2019 December 14 Saturday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

സഞ്ചാരിയുടെ കാലുപതിഞ്ഞ ദേശങ്ങള്‍

ഫാറൂഖ് എടത്തറ

യുവ എഴുത്തുകാരന്‍ കെ.എം ശാഫിയുടെ ‘യാത്രികന്റെ ദേശങ്ങള്‍’ എന്ന പുസ്തകം യാത്രികരും യാത്രയെ ഇഷ്ടപ്പെടുന്നവരും വായിക്കേണ്ടണ്ടതാണ്. അനുഭവങ്ങളിലൂടെയുള്ള സഞ്ചാരമണു പുസ്തകത്തിലെ ഓരോ അധ്യായങ്ങളും. ചരിത്രവും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന മണ്ണും, മനസും തേടിയുള്ള യാത്രകള്‍.
പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍, ഹൃദയം മുറിക്കുന്ന വഴികളും ചേരികളും നഗരങ്ങളും. ഭാഷ, ദേശാതിര്‍ത്തികള്‍ക്കപ്പുറത്ത് മനുഷ്യന്‍ മനുഷ്യനായും ജീവികളായും ഭൂമിക്കുമേല്‍ പുളക്കുന്നുണ്ടെന്നന്നു തിരിച്ചറിയാന്‍ കൂടിയുള്ള യാത്രകളാണിതെന്ന് ഓരോ വരികളും നമ്മോടു പറയുന്നുണ്ട്. പ്രത്യേകിച്ചും ബോംബൈ എന്ന മഹാനഗരത്തിന്റെ ചരിത്രവും സംസ്‌കാരവുമറിഞ്ഞു കാമാത്തിപ്പുരയെന്ന തെരുവിലൂടെയുള്ള യാത്രാനുഭവം വായിച്ചപ്പോള്‍ ! വല്ലാത്ത ഭയവും നിരാശയും തോന്നി.
സത്യം പറഞ്ഞാല്‍ ഈ യാത്രാനുഭവം വായിച്ചതിനുശേഷം മനസില്‍ വല്ലാത്തൊരു വിങ്ങലായിരുന്നു. കാരണം മറ്റൊന്നുമല്ല. നമ്മുടെ കൂട്ടത്തിലുള്ള, അയല്‍നാട്ടിലുള്ള, നമ്മുടെ ദേശത്തുതന്നെയുള്ള സ്ത്രീകള്‍ തന്നെയല്ലേ അവരൊക്കെ എന്നോര്‍ത്തു. ഒരുപക്ഷേ, ദാരിദ്ര്യത്തില്‍നിന്നുള്ള മോചനം, അതുമല്ലെങ്കില്‍ പട്ടിണിയില്‍നിന്ന് എങ്ങനെയെങ്കിലും കരകയറുക ഇതൊക്കെയായിരിക്കാം ഇവരെ ഇത്തരം ഒരു ദുരവസ്ഥയിലേക്കെത്തിച്ചത്. ഈ കഥ ഒരുപാടു പേരോടു പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
വളരെ മികച്ച വായനാനുഭവം സമ്മാനിച്ച അധ്യായങ്ങളിലൊന്നാണ് അജ്മീറിന്റെ ആത്മീയാനുഭൂതി. സംഗീതവും സൂഫിസവും കൂടിച്ചേരുന്ന ആത്മീയലഹരിയുടെ ഔന്നത്യങ്ങളിലേക്കു വായനക്കാരനെ കൈപിടിച്ചുനടത്തും ഇതിലെ അക്ഷരങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ആധ്യാത്മികത.
അജ്മീര്‍യാത്രക്കിടയിലെ ഉത്തരേന്ത്യന്‍ കാഴ്ചകള്‍ അതിലേറെ നനവു പടര്‍ത്തുന്നതാണ്. ഒരുള്‍നനവോടെയല്ലാതെ അതു വായിക്കാനാവില്ല. ഗുണ്ടണ്ടല്‍പേട്ടിലെയും അട്ടപ്പാടിയിലെയും ചേരികളും ഊരുകളും താണ്ടിയുള്ള യാത്ര ഒരുപാടു ചിന്തകള്‍ നല്‍കുന്ന അനുഭവമായിരുന്നു. സര്‍ക്കാര്‍തലത്തിലും സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും വിധമുള്ള എഴുത്ത്. കണ്ണു നിറക്കുന്ന വായനാനുഭവങ്ങളായിരുന്നു പലതും. ഒരുപാടു ചിന്തകള്‍ക്ക് ഇടംനല്‍കുന്ന കുറിപ്പുകള്‍.
