2018 October 17 Wednesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

Editorial

സംഘ്പരിവാറിന്റെ ആശ്രിതനല്ല ഇന്ത്യയുടെ രാഷ്ട്രപതി


ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തില്‍ ഏറെ വര്‍ണപ്പകിട്ടോടെ നടക്കാറുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ വേദി ഇത്തവണ വിവാദത്തിന്റെ കരിനിഴലിലായതിന് ഉത്തരവാദികള്‍ കേന്ദ്ര ഭരണകൂടം തന്നെയാണ്. അവാര്‍ഡ് വിതരണത്തില്‍ നാളിതുവരെ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ ദുരൂഹത നിറഞ്ഞ ഒരു പരിഷ്‌കാരം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതു മൂലമാണ് ഇത്തവണത്തെ അവാര്‍ഡ്ദാനച്ചടങ്ങിന്റെ പ്രഭ മങ്ങിയത്. 120ഓളം വരുന്ന അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്കു മാത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദും മറ്റുള്ളവര്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും അവാര്‍ഡ് നല്‍കുമെന്ന തീരുമാനമാണ് ചടങ്ങിനെ വിവാദത്തില്‍ മുക്കിയത്.
സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് അവാര്‍ഡ് ജേതാക്കളില്‍ പകുതിയിലധികം പേര്‍ ചടങ്ങു ബഹിഷ്‌കരിച്ചതോടെ 65ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനം വന്‍ വിവാദത്തിനിടയാക്കുകയും ചടങ്ങിന്റെ നിറംകെട്ടുപോകുകയുമാണുണ്ടായത്. മലയാളത്തിന് ഏറെ പുരസ്‌കാരങ്ങള്‍ ലഭിച്ച വര്‍ഷം കൂടിയാണിത്. കഴിഞ്ഞ 64 വര്‍ഷമായി പിന്തുടര്‍ന്നു പോരുന്ന രീതി മാറ്റിയതില്‍ പ്രതിഷേധിച്ച് ചടങ്ങു ബഹിഷ്‌കരിച്ചവരില്‍ അവാര്‍ഡ് ജേതാക്കളായ മലയാളികളില്‍ രണ്ടുപേരൊഴികെയുള്ളവരെല്ലാം ഉണ്ടായിരുന്നു. ഗായകന്‍ യേശുദാസും സംവിധായകന്‍ ജയരാജുമാണ് അവാര്‍ഡ് വാങ്ങിയത്. പഴയ രീതിയില്‍ മാറ്റം വരുത്തിയതില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനു നല്‍കിയ നിവേദനത്തില്‍ ആദ്യം ഇവരും ഒപ്പുവച്ചിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ അവാര്‍ഡ് ബഹിഷ്‌കരിക്കുന്നതു ശരിയല്ലെന്ന നിലപാടിലേക്കു മാറി അവാര്‍ഡ് സ്വീകരിക്കുകയായിരുന്നു.
രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങുന്നത് എന്നതാണ് ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ഏറ്റവും വലിയ മഹിമയായി കണക്കാക്കപ്പെടുന്നത്. അതു പ്രതീക്ഷിച്ച് അവിടെയെത്തിയ ചലച്ചിത്ര രംഗത്തെ പ്രതിഭകളോട് നിങ്ങള്‍ക്കു മന്ത്രിയായിരിക്കും അവാര്‍ഡ് നല്‍കുക എന്നു പറയുന്നത് അവര്‍ക്ക് അപമാനകരമായി അനുഭവപ്പെട്ടതിനെ കുറ്റപ്പെടുത്താനാവില്ല. അല്ലെങ്കില്‍ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ തന്നെ അതു വ്യക്തമാക്കേണ്ടിയിരുന്നു. അതൊന്നുമില്ലാതെ അവസാന നിമിഷത്തിലാണ് ചില നിഗൂഢ ചരടുവലികളിലൂടെ ചടങ്ങില്‍ മാറ്റം വരുത്തിയത്. അതിനു തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കേന്ദ്രത്തിനായിട്ടില്ല. രാഷ്ട്രപതി ഒരു