2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

സമസ്തയെ അവഗണിച്ച് ഐക്യം അസാധ്യം: ഹൈദരലി ശിഹാബ് തങ്ങള്‍

സൈനുല്‍ ഉലമാ നഗര്‍ (കൂരിയാട് ):സമസ്തയെ അവഗണിച്ചുള്ള ഏതു ഐക്യശ്രമത്തിനു ആരും മുന്നിട്ടിറങ്ങേണ്ടതില്ലെന്നും അതിവിടെ വിലപ്പോകില്ലെന്നും സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആഭിമുഖ്യത്തില്‍ കൂരിയാട് സൈനുല്‍ ഉലമാ നഗറില്‍ നടന്ന ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
കേരളത്തിലെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മുന്നേറ്റ പാതയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ സമസ്തക്കു മാത്രമേ സാധിക്കൂ എന്നും തങ്ങള്‍ പറഞ്ഞു. സമസ്തയുടെ കീഴില്‍ ഒന്നിച്ചാല്‍ മാത്രമേ ഈ രാജ്യത്ത് മതമൈത്രിയും സമാധാനവും ഉണ്ടാകുകയുള്ളൂ. നൂതന സംവിധാനങ്ങളും കാലോചിത മാറ്റങ്ങളും ഉള്‍ക്കൊണ്ട് കേരളീയ മുസ്‌ലിംകളെ മുന്നോട്ട് നയിക്കാന്‍ സമസ്തക്കു സാധിക്കുമെന്നും തങ്ങള്‍ പറഞ്ഞു.
ഇസ്‌ലാമിക ആദര്‍ശത്തിനു വിരുദ്ധമായി വികല ചിന്തകളും പുത്തനാശയങ്ങളും കൊണ്ടുവന്നു വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തിലാണ് കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് രൂപം നല്‍കിയത്. പൊന്നാനി മഖ്ദൂമുമാരും മമ്പുറം തങ്ങളും മറ്റു സാദാത്തീങ്ങളും നേതൃത്വം നല്‍കിയ മതത്തിന്റെ പ്രചാരണം തന്നെയാണ് സമസ്തയും നിര്‍വഹിക്കുന്നത്.
വിശ്വാസ സംരക്ഷണത്തോടൊപ്പം ശക്തമായ മഹല്ല്, മദ്‌റസാ സംവിധാനത്തിനും സമുദായത്തിന്റെ അസ്തിത്വ സംരക്ഷണത്തിനും സമസ്ത നേതൃത്വം നല്‍കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തു മദ്‌റസാ സംവിധാനത്തില്‍ തുടങ്ങി പള്ളി ദര്‍സുകളും അറബിക് കോളജുകളും സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇസ്‌ലാമിക് സര്‍വകലാശാല വരെയും സ്ഥാപിച്ചു സമസ്ത വിദ്യാഭ്യാസ നവോത്ഥാനമുണ്ടാക്കി.
മത പണ്ഡിതരുടേയും മറ്റുനേതാക്കളുടേയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ഇതിനെതിരേ ചില ഭാഗത്തു നിന്നുണ്ടാകുന്ന അപശബ്ദങ്ങളെ നാം അവഗണിക്കണം. രാജ്യത്ത് മുസ്‌ലിം സമൂഹത്തിനെതിരേ പലരീതിയിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്ന ഇക്കാലത്ത് ഐക്യത്തോടെ മുന്നോട്ടു പോകാന്‍ എല്ലാവരും ജാഗ്രത കാണിക്കണം. മുസ്‌ലിം ലോകത്ത് ആദ്യം രംഗത്തു വന്ന വിഘടന വാദികളായിരുന്നു ഖവാരിജുകള്‍. മറ്റുള്ളവരെ കാഫിറാക്കുന്ന നിലപാട് ആദ്യമായി സ്വീകരിച്ചത് അവരാണ്. അക്കാലത്ത് പ്രവാചകാനുചരര്‍ ശക്താമായ നിലപാടാണ് സ്വീകരിച്ചതെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
നേതൃത്വത്തെ അംഗീകരിച്ചായിരിക്കണം സമസ്തയുടെ അണികളെല്ലാവരും പ്രവര്‍ത്തിക്കേണ്ടത്. സമസ്തയെ തകര്‍ക്കാന്‍ ഹീനശ്രമങ്ങള്‍ നടത്തിയവര്‍ക്കൊക്കെ കാലം മറുപടി നല്‍കിയിട്ടുണ്ട്. ധിക്കരിച്ചവരെയും വിഘടന ചിന്തകള്‍ പ്രചരിപ്പിച്ചവരെയുമെല്ലാം സമസ്ത വേണ്ടിടത്ത് ഇരുത്തിയിട്ടുണ്ടെന്നും അതിന് സാധിക്കുന്ന സംഘടനയാണ് സമസ്തയെന്നും തങ്ങള്‍ പ്രസ്താവിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.