അജന്തയും എല്ലോറയും ദൗലത്താബാദ് കോട്ടയും അങ്ങനെ ചരിത്രവും ഐതിഹ്യവും പരന്നും പടര്‍ന്നും കിടക്കുന്ന ഇന്ത്യന്‍ കാഴ്ചകളുടെ മ്യൂസിയമാണ് ഈ പുസ്തകം. തീവണ്ടണ്ടിയാത്രയിലെ മനം കുളിരുന്ന, ചിലപ്പോള്‍ മനസ് വല്ലാതെ പിടക്കുന്ന കാഴ്ചകളുടെ ആത്മാവിഷ്‌കാരം വളരെ കൃത്യമായി അവതരിപ്പിച്ചു. എല്ലാ നഗരത്തിനുമുണ്ട് രണ്ടു മുഖങ്ങള്‍, ഒന്ന് ആധുനികതയുടെ പളപളപ്പില്‍ പൊങ്ങിനില്‍ക്കുന്ന വര്‍ണശബളിമയുടേത്.
മറ്റൊന്ന് രാജ്യത്തിന്റെ യഥാര്‍ഥ മുഖം. ദാരിദ്ര്യത്തിന്റെ ചുളിവുകള്‍ വീണുകിടക്കുന്ന പാതയോരങ്ങളില്‍ പട്ടിണിയുടെ മുറിപ്പാടു കലര്‍ന്ന ശരീരങ്ങള്‍ ജീവിതം തേടുകയാണ്, നമ്മെപ്പോലെ അങ്ങ് അകലങ്ങളിലേക്കല്ല ഇന്നത്തേക്കു മാത്രമെന്ന് ശാഫി എഴുതുമ്പോള്‍ എവിടെയോ ഹൃദയം മുറിഞ്ഞുനീറുന്നുണ്ട്.
അച്ചടിനഗരമായ ശിവകാശിയുടെ മനോഹാരിത വളരെ വ്യക്തമായി പറഞ്ഞു. മലേഷ്യയുടെ സൗന്ദര്യവുമാസ്വദിച്ചു തിരിച്ചുവന്ന ഒരനുഭൂതി സ്വന്തമാക്കാനും സാധിച്ചു. ചരിത്രത്തിലേക്കു കൂട്ടിക്കൊണ്ടണ്ടുപോകുന്ന മറ്റൊരു അധ്യായമായിരുന്നു മഹാബലിപുരത്തെ കുറിച്ചുള്ള കുറിപ്പ്.
അത്ഭുതം അതിരുകവിയുന്ന ശില്‍പക്കാഴ്ചകളുടെ പ്രവിശാലമായ മഹാബലിപുരത്തെ കുറിച്ച് അനുഭവങ്ങള്‍ക്കപ്പുറത്തുള്ള നിരീക്ഷണങ്ങള്‍ ചരിത്രം കടന്നുപോയ ഒരു തലമുറയോടുള്ള ആദരമുള്‍ച്ചേര്‍ന്നതാണ്. ആധുനിക നിര്‍മാണകലയോടു സംവദിക്കാന്‍ തിടുക്കംകൂട്ടുന്ന പൗരാണിക ശില്‍പവൈഭവം മനസിനെ ചിന്തകളുടെ ഹിമാലയം കയറ്റും. അത്യാധുനികയന്ത്രങ്ങളും ടെക്‌നോളജികളും കൂടെ സഞ്ചരിക്കുന്ന കാലത്ത് പോലും ഇത്തരം നിര്‍മാണങ്ങള്‍ കൗതുകം നിറക്കുന്നു.
എന്നാല്‍, യന്ത്രങ്ങളുടെ മുരള്‍ച്ചയില്ലാത്ത, സാങ്കേതികവിദ്യകളുടെ ചിറകുകളില്ലാത്ത അക്കാലത്ത് ആയിരങ്ങളായ മനുഷ്യരുടെ കഠിനാദ്ധ്വാനത്തിന്റെ, നിരന്തരമായ പരിശ്രമങ്ങളുടെ ഫലമാണിതെന്നറിയുമ്പോള്‍ വര്‍ത്തമാനം തോറ്റുപോവും ചരിത്രത്തിനുമുന്‍പില്‍. അരികെയുമകലേയുമായി നമ്മുടെ ചുറ്റുമുള്ള കുറേ ജീവിതങ്ങളും നിറമുള്ള കാഴ്ചകളും അതോടൊപ്പം ചിന്തകളുണര്‍ത്തേണ്ട കുറിപ്പുകളുമാണു യാത്രികന്റെ ദേശങ്ങള്‍ എന്ന ഈ പുസ്തകത്തിലുള്ളത്.
ഭാഷകൊണ്ടണ്ടും അവതരണം കൊണ്ടണ്ടും മികവ് പുലര്‍ത്തുന്നതോടൊപ്പം അനുവാചകരെ തന്റെ സഹയാത്രികരാക്കാനും ശാഫിക്കു സാധിച്ചിട്ടുണ്ട്. യാത്രകള്‍ അവസാനിക്കാറില്ല. പുതിയ കാഴ്ചകളും അനുഭവങ്ങളും തേടി തുടരുക തന്നെയാണ് ഈ പ്രയാണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News