മണിക്കൂറിലധികം ഒരു ചടങ്ങില്‍ നില്‍ക്കാറില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അതിനു പറയുന്ന ന്യായം. അങ്ങനെയാണെങ്കില്‍ കഴിഞ്ഞ 64 വര്‍ഷക്കാലം രാഷ്ട്രപതിമാരായി ഇരുന്നവര്‍ എങ്ങനെ വേദിയില്‍ നിന്ന് എല്ലാ അവാര്‍ഡുകളും വിതരണം ചെയ്തു എന്ന ചോദ്യത്തിന് കേ ന്ദ്ര ഭരണകര്‍ത്താക്കള്‍ ഉത്തരം നല്‍കേണ്ടതുണ്ട്. ഇനി അതല്ല, രാംനാഥ് കോവിന്ദ് അങ്ങനെ നില്‍ക്കാറില്ലെന്നാണോ പറയുന്നതെന്നും കേന്ദ്രം വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ ഔദ്യോഗിക ചുമതല നേരാംവണ്ണം നിര്‍വഹിക്കാന്‍ കെല്‍പ്പില്ലാത്തയാള്‍ എന്തിനു രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാനിറങ്ങി എന്ന ചോദ്യത്തിന് രാംനാഥ് കോവിന്ദ് തന്നെ ഉത്തരം പറയേണ്ടി വരും.
വെറുമൊരു അവാര്‍ഡ് ദാന വിവാദത്തിനപ്പുറം രാഷ്ട്രപതി എന്ന സമാദരണീയ പദവിയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും ഈ സംഭവം ഉയര്‍ത്തുന്നുണ്ട്. ഈ തീരുമാനത്തിന്റെ ഉറവിടം കേന്ദ്ര ഭരണത്തെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണെന്നു വ്യക്തമാണ്. കേന്ദ്രം പറയുന്ന ന്യായത്തിനപ്പുറം സംഘ്പരിവാറിന്റെ ചില ഗൂഢ നീക്കങ്ങള്‍ ഇതിനു പിന്നിലുണ്ട്. സാംസ്‌കാരിക സ്ഥാപനങ്ങളിലടക്കം സംഘ്പരിവാറിന്റെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുകയെന്ന വിലകുറഞ്ഞ തന്ത്രം ഇതിനു പിന്നിലുള്ളതായി സംശയിക്കുന്നതില്‍ തെറ്റില്ല. ഇതൊരു ബി.ജെ.പി സര്‍ക്കാര്‍ വിലാസം പരിപാടിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രപതി നിര്‍വഹിക്കേണ്ട ചുമതലയില്‍ മന്ത്രിയെ പങ്കുചേര്‍ത്തതെന്നു വേണം കരുതാന്‍. അതുവഴി രാഷ്ട്രീയ മുതലെടുപ്പും ലക്ഷ്യമിട്ടിരിക്കാം.
അതിലേറെ ഗുരുതരമായ ഒരു ആരോപണവും ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. രാംനാഥ് കോവിന്ദ് ദലിത് സമുദായക്കാരനാണ്. രാജ്യമാകെ വാര്‍ത്താപ്രാധാന്യം നേടുന്ന ഒരു ചടങ്ങില്‍ മുഴുസമയം രാഷ്ട്രപതിയെങ്കിലും ഒരു ദലിതന്‍ മാത്രം വിലസേണ്ടതില്ലെന്ന നികൃഷ്ടമായ സവര്‍ണ ഫാസിസ്റ്റ് ചിന്ത ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി ചിലരെങ്കിലും സംശയിക്കുന്നു. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ രാഷ്ട്ര താല്‍പര്യത്തിനു വിരുദ്ധമായ നടപടിയാണത്.
കാരണമെന്തായാലും സംഘ്പരിവാര്‍ രാഷ്ട്രീയം സ്വന്തം താല്‍പര്യങ്ങള്‍ക്കായി അധികാരമുപയോഗിച്ച് രാഷ്ട്രപതിയെ ഉപകരണമാക്കുന്നു എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. തികച്ചും ഭരണഘടനാവിരുദ്ധമായ നടപടിയാണിത്. ഭരിക്കുന്ന കക്ഷിയുടെ ഇഷ്ടാനുസരണം ഉപയോഗിക്കാവുന്ന ആശ്രിതനല്ല ഇന്ത്യയുടെ രാഷ്ട്രപതി. അവിടെ ഇരിക്കുന്നത് ആരായാലും രാഷ്ട്രാഭിമാനത്തിന്റെ പ്രതീകമാണ് ആ പദവി. അതിനെ അവഹേളിച്ചുകൊണ്ട് രാഷ്ട്രാഭിമാനത്തെ തന്നെ വെല്ലുവിളിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.