2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

Editorial

സമരത്തിനും വേണം ചില മര്യാദകള്‍


 

ജനാധിപത്യ വ്യവസ്ഥയില്‍ പ്രതിഷേധങ്ങളും സമരങ്ങളും ഒഴിച്ചുകൂടാനാകാത്തതാണ്. നമ്മുടെ നാട്ടില്‍ അതിനൊക്കെ സ്വാതന്ത്ര്യവുമുണ്ട്. സമരങ്ങള്‍ അനുവദിക്കുന്ന ജനാധിപത്യ മര്യാദ പോലെ തന്നെ സമരം ചെയ്യുന്നവര്‍ക്കുമുണ്ടാകണം ചില മര്യാദകള്‍. പ്രതിഷേധം അറിയിക്കുകയും എതിര്‍പ്പുള്ള കാര്യങ്ങള്‍ തിരുത്താന്‍ സമ്മര്‍ദം ചെലുത്തുകയുമൊക്കെയായിരിക്കണം അതിന്റെ ലക്ഷ്യങ്ങള്‍. അല്ലാതെ ജനങ്ങളെ കഠിനമായി ഉപദ്രവിച്ചുകൊണ്ടു നടത്തുന്ന സമരങ്ങള്‍ യഥാര്‍ഥത്തില്‍ ജനാധിപത്യാവകാശത്തിന്റെ വിനിയോഗമല്ല. മറിച്ച് അതിന്റെ ദുരുപയോഗമാണ്.
ശബരിമല വിഷയത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ടുദിവസം സംസ്ഥാനത്തെ ജനങ്ങളെയാകെ തടഞ്ഞുവച്ച് സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താലും റോഡ് തടയല്‍ സമരവും ഇങ്ങനെയുള്ള അവകാശ ദുരുപയോഗമാണ്. സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ പൊലിസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്ന് സന്നിധാനത്തേക്കു പോകാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ ശനിയാഴ്ച നടത്തിയ ഹര്‍ത്താല്‍ സാധാരണ ഹര്‍ത്താല്‍ ജനങ്ങള്‍ക്കു സമ്മാനിക്കുന്ന ദുരിതങ്ങളുടെ പതിന്മടങ്ങാണ് സൃഷ്ടിച്ചത്. പുലര്‍ച്ചെ മൂന്നിനാണ് ഹര്‍ത്താല്‍ ആഹ്വാനമുണ്ടായത്. സാധാരണ മനുഷ്യരെല്ലാം പുതച്ചുറങ്ങുന്ന സമയം. ഹര്‍ത്താല്‍ പ്രഖ്യാപനം അറിയാതെ അതിരാവിലെ ബസുകളും മറ്റു വാഹനങ്ങളുമൊക്കെ എടുത്തിറങ്ങിയ ഡ്രൈവര്‍മാരും അതില്‍ കയറിയ ജനങ്ങളും ജോലിക്കു പോകാനിറങ്ങിയവരുമൊക്കെ കൊടും ദുരിതത്തിലാണ് അകപ്പെട്ടത്. ഹര്‍ത്താല്‍ അറിയാതെ റോഡിലിറങ്ങിയ വാഹനങ്ങള്‍ക്കു നേരെ ഒട്ടും ദയയില്ലാത്ത തരത്തിലുള്ള ആക്രമണങ്ങളാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും അഴിച്ചുവിട്ടത്. ശബരിമലയിലേക്ക് പുറപ്പെട്ട അയ്യപ്പഭക്തരടക്കമുള്ളവര്‍ സംഘ്പരിവാറിന്റെ ക്രൂരത അനുഭവിക്കുകയുണ്ടായി.
അംഗീകൃത സമരമുറകളില്‍ അറ്റകൈ പ്രയോഗം എന്ന നിലയില്‍ മാത്രം എടുത്തു പ്രയോഗിക്കേണ്ട ഹര്‍ത്താല്‍ പല രാഷ്ട്രീയകക്ഷികളും അനാവശ്യമായി നടത്തി തുടര്‍ച്ചയായി ജനങ്ങളെ ദുരിതത്തിലാക്കുന്ന നാടാണിത്. എന്നാല്‍ ഇത്തരമൊരു കാര്യത്തിന്റെ പേരില്‍ ഇങ്ങനെ നേരംകെട്ട നേരത്ത് ആരും ഹര്‍ത്താല്‍ പ്രഖ്യാപിക്കാറില്ല. ഏറ്റവും ചുരുങ്ങിയത് തലേന്നു വൈകിട്ടെങ്കിലും അതു പ്രഖ്യാപിക്കും. ഹര്‍ത്താല്‍ ദിനത്തെ നേരിടാനൊരുങ്ങാന്‍ നാട്ടുകാര്‍ക്ക് കുറച്ചെങ്കിലും സമയം കിട്ടും. എന്നാല്‍ ആ മര്യാദകളൊന്നും പാലിക്കാതെ ഇരുട്ടടി പോലെ ഹര്‍ത്താല്‍ അടിച്ചേല്‍പ്പിക്കുകയാണ് സംഘ്പരിവാര്‍ ചെയ്തത്.
