2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

സമര്‍പ്പണത്തിന്റെ ബലിപെരുന്നാള്‍

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ബലിപെരുന്നാള്‍ ത്യാഗത്തിന്റെ ഓര്‍മപ്പെടുത്തലാണ്. എന്തും സ്രഷ്ടാവിനു സമര്‍പ്പിക്കാനുള്ള മനുഷ്യന്റെ സന്നദ്ധതയാണു ബലിപെരുന്നാള്‍ പ്രകടമാക്കുന്നത്. അനുസണയാണു ബലിപെരുന്നാളിന്റെ കാതല്‍. സ്വന്തം പുത്രനെ ബലി നല്‍കാന്‍ സന്നദ്ധനായ ഉപ്പയുടെയും അതിനു പരിപൂര്‍ണമായും വിധേയനായ മകന്റെയും അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും ക്ഷമാപൂര്‍വ്വം ചെയ്തു കൊടുത്ത ഉമ്മയുടെയും ചരിത്രം അയവിറക്കാതെ ഒരിക്കലും നമുക്കു ബലിപെരുന്നാള്‍ ആഘോഷിക്കാനാവില്ല.
സുഖത്തിന്റെ പുല്‍മേടുകള്‍ കാത്തിരിക്കാതെ പ്രയാസങ്ങളുടെ ബലിപീഠങ്ങള്‍ അതിജീവിക്കണമെന്നതാണു ഹജ്ജിന്റെയും ബലിപെരുന്നാളിന്റെയും സന്ദേശം. കൂട്ടത്തില്‍ ഇത്തവണ മലയാളിയുടെ ബലിപെരുന്നാള്‍ പരീക്ഷണങ്ങളുടെ തീച്ചൂളയ്ക്കിടയിലുമാണ്. പ്രകൃതിയിലൂടെയേറ്റ പരീക്ഷണങ്ങളെ അതിജീവിക്കാനുള്ള കരുത്തു വിശ്വാസത്തിലൂടെ ആര്‍ജിച്ചെടുക്കണമെന്ന ഓര്‍മപ്പെടുത്തല്‍. മനുഷ്യന്റെ നിസാഹയത നിഴലിക്കുന്ന സംഭവങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ കാലം നമ്മോടു പറയുന്നു.
തുല്യതയില്ലാത്ത മഹാത്യാഗത്തിനു സാക്ഷ്യം വഹിച്ച ഇബ്‌റാഹീം നബിയുടെയും അനുസരണയുടെയും സമര്‍പ്പണത്തിന്റെയും പര്യായമായ ഇസ്മാഈല്‍ നബിയുടെയും അസാധാരണ ക്ഷമയോടെ ജീവിതത്തിന്റെ നിഖിലമേഖലകളെയും നേരിട്ട മാതൃകാമഹതി ഹാജര്‍ ബീവിയുടെയും ജീവിതദര്‍ശനങ്ങള്‍ ബലിപെരുന്നാള്‍ സുദിനത്തില്‍ ആധുനികസമൂഹം അയവിറക്കേണ്ടതുണ്ട്.

അല്ലാഹുവിന്റെ കല്‍പ്പനകള്‍ക്കു വഴിപ്പെടാന്‍ മനുഷ്യന്‍ എപ്പോഴും തയാറായിരിക്കണമെന്ന മഹത്തായ സന്ദേശംകൂടി ഈ കുടുംബജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആദര്‍ശഗരിമകൊണ്ടു ചരിത്രത്തിലേയ്ക്ക് ഇരച്ചുകയറുന്ന മുന്നേറ്റമായിരുന്നു അവരുടേത്. ഉന്നതമായ ഒരാദര്‍ശത്തെ ഹൃദയത്തിലേറ്റിയ ഇബ്്‌റാഹീം നബിയും സ്വയംസന്നദ്ധതയുടെ മാതൃകാപുത്രനായി മാറിയ ഇസ്മാഈല്‍ നബിയും ത്യാഗമനസ്ഥിതിയുടെ സ്ത്രീരൂപമായി തിളങ്ങിയ ഹാജറും നടന്നുനീങ്ങിയത് ഒരേ ലക്ഷ്യത്തിലേയ്ക്കായിരുന്നു.
അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന മഹത്‌വചനത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇബ്‌റാഹീമിന്റെ ഓരോ നീക്കങ്ങളും. ഏകദൈവവിശ്വാസത്തെ ഹൃദയത്തിലേറ്റി പ്രവര്‍ത്തനപഥത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന ആ മഹാന്‍ പ്രബോധനവഴികളിലെ ദുര്‍ഘടാവസ്ഥകളെ മറികടന്നു. നാട്ടുരാജാക്കന്മാരും നാട്ടുപ്രമാണിമാരും പൗരപ്രമുഖരും സത്യപ്രബോധനത്തിനു തടസ്സംനിന്നിട്ടും കൂസലില്ലാതെ മുന്നേറിയ അദ്ദേഹം മഹത്തായ ആദര്‍ശത്തിനുവേണ്ടി കാവലിരുന്നു. കേവലം മുന്നേറ്റമായി മാത്രം അത് ഒതുങ്ങിയില്ല.
ഒരു സന്ദേശമായി ലോകം ഏറ്റുപിടിക്കുന്നതിലേയ്ക്കു വികാസം പ്രാപിച്ചു. അല്ലാഹു അക്കാര്യം എടുത്തു പറയുന്നു: ‘ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കല്‍പ്പനകള്‍കൊണ്ടു പരീക്ഷിക്കുകയും, അദ്ദേഹം അതു നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങള്‍ അനുസ്മരിക്കുക). അല്ലാഹു (അപ്പോള്‍) അദ്ദേഹത്തോടു പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്കു നേതാവാക്കുകയാണ്. ഇബ്‌റാഹീം പറഞ്ഞു: എന്റെ സന്തതികളില്‍പ്പെട്ടവരെയും (നേതാക്കളാക്കണമേ.) അല്ലാഹു പറഞ്ഞു: (ശരി; പക്ഷേ) എന്റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്കു ബാധകമായിരിക്കുകയില്ല.’ (സൂറ 2:124)

