2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സംസമും എണ്ണയും ഒഴുക്കിയ മണ്ണ്

സിദ്ദീഖ് നദ്‌വി ചേരൂര്‍

ഹജ്ജ് കേവലം ഒരു ആരാധനയെന്നതിലുപരി ഒരനുഭവമാണ്. ജീവിതം തിരുത്താനും തുലനം ചെയ്യാനും തിരിച്ചുവിടാനും പ്രചോദിപ്പിക്കുന്ന അനുഭവം. വിശ്വാസിയുടെ ഇന്നിനെ ഇന്നലെയുമായി കൂട്ടിയിണക്കുന്ന പ്രക്രിയ കൂടിയാണത്. വേരുകള്‍ ചികഞ്ഞുള്ള ഒരു സ്വത്വാന്വേഷണ യാത്രയുടെ പേര് കൂടിയാണ് ഹജ്ജ്. പരിസര സമ്മര്‍ദങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് സ്വന്തത്തെ പറിച്ചെടുത്തു വിശുദ്ധിയുടെ തീരം തേടി നടത്തുന്ന ഒരു പലായനത്തെ നമുക്ക് ഹജ്ജ് എന്ന് വിളിക്കാം.
ഇസ്‌ലാമിലെ ഇതര അനുഷ്ഠാന കര്‍മങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഹജ്ജ്. ഒരേ സമയം പ്രചോദനവും സമര്‍പ്പണവും പാഠവുമാകുന്ന പ്രക്രിയ. അതില്‍ ഒന്നാം പാഠം അവന്‍ ആരെന്ന് പഠിപ്പിക്കുകയാണ്. കടലിലെ ഒരു ജല ബിന്ദുവിന് താന്‍, വിശാലമായ മഹാസമുദ്രത്തിലെ അനേകകോടി ജലകണങ്ങളില്‍ ഒരു കണമാണെന്ന് ബോധ്യപ്പെടുമ്പോഴുണ്ടാകുന്ന ഉള്‍പുളകം പോലെ, ഏതോ രാജ്യത്തിന്റെ നാട്ടിന്‍ പുറത്ത് സ്വന്തം പരിധിക്കുള്ളില്‍, സ്വയം തീര്‍ത്ത പരിമിതികളില്‍ ഒറ്റപ്പെട്ടു കഴിയുന്ന മുസ്‌ലിം, താന്‍ ഈ പ്രപഞ്ചത്തിലെ അനേകകോടി വരുന്ന വിശ്വാസി സമൂഹത്തിലെ ഒരു കണ്ണിയാണെന്ന സത്യം തിരിച്ചറിയുന്ന വേളയാണത്. ആ സ്വത്വം കണ്ടെത്തല്‍, അവന്റെ ജീവിതത്തിന്റെ കരുത്തും കാഴ്ചപ്പാടുകളും മാറ്റിമറിക്കുക സ്വാഭാവികമാണല്ലോ.

കെട്ടി നില്‍ക്കുന്ന ജലം, കാലം പഴകുന്തോറും കെട്ടു പോവുകയാണല്ലോ. അത് പോലെയാണ് മനുഷ്യ മനസും. ഒരേ ചുറ്റുപാടില്‍ ഒറ്റപ്പെട്ടു കഴിയുമ്പോള്‍ അതിന്റെ ശോഭ കെട്ടു പോവുകയും കൂടുതല്‍ ഇരുളുകയും ഇടുങ്ങുകയും ചെയ്യും. ഒരു യാത്ര, അത് ഏത് തരം യാത്രയാണെങ്കിലും, അതിനെ പ്രചോദിപ്പിക്കുമെങ്കിലും പുണ്യവും പരിവര്‍ത്തനവും ദാഹിച്ചുള്ള ഒരു തീര്‍ത്ഥാടനം, ആ മനസിനെ വിമലീകരിക്കാനും വിപുലീകരിക്കാനും ഏറെ സഹായകമാകുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. ഹജ്ജിലെ രണ്ട് പാഠങ്ങള്‍, ഒന്ന് ഇന്നിലേക്കും മറ്റൊന്ന് ഇന്നലെയിലേക്കും നീളുകയാണ്. ഇന്നിന്റെ പാഠം, അവിടെ കൂടിയ ജനലക്ഷങ്ങളിലൂടെ വര്‍ത്തമാന മുസ്‌ലിം ലോകത്തിന്റെ പരിഛേദമാണല്ലോ, അവന്റെ മുന്നില്‍ വന്നു നില്‍ക്കുന്നത്. അതിലൂടെ അവന്‍, മുസ്‌ലിം ലോകത്തിന്റെ വര്‍ത്തമാനവുമായി നേരിട്ട് സംവദിക്കുകയാണ്. ആഗോള മതമെന്ന് കേട്ടറിഞ്ഞ സത്യത്തിന് ഇരുമിഴികളും സാക്ഷിയാകുന്ന അപൂര്‍വ നിമിഷം. മറ്റൊന്ന് ഹജ്ജുമായി ബന്ധപ്പെട്ട ഓരോ കര്‍മവും ചരിത്രത്തിന്റെ ഉണര്‍ത്തലുകളും പുനരാവര്‍ത്തനങ്ങളുമാണ്. തന്റെ പ്രപിതാമഹന്‍ ഇബ്‌റാഹീം നബി(അ) യുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളാണ് ഹജജിലൂടെ അനാവൃതമാകുന്നത്. ഓര്‍ക്കാനും അയവിറക്കാനും സാക്ഷ്യപ്പെടുത്താനും കിട്ടുന്ന അവസരങ്ങള്‍.

