2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

സര്‍ക്കാര്‍ വീണ്ടും തോറ്റു

മെഡി. വിദ്യാഭ്യാസം അഴിമതിയില്‍
മുങ്ങി: സുപ്രിംകോടതി

ന്യൂഡല്‍ഹി: കേരളാ സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് തള്ളി ജഡ്ജിമാരായ അരുണ്‍മിശ്രയും എസ്. അബ്ദുല്‍ നസീറും പുറപ്പെടുവിച്ച ഉത്തരവില്‍ സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ രൂക്ഷമായാണ് ഇരുവരും വിമര്‍ശിച്ചത്.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും വിദ്യാഭ്യാസം കച്ചവടമായി മാറിയെന്നും കോടതി കുറ്റപ്പെടുത്തി. മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ തലവരിപ്പണം യാഥാര്‍ഥ്യമാണ്. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ട മെഡിക്കല്‍ കൗണ്‍സിലും കുത്തഴിഞ്ഞ നിലയിലാണ്. ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല.
ഇത്തരം ഘട്ടങ്ങളില്‍ കോടതി പോലും നിസ്സഹായമായിപ്പോവുകയാണ്. സ്വാശ്രയ കോളജുകളില്‍ തലവരിപ്പണം വാങ്ങുന്നിന് അറുതിയില്ല.
തലവരിപ്പണം എന്നത് ഒരു സംവിധാനത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയാറാണെങ്കിലും പാവപ്പെട്ടവര്‍ക്ക് അവ ലഭിക്കുന്നില്ലെന്നും അഴിമതിയില്‍ മുങ്ങിയ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിന്റെ പോക്ക് എങ്ങോട്ടാകുമെന്ന് അറിയില്ലെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.

 

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടുംതിരിച്ചടി. കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളജ് ഓര്‍ഡിനന്‍സ് സുപ്രിംകോടതി റദ്ദാക്കി. 

കോളജുകളില്‍ 2016- 17 അധ്യയന വര്‍ഷം പഠനമാരംഭിച്ച 180 വിദ്യാര്‍ഥികളുടെ പ്രവേശനം സാധുവാക്കാനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും എസ്. അബ്ദുല്‍ നസീറും അടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ച് റദ്ദാക്കിയത്. കേരളാ സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധവും കോടതികളുടെ അധികാരത്തില്‍ കൈകടത്തുന്നതുമാണെന്നും നിരീക്ഷിച്ചാണ് സുപ്രിംകോടതിയുടെ സുപ്രധാന നടപടി.
കോടതി വിധികളെ മറികടക്കാന്‍ നടപടിക്രമങ്ങളില്‍ അട്ടിമറി നടത്തിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും ജുഡീഷ്യറിയുടെ അധികാരത്തിലും പ്രവര്‍ത്തനങ്ങളിലുമുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമാണിതെന്നും കോടതി നിരീക്ഷിച്ചു. എം.സി.ഐയുടെ ഹരജി ഫയലില്‍ സ്വീകരിച്ച ഇതേ ബെഞ്ച് ഏപ്രിലില്‍ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്തിരുന്നു.
വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ചാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന സര്‍ക്കാര്‍ വാദം തള്ളിയ കോടതി, വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഇന്നലെ നിലപാട് വ്യക്തമാക്കിയില്ല. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കാമെന്ന് കോടതി അറിയിച്ചു. വിദ്യാര്‍ഥി പ്രവേശനം ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കീഴില്‍ നടത്തുന്ന കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ 2016- 17 വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനം നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇതുസംബന്ധിച്ച മേല്‍നോട്ട സമിതി റദ്ദാക്കിയിരുന്നു. സമിതിയുടെ നടപടിക്കെതിരേ കോളജ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയ ഹൈക്കോടതി, രണ്ടു കോളജുകള്‍ക്കും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ഇതോടെ മാനേജ്‌മെന്റ് സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍, പ്രവേശനം റദ്ദാക്കിയ ഹൈക്കോടതിവിധി സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നല്‍കിയ പുനഃപരിശോധനാ ഹരജിയും തള്ളി.
ഇതിനു ശേഷമാണ് ഇരു കോളജുകളിലേയും പ്രവേശനം റദ്ദാക്കിയ കോടതിവിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ‘കേരള പ്രൊഫഷനല്‍ കോളജസ് (മെഡിക്കല്‍ കോളജുകളിലെ പ്രവേശനം ക്രമപ്പെടുത്തല്‍) ഓര്‍ഡിനന്‍സ് 2017’ എന്ന പേരിലാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ പി. സദാശിവം വിസമ്മതിച്ചു.
ഓര്‍ഡിനന്‍സിന് പിന്നാലെ അതിനെ പിന്തുണക്കുന്ന ബില്ല് പ്രതിപക്ഷത്തിന്റെ കൂടെ പിന്തുണയോടെ നിയമസഭ പാസാക്കി. എന്നാല്‍, ഏപ്രിലില്‍ ഓര്‍ഡിനന്‍സ് സുപ്രിംകോടതി സ്റ്റേ ചെയ്യുകയും ചട്ടവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ഥികളെ പുറത്താക്കുകയും ചെയ്തു. ഇതോടെ നിയമസഭ പാസാക്കിയ ബില്ലില്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ ഉപേക്ഷിക്കുകയായിരുന്നു.
അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് തൊടുപുഴ, ഡി.എം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പി.കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വാണിയംകുളം, പാലക്കാട്, എസ്.ആര്‍ മെഡിക്കല്‍ കോളജ് വര്‍ക്കല എന്നിവയിലെ പ്രവേശന നടപടികള്‍ സുപ്രിംകോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു.
ഈ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉടനടി പരിശോധിച്ചുകൂടേയെന്ന് ഇന്നലെ കോടതി ചോദിച്ചെങ്കിലും എം.സി.ഐ ഇതിനെ എതിര്‍ത്തു. എം.സി.ഐയുടെ പ്രവര്‍ത്തനത്തില്‍ പിഴവുകള്‍ ഉണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ ചില കരിങ്കാലികളുണ്ട്. അവര്‍ ആരെന്ന് വ്യക്തമായി അറിയാം. എന്നാല്‍ അത് ഇപ്പോള്‍ വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം വാക്കാല്‍ പറഞ്ഞു. തുടര്‍ന്ന് ഈ കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.