ഇബ്‌റാഹീം നബിയുടെ ജീവിതപാതയാണ് ഏറ്റവും നേരായതെന്നും അതിലൂടെ സഞ്ചരിക്കാന്‍ കഴിയുകയെന്നതു വലിയ കാര്യമാണെന്നുമാണ് ഈ വചനം നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍, ഈ മാര്‍ഗത്തെ കണ്ടില്ലെന്നു നടിക്കുകയും ഭൗതികജീവിതത്തിന്റെ സുഖങ്ങളില്‍മാത്രം വ്യാപരിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു താക്കീതു നല്‍കുന്നുണ്ട്. ഇബ്‌റാഹീം (അ) തെരഞ്ഞെടുത്ത വഴി അത്യന്തം അപകടമുള്ളതായിരുന്നു. നിഷ്പ്രയാസം ചെയ്തുതീര്‍ക്കാവുന്നത്ര നിസ്സാരമായിരുന്നില്ല അത്.
ഇബ്‌റാഹീം (അ)ന്റെ മാര്‍ഗം വിജയത്തിന്റേതാണ്. അതു തെരെഞ്ഞെടുക്കുന്നതോടു കൂടി ഒരാള്‍ വിശ്വാസത്തിന്റെ മഹത്വം തിരിച്ചറിയുന്നു. കാലങ്ങള്‍ക്കു ശേഷവും ഇബ്‌റാഹീമിന്റെ ജീവിതം നമുക്കു മുന്നില്‍ തിളങ്ങിനില്‍ക്കുന്നു. ചരിത്രം വിസ്മയിച്ചു നിന്നുപോയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വിശ്വാസത്തെ അറിഞ്ഞനുഭവിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇബ്‌റാഹീംനബിക്ക് പ്രബോധനം തുടരാനായത്. ഈ രംഗത്ത് ഒട്ടനവധി ത്യാഗം വരിക്കാനും അദ്ദേഹത്തിനു മനസുണ്ടായത് അതുകൊണ്ടാണ്. വലിയമനസുള്ളവര്‍ക്കേ ത്യാഗം വരിക്കാന്‍ കഴിയുകയുള്ളൂ. സ്വന്തം നേട്ടങ്ങള്‍ക്കായി ത്യാഗംചെയ്യാന്‍ പലരും തയാറാവുമെങ്കിലും സമൂഹത്തിനു സേവനംചെയ്യുന്നതിലോ ദീന്‍ പ്രബോധനംചെയ്യുന്നിടത്തോ ത്യാഗമനുഷ്ടിക്കാന്‍ അധികമാളുകളെ കാണാനാവില്ല.

ത്യാഗവും സമര്‍പ്പണവും വല്ലാതെ ആവശ്യപ്പെടുന്ന ഘട്ടമാണിത്. പ്രളയദുരിതത്തിന്റെ കെടുതികളില്‍നിന്നു മോചിതരാകാന്‍ കാലങ്ങളെടുത്തു കൂടാ. കൂട്ടായപ്രവര്‍ത്തനത്തിലൂടെ ദുരിതബാധിതരെ കരകയറ്റാന്‍ നമുക്ക് സാധിക്കണം. ആയുഷ്‌കാലം അധ്വാനിച്ചുണ്ടാക്കിയതും ജീവിതോബാധികളുമെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയവര്‍, ദുരിതാശ്വാസ ക്യാംപില്‍ അന്നത്തിനും വസ്ത്രത്തിനും പോലും വിഷമിക്കുന്നവര്‍; എല്ലാവരെയും നമുക്കു കാണാന്‍ കഴിയണം.
അവരില്‍ പലരും നമ്മെപ്പോലെയോ അതിലപ്പുറമോ സൗകര്യത്തില്‍ ജീവിച്ചവരാണ്. ഒരുദിവസം കൊണ്ട് എല്ലാം നഷ്ടപ്പെട്ടവരായി അവര്‍ മാറുകയായിരുന്നു. ഈ തിരിച്ചറിവാണുണ്ടാകേണ്ടത്. നാം നിസഹായരാണെന്ന തിരിച്ചറിവ്. അതിലൂടെ സമര്‍പ്പണത്തിന്റെ പുതുജീവിതം നയിക്കാന്‍ നമുക്കു സാധിക്കണം. കഷ്ടപ്പെടുന്നവന്റെ കണ്ണീരൊപ്പാന്‍ ആരെയും കാത്തുനില്‍ക്കേണ്ടതില്ല. അതു നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. ഈ ബലിപെരുന്നാള്‍ സുദിനം അതിനുള്ള ഊര്‍ജമാകണം. നാഥന്‍ അനുഗ്രഹിക്കട്ടെ.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.