2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

താജ്മഹലിനെതിരേയുള്ള സംഗീത് സോമിന്റെ പരാമര്‍ശം: ബി.ജെ.പി കാംപയിന്റെ ഭാഗം?

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അടുത്ത മാസം അതിപ്രധാനമായ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കേ സംഗീത് സോമിന്റെ പരാമര്‍ശം നേരത്തേ പരീക്ഷിച്ച് വിജയിച്ച അടവുനയത്തിന്റെ ഭാഗമോ? ഇതാദ്യമായിട്ടല്ല ബി.ജെ.പി എം.എല്‍.എ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ധ്രുവീകരണ പരാമര്‍ശങ്ങള്‍ നടത്തുന്നത്.

2014ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ലൗജിഹാദിനെതിരേ സംഗമം നടത്തുകയും ഈ തെരെഞ്ഞെടുപ്പ് ഹിന്ദുക്കളും പാക്കിസ്ഥാനികളും തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പറയുകയും മുസാഫര്‍നഗറില്‍ നടന്ന വര്‍ഗ്ഗീയ അക്രമങ്ങളുടെ വീഡിയോ ക്ലിപ്പുകളടങ്ങിയ സി.ഡി വിതരണം ചെയ്യുകയും ചെയ്തിരുന്നു.

സോമിന്റെ പരാമര്‍ശങ്ങള്‍ക്ക് ബി.ജെ.പി നേതാക്കള്‍ പരസ്യപിന്തുണ അറിയിച്ചിട്ടില്ലെങ്കിലും സ്മാരകത്തെ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച യു.പി മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് പിന്തുണ നല്‍കി എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് സോം ചെയ്തിരിക്കുന്നത്. എന്നാല്‍ സോമിന്റെ പരാമര്‍ശത്തിന് പിന്നാലെ താജ്മഹലിനെ മോശമായി ചിത്രീകരിക്കാനാവില്ലെന്നും ഭാരതമക്കളാണ് ആ സ്മാരകം നിര്‍മ്മിച്ചിരിക്കുന്നതെന്നും പറഞ്ഞ് യോഗി നിലപാട് മാറ്റിയിരുന്നു.

തര്‍ക്കങ്ങള്‍ക്കിടെ ഈ ഒക്ടോബര്‍ 26ന് യോഗി താജ്മഹല്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
താജ്മഹലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന വിവാദങ്ങളും സരയൂ നദീതീരത്ത് 100 മീറ്റര്‍ നീളത്തില്‍ റാം പ്രതിമ സ്ഥാപിക്കുന്നതുമാണ് ഈ ദീപാവലി സമയത്തെ ചര്‍ച്ചാവിഷയങ്ങള്‍. ഇവ അടുത്ത് നടക്കാനിരിക്കുന്ന നഗരസഭാ തെരെഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായിട്ടുള്ള കാംപയിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിരിക്കുന്നു.

പലകാരണങ്ങള്‍ കൊണ്ടും വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് യു.പി സര്‍ക്കാറിന് നിര്‍ണായകമാണ്.
ഒന്നാമതായി ഉത്തര്‍പ്രദേശിലെ നഗരസഭാ തെരെഞ്ഞെടുപ്പിനോടൊപ്പം തന്നെയാണ് ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരു ഭാഗത്ത് ഉയര്‍ന്നു വരുന്ന മനോവൈകാരികത മറ്റു ഭാഗങ്ങളെയും കൂടി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

രണ്ടാമതായി ഉത്തര്‍പ്രദേശിലെ ഗൊരഖ്പുര്‍, ഫുല്‍പുര്‍ എന്നീ രണ്ട് ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കൂടി വരാനിരിക്കുകയാണ്. ഇതിലൊന്ന് മുഖ്യമന്ത്രി യോഗിയുടെ പാര്‍ലമെന്റ് മണ്ഡലവും മറ്റൊന്ന് ഉപമുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലവുമാണ്. അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ വിജയം തീര്‍ത്തും അനിവാര്യമാണ്.

മൂന്നാമതായി യു.പിയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം എട്ട് മാസം കഴിഞ്ഞ് നടക്കുന്ന തെരെഞ്ഞെടുപ്പാണ് നഗരസഭകളിലേത്. ഇത് തീര്‍ച്ചയായും എത്രമാത്രം ജനപിന്തുണ യോഗിയുടെ ഈ സര്‍ക്കാറിനുണ്ടെന്ന് പരീക്ഷിക്കുന്ന വേദി കൂടിയായിരിക്കും.
മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ അസാധുവാക്കിയതിന് പുറമെ ജി.എസ്.ടി കൂടി നടപ്പിലാക്കിയതിനും ജനങ്ങളുടെ പ്രതികരണം എങ്ങനെയാണെന്ന് കണ്ടറിയുകയും ചെയ്യാം.

ബി.ജെ.പിക്ക് 2019ല്‍ നടക്കുന്ന പൊതുതെരെഞ്ഞെടുപ്പിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള അവസരം കൂടിയാണിത്.
എല്ലാ പാര്‍ട്ടികളെ സംബന്ധിച്ചും അതിപ്രധാനമാണ് ഈ നഗരസഭാ തെരെഞ്ഞെടുപ്പ്. കോണ്‍ഗ്രസ് പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ വമ്പന്‍ജയം നേടിയതിന് പിന്നാലെ ഈ ഉപതെരെഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ എസ്.പിയും ബി.എസ്.പിയും സംസ്ഥാന തെരെഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തില്‍ നിന്നും തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്.

ബി.ജെ.പിയാണെങ്കില്‍ ഗുരുദാസ്പൂര്‍, വേങ്ങര എന്നിവിടങ്ങളില്‍ നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ ഏറ്റുവാങ്ങിയ നാണക്കേടുകള്‍ക്ക് പുറമെ രാജ്യത്തെ പല പ്രമുഖ യൂണിവേഴ്‌സിറ്റി കാമ്പസ് തെരെഞ്ഞെടുപ്പുകളിലും അവരുടെ വിദ്യാര്‍ത്ഥി സംഘടനയടക്കം പ്രതിരോധത്തിലാണ്. കൂടാതെ കഴിഞ്ഞ പ്രാവശ്യം 16ല്‍ 12 നഗരസഭാപ്രദേശങ്ങളും ബി.ജെ.പിയായിരുന്നു നേടിയിരുന്നത്.

അഭിമാനം കാക്കാന്‍ അവ നഷ്ടപ്പെടാതെ സൂക്ഷിക്കുക തന്നെ വേണം. അതിനായി തെരെഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കെ സംഗീത് സോമിന് പുറമെ മൗനം പാലിച്ച് കൊണ്ടിരിക്കുന്ന വിദ്വേഷപ്രസംഗരില്‍ പലരും വായ തുറക്കുമെന്നാണ് കരുതുന്നത്. ധ്രുവീകരണ ലക്ഷ്യം വച്ച് കൊണ്ടുള്ള പരാമര്‍ശങ്ങള്‍ ബി.ജെ.പിക്ക് തെരെഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ അതിപ്രധാനമായ ഒന്നാണല്ലോ. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. ചരിത്രത്തെ മാറ്റി എഴുതുക എന്നതാണ് ഫാഷിസത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നെന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.