക്കം 70 ഹൂതികള്‍ കൊല്ലപ്പെട്ടു

ചെങ്കടല്‍ പാതക്ക് ഹൂതികളുടെ ഭീഷണി
റിയാദ് ആക്രമണം യമനിലെ സഊദി കൈകടത്തലിനെ തുടര്‍ന്നെന്ന് ഇറാന്‍

സലാം കൂടരഞ്ഞി

 

റിയാദ്: യമനിലെ വിമത വിഭാഗമായ ഹൂതികളെ ലക്ഷ്യമാക്കിയുള്ള ആക്രമണം അറബ് സഖ്യ സേന ശക്തമാക്കി. സഊദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കിയുള്ള മിസൈല്‍ ആക്രമണത്തെ തുടര്‍ന്നാണ് ശക്തമായ ആക്രമങ്ങളുമായി അറബ് സഖ്യ സേന രംഗത്തെത്തിയത്. ശനിയാഴ്ച അര്‍ധ രാത്രി മുതല്‍ ഹൂതി നേതാക്കളെയും കേന്ദ്രങ്ങളെയും ലക്ഷ്യമാക്കിയുള്ള ആക്രമങ്ങള്‍ തുടങ്ങിയിരുന്നു.

ചൊവ്വാഴ്ച മാത്രം നടത്തിയ ആക്രമണങ്ങളില്‍ ഹൂതി നേതാക്കളടക്കം അന്‍പതിലധികം വിമതരെ കൊലപ്പെടുത്തിയതായി സഖ്യ സേന വ്യക്തമാക്കി. ഹജ്ജ പ്രവിശ്യയില്‍ പന്ത്രണ്ടിലധികം വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഹൂതി സൈനിക ക്യാമ്പ് ലക്ഷ്യമാക്കിയായിരുന്നു ആക്രമണങ്ങള്‍.

തെക്കന്‍ സന്‍ആയിലെ അല്‍ ദല്‍മി ബേസിലും വ്യോമാക്രമണം നടത്തി. ഇവിടെ ഹറാനില്‍ നടത്തിയ ആക്രമണത്തില്‍ പതിനേഴിലധികം ഹൂതി വിമതരാണ് കൊല്ലപ്പെട്ടത്. വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായുള്ള ആക്രമണങ്ങളില്‍ നിരവധി നേതാക്കളും സൈനിക കമാണ്ടര്‍മാരും കൊല്ലപ്പെട്ടവരില്‍ പെടും.

അതേസമയം, സഊദിക്ക് മറുപടിയായി ഹൂതികള്‍ രംഗത്തെത്തിയിട്ടുണ്ട്. ചെങ്കടലില്‍ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം തടയുമെന്നും ഇതിലൂടെ പോകുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തുമെന്നും ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാം മുന്നറിയിപ്പ് നല്‍കി. യമനിലേക്ക് പോകുന്ന കപ്പലുകള്‍ക്ക് നല്‍കി വരുന്ന ലൈസന്‍സ് നിര്‍ത്തി വെച്ചതായും യമനിലെ ചെങ്കടല്‍ തീരത്തെ തുറമുഖങ്ങളില്‍ നങ്കൂരമിട്ട മുഴുവന്‍ കപ്പലുകളും തിരിച്ചു പോകണമെന്നും യു.എന്‍ ഏജന്‍സി ആവശ്യപ്പെട്ടു.

അതേസമയം, റിയാദ് വിമാനത്താവള ആക്രമണ ലക്ഷ്യത്തെ ന്യായീകരിച്ച് ഇറാന്‍ രംഗത്തെത്തി.സഊദി നിലപാടിനെതിരെയുള്ള പ്രതിരോധമാണ് ഹൂതികള്‍ നടത്തിയതെന്നും യമനിലെ സഊദി നടപടികള്‍ തുടരുന്നതിലുള്ള പ്രതികാരമാണിതെന്നും ഇറാന്‍ പ്രസിഡന്റ് റൂഹാനി പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും ഇറാന്‍ നടപടി യുദ്ധ കുറ്റമാണെന്നും ആരോപിച്ച് സഊദി കിരീടാവകാശി കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ഇതിനു മറുപടിയായാണ് ഇറാന്‍ പ്രസിഡന്റ് രംഗത്തെത്തിയത്.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.