ഇബ്‌റാഹീം നബി(അ) നമുക്ക് അനേകായിരം നബിമാരില്‍ പെട്ട ഒരു നബി മാത്രമല്ല. അന്ത്യപ്രവാചകന്‍, അദ്ദേഹത്തിന്റെ വംശപരമ്പരയിലെ ഒരു കണ്ണിയാണെന്നത് മാത്രമല്ല; നമ്മെ അദ്ദേഹവുമായി അടുപ്പിക്കുന്നത്. മറിച്ച്, മുസ്‌ലിംകള്‍ക്ക് ഒരു സ്വത്വ നിര്‍മാണം നടത്തിയ ശില്‍പ്പി കൂടിയാണ് ഇബ്‌റാഹിം നബി(അ) . ഖുര്‍ആന്‍ പറയുന്നു ‘അദ്ദേഹമാണ് നിങ്ങള്‍ക്ക് മുസ്‌ലിംകള്‍ എന്ന നാമകരണം ചെയ്തത്.'(സൂറ: അല്‍ ഹജ്ജ്: 78) നമുക്ക് മേല്‍വിലാസം ഉണ്ടാക്കിത്തന്ന ആള്‍ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തി. ത്യാഗ ബോധവും സമര്‍പ്പണ ചിന്തയും വംശ വാല്‍സല്യവും മാത്രമല്ല; നാം ഇപ്പോഴും അഭംഗുരം കൊണ്ട് നടക്കുന്ന ആചാരങ്ങളില്‍ പലതും ‘ഇബ്‌റാഹീമീ ടച്ച് ‘ ഉള്ളവയാണ്. അദ്ദേഹത്തിന്റെ അസാമാന്യ വ്യക്തിവിശേഷങ്ങള്‍ വിശദീകരിച്ച ശേഷം ഖുര്‍ആന്‍ ചോദിക്കുന്നു ‘ഇബ്‌റാഹീമീ പാതയോട് മുഖം തിരിഞ്ഞു നില്‍ക്കാന്‍ മൂഢന്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്ക് കഴിയും?’ (അല്‍ബഖറ: 130)
സംഭവബഹുലമായിരുന്നു, ഇബ്‌റാഹീം നബിയുടെ ജീവിതം. നിര്‍ണായകമായ ഒട്ടേറെ കയറ്റിറക്കങ്ങളിലൂടെയാണ് ആ ജീവിത നദി ഒഴുകിയത്. വലിയ കൊടുങ്കാറ്റുകളും കോളിളക്കങ്ങളും കണ്ട നദി. ഒന്നിലും ആടിയുലയാതെ, തലയെടുപ്പോടെ നില്‍ക്കുന്ന ആ അപൂര്‍വ വ്യക്തിത്വത്തെ ചരിത്രം അതിന്റെ പൂര്‍ണ ശോഭയോടെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയാണെന്നും ആ ദൈവത്തിന്റെ ഹിതത്തിനും ഇംഗിതത്തിനും മുന്നില്‍ എല്ലാം സമര്‍പ്പിക്കുന്നതിലൂടെയാണ് അവന്റെ യാത്ര സഫലമാകുന്നതെന്നും ആ ജീവിതം നമ്മോട് വിളിച്ചു പറയുന്നു. സ്രഷ്ടാവില്‍ സര്‍വതും സമര്‍പ്പിച്ചു മുന്നോട്ടു നീങ്ങിയാല്‍ ഏത് പ്രതിസന്ധിയെയും നിഷ്പ്രയാസം അതിജീവിക്കാമെന്നും കൂടി ആ ജീവിതം നമ്മെ ഓര്‍മപ്പെടുത്തുന്നു.

