2017 December 09 Saturday
പെണ്‍കുട്ടിയോട് നീതി കാണിക്കുന്നവര്‍ സ്വര്‍ഗാവകാശിയാണ്
-മുഹമ്മദ് നബി (സ)

ലബനോനിലുള്ള പൗരന്മാര്‍ ഉടന്‍ മടങ്ങണമെന്ന് സഊദി

 

റിയാദ്: ലബനോനിലുള്ള പൗരന്മാരോട് സ്വദേശത്തേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് സഊദി അറേബ്യ. ലബനോനിലേക്ക് സഊദി പൗരന്മാര്‍ സഞ്ചരിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സഊദി വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റു സ്ഥലങ്ങളില്‍ നിന്ന് ലബനോനിലേക്ക് സഊദികള്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ലബനോനില്‍ താമസിക്കുന്നവരും യാത്രയിലുള്ളവരും കഴിയുന്നതും വേഗം സഊദിയിലേക്കു മടങ്ങണമെന്നും മുന്നറിയിപ്പു നല്‍കി.

ലബനോന്‍ പ്രധാനമന്ത്രി രാജിവയ്ക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലയുകയും ചെയ്ത സാഹചര്യത്തിലാണ് സഊദിയുടെ നിര്‍ദേശം.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ലബനോന്‍ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി തന്റെ രാജി പ്രഖ്യാപനം നടത്തിയത്. സഊദിയുടെ അടുപ്പമുള്ള ഹരീരി തന്റെ സഊദി സന്ദര്‍ശന വേളയില്‍ റിയാദില്‍ വച്ചാണ് രാജി പ്രഖ്യാപനം നടത്തിയത്. ലബനോനോലെ തീവ്ര വിഭാഗക്കാരായ ഹിസ്ബുള്ള തന്റെ മരണം ആഗ്രഹിക്കുന്നുവെന്നും ഇതിനായി പ്രവര്‍ത്തിക്കുന്നവെന്നും ഹരീരി കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ രാജ്യത്ത് തിരിച്ചെത്തി തന്നെ നേരിട്ട് കാണാതെ അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം സ്വീകരിക്കുകയില്ലെന്ന നിലപാടിലാണ് ലബനീസ് പ്രസിഡന്റ് മൈക്കല്‍ റൗന്‍ വ്യക്തമാക്കിയത്. ഇറാനാണ് ഹിസ്ബുല്ലക്കും ലബനോനിലെ മറ്റു തീവ്രവാദ ഗ്രൂപ്പുകള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതെന്ന ആരോപണം സഊദി ഏറെക്കാലമായി ആരോപിക്കുന്നുണ്ട്.

അതേസമയം, ലബനോന്‍ പ്രശ്‌നം മേഖലയില്‍ കരിനിഴല്‍ വീഴ്ത്തിയതായി നിരീക്ഷകര്‍ വിലയിരുന്നുണ്ട്. ഇറാനുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ പ്രശ്‌നം മറ്റു പല മേഖലകളിലേക്കും വ്യാപിക്കുമെന്ന ആശങ്കയും നില നില്‍ക്കുന്നുണ്ട്. രാജിക്ക് പിന്നാലെ സഊദി ഭരണാധികാരികളുമായിഹരീരി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ, പടിഞ്ഞാറന്‍ രാഷ്ട്രങ്ങളായ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍, ബ്രിട്ടന്‍, യു.എസ്, ഫ്രാന്‍സ്, എന്നീ രാജ്യങ്ങളിലെ അംബാസിഡര്‍മാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.