2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

സമസ്ത ആദര്‍ശ സമ്മേളനം വ്യാഴാഴ്ച: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഈ മാസം മുതല്‍ മേയ് വരെ ആചരിക്കുന്ന ആദര്‍ശ പ്രചാരണ കാംപയിന്റെ ഉദ്ഘാടന മഹാസമ്മേളനം വ്യാഴാഴ്ച മലപ്പുറം, കൂരിയാട് സൈനുല്‍ ഉലമാ നഗറില്‍ നടക്കും. സമ്മേളന ഉദ്ഘാടനം വൈകിട്ട് അഞ്ചിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ പ്രസംഗിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷകസംഘടനാ നേതാക്കള്‍ സംബന്ധിക്കും.

അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് (അഹ്‌ലുസുന്നത്ത് വല്‍ ജമാഅത്ത്), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (ആദര്‍ശ വിശുദ്ധിയോടെ സമസ്ത നൂറാം വാര്‍ഷികത്തിലേക്ക്), ഓണംപിള്ളി മുഹമ്മദ് ഫൈസി (സലഫിസം വരുത്തുന്ന വിപത്തുകള്‍), സത്താര്‍ പന്തലൂര്‍ (അജയ്യം,നാം മുന്നോട്ട്), മുസ്തഫ അശ്‌റഫി കക്കുപടി (മുജാഹിദ് സമ്മേളനം; വൈരുധ്യങ്ങള്‍ക്ക് മധ്യേ) എന്നിവര്‍ വിഷയാവതരണം നടത്തും.

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകിട്ട് നാലിന് മമ്പുറം മഖാമില്‍ നിന്ന് ആമില, വിഖായ വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന റൂട്ട് മാര്‍ച്ച് നടക്കും. തുടര്‍ന്ന് സമ്മേളനഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തും.

പുതിയ കര്‍മപദ്ധതികളുമായി വര്‍ധിച്ച വീര്യത്തോടെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍ നൂറാം വാര്‍ഷികത്തിനൊരുങ്ങുന്ന വേളയിലാണ് അഞ്ചുമാസത്തെ ആദര്‍ശ കാംപയിന്‍ സംഘടിപ്പിക്കുന്നതെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍,യു. ശാഫി ഹാജി, ഹംസഹാജി മൂന്നിയൂര്‍, പി.കെ.ലതീഫ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ആദര്‍ശ സമ്മേളനം വിജയിപ്പിക്കുക: ഹൈദരലി തങ്ങള്‍

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ കൂരിയാട് നടക്കുന്ന ആദര്‍ശ മഹാസമ്മേളനം വിജയിപ്പിക്കണമെന്ന് സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. അഹ്‌ലു സുന്നത്തി വല്‍ജമാഅത്തിന്റെ മഹത്തായ ആദര്‍ശപ്രബോധനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാനിര്‍വഹിച്ചുവരുന്ന ദൗത്യം.

ഈ ആശയപ്രചാരണത്തിന്റെ ഭാഗമായി സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും നേതൃത്വത്തില്‍ ഈ മാസം മുതല്‍ മേയ് വരെ നീളുന്ന ആദര്‍ശ കാംപയിന്റെ ഉദ്ഘാടന മഹാസമ്മേളനമാണ് കൂരിയാട് നടക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തും തുടര്‍പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായും ആദര്‍ശ സമ്മേളനവും കാംപയിനും വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.