ശനിയാഴ്ച ഇതുപോലെ മലകയറാനെത്തിയ ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെയും അവര്‍ ഒരു സമരം നടത്തി. കുറച്ചു സമയത്തേക്കാണെങ്കിലും സംസ്ഥാന വ്യാപകമായി റോഡ് തടയല്‍. ശനിയാഴ്ചത്തെ അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് വീണ്ടുമൊരു പ്രഹരം. സാധാരണ ഗതിയില്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം സമരങ്ങള്‍ തുടര്‍ച്ചയായ ദിനങ്ങളില്‍ ഒരു രാഷ്ട്രീയ കക്ഷിയും നടത്താറില്ല. ആ പതിവും തെറ്റിച്ചിരിക്കുകയാണ് സംഘ്പരിവാര്‍.
ഈ സമരങ്ങള്‍ക്കു കാരണമായ നേതാക്കളുടെ സന്ദര്‍ശനങ്ങള്‍ തീര്‍ത്തും തീര്‍ഥാടന ലക്ഷ്യത്തോടെയായിരുന്നോ എന്ന സംശയം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുമുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി ശബരിമലയിലും പരിസരങ്ങളിലും പ്രതിഷേധത്തിന്റെ പേരില്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ എല്ലാവരും അറിയുന്നുമുണ്ട്. അതിപ്രകോപനപരമായ വര്‍ഗീയവിഷം വമിക്കുന്ന ശശികലയുടെ പ്രസംഗങ്ങള്‍ ഏറെ വിവാദവുമാണ്. സംഘര്‍ഷഭരിതമായ ഒരു അന്തരീക്ഷത്തിലേക്ക് അവര്‍ വന്നുകയറി അത്തരമൊരു പ്രസംഗം നടത്തിയാലുണ്ടായേക്കാവുന്ന കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ പൊലിസ് സ്വീകരിച്ച നടപടി തീര്‍ത്തും തെറ്റാണെന്ന് സംഘ്പരിവാറുകാരല്ലാതെ മറ്റാരും പറയില്ല. സുരേന്ദ്രന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്നാണ് പൊതുജനം വിശ്വസിക്കുന്നത്.
ഇവരെ അറസ്റ്റ് ചെയ്തത് തെറ്റായ നടപടിയാണെങ്കില്‍ തന്നെ അതില്‍ പ്രതിഷേധിക്കാന്‍ മര്യാദയുടെ പരിധിയില്‍ നില്‍ക്കുന്ന നിരവധി മാര്‍ഗങ്ങള്‍ വേറെയുണ്ട്. എന്നാല്‍ അത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ നാട്ടില്‍ അക്രമമഴിച്ചുവിട്ട് അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന സംശയം വ്യാപകമാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം പുറത്തുവന്നതോടെ അതു പകല്‍പോലെ വ്യക്തമായതുമാണ്.
ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയിലും അതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളിലും സംസ്ഥാനത്തെ ഹിന്ദു സമൂഹത്തില്‍ വലിയൊരു വിഭാഗത്തിന് പ്രതിഷേധമുണ്ടെന്നതു സത്യമാണ്. ആ പ്രതിഷേധം പ്രകടിപ്പിക്കുന്നത് സംഘ്പരിവാര്‍ മാത്രമല്ല. കോണ്‍ഗ്രസ് അടക്കമുള്ള പ്രമുഖ രാഷ്ട്രീയ കക്ഷികളും പ്രത്യേക രാഷ്ട്രീയാഭിമുഖ്യമില്ലാത്ത അയ്യപ്പഭക്തരുമൊക്കെ പ്രതിഷേധവുമായി രംഗത്തുണ്ട്. അവരൊക്കെ നാമജപ യാത്രകളും മറ്റുമായി നാട്ടുകാര്‍ക്കു ശല്യമില്ലാതെയാണ് പ്രതിഷേധിക്കുന്നത്. അതിന് ഇതരമതക്കാരുടെ പോലും പിന്തുണ ലഭിക്കുന്നുമുണ്ട്. അതിനിടയില്‍ കയറിയാണ് സംഘ്പരിവാര്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത്. വോട്ട്ബാങ്ക് ലക്ഷ്യത്തോടെയുള്ള അപകടകരമായ ഈ കളി പ്രതിഷേധങ്ങള്‍ക്ക് സമാധാന കാംക്ഷികളില്‍നിന്ന് ലഭിക്കുന്ന പിന്തുണ ഇല്ലാതാക്കാനായിരിക്കും ഉപകരിക്കുക. അതിന്റെ ദോഷഫലം അനുഭവിക്കുന്നത് ഹൈന്ദവ സമൂഹം, പ്രത്യേകിച്ച് അയ്യപ്പഭക്തര്‍ തന്നെയായിരിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.