അന്നപാനീയങ്ങളില്ലാത്ത ആ ഊഷര മണ്ണിലേക്ക് ലോകത്തിന്റെ മുക്കുമൂലകളില്‍ നിന്ന് കായ്കനികളും ഭക്ഷ്യധാന്യങ്ങളും ഒഴുകി. അറിവിന്റെയും ആത്മീയതയുടെയും ഉറവ പൊട്ടിയ അതേ മണ്ണില്‍ നിന്ന് തന്നെ ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുകയും ചെയ്തതോടെ ആ പ്രദേശം ഒരേ സമയം ആത്മീയ സമ്പത്തും ഭൗതിക സമൃദ്ധിയും കളിയാടുന്ന ഇടമായി മാറി. ദാഹിച്ചു വലഞ്ഞ ഒരു കൊച്ചു ബാലന്‍ ഇസ്മാഈല്‍ കാലിട്ടടിച്ച ഇടം അണമുറിയാത്ത ജലപ്രവാഹത്തിന്റെ സംസമായി മാറുന്നു. തൊട്ടുമുമ്പ് ദാഹജലം തേടി മാതാവ് നെട്ടോട്ടമോടിയ രണ്ട് കുന്നുകള്‍ സഫയും മര്‍വയും ചരിത്രത്തില്‍ അമരത്വം നേടുന്നു . ആ രണ്ട് മലകള്‍ക്കിടയില്‍ ചുറ്റിയടിക്കുക ( സഅ്‌യ്) ഹജ്ജ് കര്‍മത്തിന്റെ പ്രധാന കര്‍മങ്ങളിലൊന്നായി മാറി.

ഇന്നും ജനലക്ഷങ്ങള്‍ ഓരോ വര്‍ഷവും ആവോളം കുടിച്ചും ആകാവുന്നത്ര തൂക്കിയെടുത്തു നാട്ടിലെത്തിച്ചും സായൂജ്യം അടയുമ്പോള്‍ സംസം ചരിത്രത്തിലെ അത്ഭുതമായി നിര്‍ഗളിച്ചു കൊണ്ടേയിരിക്കുന്നു. മിനായും ജംറകളിലെ കല്ലേറുകളും നമ്മെ ഓര്‍മപ്പെടുത്തുന്നതും ഇബ്‌റാഹീം(അ), വിശ്വാസദാര്‍ഢ്യത്തിന്റെ ബലത്തില്‍ പിശാചിനെ തുരത്തിയ അനുഭവങ്ങള്‍ തന്നെ.

ഇങ്ങനെ ഇസ്‌ലാമിലെ പഞ്ചകര്‍മങ്ങളിലൊന്നായ ഹജ്ജ് കര്‍മം ഇബ്‌റാഹീം നബിയുടെ ജീവിതമുഹൂര്‍ത്തങ്ങളുമായി കൂട്ടിയിണക്കുക വഴി അവസാന നാള്‍ വരെയുള്ള വിശ്വാസി സമൂഹത്തെ ആ മഹാനുഭാവന്റെ ജീവിതസന്ദേശവുമായി സംയോജിപ്പിക്കുകയാണ്. ജീവിതത്തില്‍ അഗ്‌നിപരീക്ഷകള്‍ അതിജീവിക്കാനുള്ള കരുത്തും ദൈവമാര്‍ഗത്തില്‍ എല്ലാം ത്യജിക്കാനുള്ള കരളുറപ്പും ആവാഹിച്ചെടുക്കാന്‍ ഇബ്‌റാഹീം നബി(അ)യുടെ ജീവിതത്തോളം മികച്ച വേറെ സ്രോതസില്ലല്ലോ.
ഹജ്ജിനോടനുബന്ധിച്ച് നടത്തുന്ന ബലി പെരുന്നാള്‍ ആഘോഷം നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. ഹാജിമാര്‍ മാത്രമല്ല; പെരുന്നാള്‍ ആഘോഷത്തില്‍ ഏര്‍പ്പെടുന്ന ഓരോ വിശ്വാസിയും ആ ജീവിതത്താളുകളില്‍ നിന്ന് പുതിയ അനുഭവങ്ങള്‍ക്ക് വായുവും വെളിച്ചവും കണ്ടെത്തുമ്പോഴാണ് ഹജ്ജും ഉംറയും സാര്‍ത്ഥകമാകുന്നത്.
മതകര്‍മങ്ങള്‍ അവയുടെ പൊരുളും പൊലിമയും ചോര്‍ന്നു പോകുമ്പോഴാണ് പേരിലും പെരുമയിലും പുറം പൂച്ചുകളിലും അഭയം കണ്ടെത്തുന്നത്. അവിടെയാണ് ദാര്‍ശനിക കവിയായ അല്ലാമാ ഇഖ്ബാലിന്റെ, ഹാജിമാരെ അഭിസംബോധന ചെയ്തുള്ള വാക്കുകള്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണമാകുന്നത്. ‘ കഅബ സന്ദര്‍ശിച്ചു മടങ്ങി വരുന്ന ഹാജിമാരോട് ഇഖ്ബാല്‍ ചോദിച്ചു അല്ല, ഹറമിന്റെ സമ്മാനം വെറും സംസം ജലം മാത്രമാണോ?’


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.