2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സമസ്ത ബഹ്‌റൈന്‍ മദ്‌റസാ വിദ്യാര്‍ഥി പതിനഞ്ചാം വയസില്‍ ഹാഫിസായി

കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് സിനാന്‍ ബഹ്‌റൈന്‍ എം.പിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

 

ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല്

മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്ര മദ്‌റസയില്‍ നിന്ന് 15ാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ സന്പൂര്‍ണ്ണമായി മനപാഠമാക്കിയ പ്രഥമ ഹാഫിസ് പുറത്തിറങ്ങി.

കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശി മുഹമ്മദ് ഹനീഫഷഹനാസ് ദന്പതികളുടെ ഇളയ മകന്‍ മുഹമ്മദ് സിനാനാണ് മനാമയിലെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര മദ്‌റസയില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണമായി മനപാഠമാക്കി പുറത്തിറങ്ങിയത്.

സമസ്ത ബഹ്‌റൈന്‍ മദ്‌റസയിലെ പ്രഥമ ഹാഫിസ് മുഹമ്മദ് സിനാന്‍ ബഹ്‌റൈന്‍ എം.പിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു

മനാമ മദ്‌റസയില്‍ 8ാം ക്ലാസ് വിദ്യാര്‍ത്ഥിയായ സിനാന്‍ കഴിഞ്ഞ 22 മാസങ്ങള്‍ കൊണ്ടാണ് തജ് വീദ് (പാരായണ രീതി) സഹിതം വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയത്.

കണ്ണൂര്‍ സ്വദേശിയും സമസ്ത ബഹ്‌റൈന്‍ കോഓര്‍ഡിനേറ്ററുമാരില്‍ ഒരാളുമായ ഉസ്താദ് ഹാഫിസ് ശറഫുദ്ധീന്‍ മുസ്ലിയാരാണ് പ്രധാന ഉസ്താദ്.

മാതാപിതാക്കളോടൊപ്പം ബഹ്‌റൈനിലുള്ള സിനാന്‍ നേരത്തെ നാട്ടിലെ സമസ്ത മദ്‌റസയിലാണ് പ്രാഥമിക പഠനം ആരംഭിച്ചത്. തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പാണ് സിനാന്‍ ബഹ്‌റൈനിലെത്തിയതും മനാമ മദ്‌റസയില്‍ ആരംഭിച്ച ഹിഫ്‌സ് കോഴ്‌സില്‍ ചേര്‍ന്ന് കോഴ്‌സ് പൂര്‍ത്തീകരിച്ചതും.

കഴിഞ്ഞ 23 വര്‍ഷമായി ബഹ്‌റൈനില്‍ വാട്ടര്‍ സപ്ലെ കന്പനിയുടെ വാഹനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് പിതാവ് ഹനീഫ. അബൂദാബിയിലുള്ള ഖദീജത്തു അസ് രിന്‍ റൈസി, മുഹമ്മദ് റിസ് വാന്‍(ബഹ്‌റൈന്‍), സഫ് വാന്‍(ബാഗ്ലൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്.

മാതാപിതാക്കളോടൊപ്പം ബഹ്‌റൈനിലുള്ള സിനാന്‍ ഇപ്പോള്‍ നാട്ടിലേക്ക് പുറപ്പെട്ടു. മത പഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിലും ശ്രദ്ധിക്കുന്ന ഈ വിദ്യാര്‍ത്ഥി അല്‍പ കാലം നാട്ടില്‍ ചിലവഴിക്കാനും എസ്.എസ്.എല്‍.സി ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ നാട്ടില്‍ വെച്ച് പൂര്‍ത്തിയാക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് രക്ഷിതാവ് ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.

സമസ്ത ബഹ്‌റൈന്‍ ആദരിച്ചു

ഹാഫിസ് സിനാനെ സമസ്ത ബഹ്‌റൈന്‍ ആദരിച്ചു. മനാമയിലെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ആദരിക്കല്‍ ചടങ്ങും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണവും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈന്‍ പാര്‍ലിമെന്റംഗം ശൈഖ് അഹ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത എം.പി സിനാന് സര്‍ട്ടിഫിക്കറ്റ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു.

ബഹ്‌റൈന്‍ സമസ്ത, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്. കെ. എസ്. എസ്. എഫ് സ്‌നേഹോപഹാരങ്ങള്‍ നല്‍കി.
വിദ്യാര്‍ത്ഥിയെ ഹിഫഌല്‍ പ്രാപ്തനാക്കിയ അല്‍ ഹാഫിള് ശറഫുദ്ധീന്‍ ഉസ്താദിനെ ഗോള്‍ഡന്‍ കൈറ്റ് മുഹമ്മദ് ഹാജി ഷാളണിയിച്ച് ആദരിച്ചു. കോസമസ്ത ബഹ്‌റൈന്‍ ഓര്‍ഡിനേറ്റര്‍ ഉസ്താദ് അശ്‌റഫ് അന്‍വരി ചേലക്കര ഉദ്‌ബോധനം നടത്തി. സെക്രട്ടറി എസ്. എം അബ്ദുല്‍ വാഹിദ്, കെ. എം. സി. സി ആക്ടിംഗ് പ്രിസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം, മന്‍സൂര്‍ ബാഖവി കരുളായി, റബീഅ് ഫൈസി അമ്പലക്കടവ്, ശറഫുദ്ധീന്‍ മാരായമംഗലം പ്രസംഗിച്ചു. മുഹമ്മദ് റിഷാന്‍ ഖിറാഅത്ത് നടത്തി. സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയാ ഭാരവാഹികളും പോഷക സംഘടനാ പ്രതിനിധികളും മദ്‌റസാ അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News