2019 January 22 Tuesday
ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, വീഴുമ്പോഴൊക്കെ എഴുന്നേല്‍ക്കുന്നതിലാണ് മനുഷ്യന്റെ മാഹാത്മ്യം.

സമന്വയ വഴിയില്‍ സുകൃതം വിളയിച്ച് ദാറുല്‍ ഹസനാത്ത്

അക്കാദമിക ഗവേഷണങ്ങളുടെയും ബൗദ്ധിക ചര്‍ച്ചകളുടെയും നവലോകക്രമത്തില്‍ വിശാലമായ ഗവേഷണ ലോകങ്ങള്‍ തുറന്നിടുന്ന റഫറന്‍സ് ലൈബ്രറി, ഓഡിയോ വിഷ്വല്‍ സൗകര്യങ്ങളോടെയുള്ള ലാംഗ്വേജ് ലാബ്, ഓണ്‍ലൈന്‍ വായനയുടെ വിശാല ലോകം തുറന്നു തരുന്ന ഡിജിറ്റല്‍ ലൈബ്രറി, സമകാലിക ലോകത്തിന്റെ തുടിപ്പുകള്‍ പ്രതിഫലിപ്പിക്കുന്ന ജേണല്‍ ലൈബ്രറി എന്നീ സംവിധാനത്തോടെ ഏര്‍പ്പെടുത്തിയ ഹസനാത്ത് ലൈബ്രറി സ്ഥാപനത്തിന്റെ മുഖത്തിന് ഭംഗി കൂട്ടുന്നു. വളര്‍ന്നു വരുന്ന വിദ്യാര്‍ഥി സമൂഹത്തില്‍ സംഘാടന ബോധം ഊര്‍ജിതമാക്കുന്നതിനും സാമൂഹിക പ്രതിബദ്ധത ഉറപ്പു വരുത്തുന്നതിനുമായി നൂതന പദ്ധതികളുമായി വിദ്യാര്‍ഥി സംഘനട അഹ്‌സാസും പൂര്‍വ വിദ്യാര്‍ഥി സംഘടന അഹ്‌സനും സ്ഥാപനത്തിന്റെ ചലനങ്ങള്‍ക്ക് നവോന്മേഷം പകരുന്നു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

നവോത്ഥാന രംഗത്ത് പുത്തന്‍സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കണ്ണാടിപ്പറമ്പ് ദാറുല്‍ഹസനാത്ത്. കണ്ണൂര്‍ ജില്ലയുടെ മതഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ വ്യക്തമായ പാദമുദ്ര പതിപ്പിച്ച് ചുരുങ്ങിയ കാലം കൊണ്ടു തന്നെ സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന സ്ഥാപനമായി ദാറുല്‍ ഹസനാത്ത് മാറി. ദാറുല്‍ ഹസനാത്തിന്റെ ഓരോ സംരംഭങ്ങളെയും സമൂഹം ഏറെ ആവേശത്തോടെ സ്വീകരിക്കുകയായിരുന്നു. ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് എന്ന ആശയം ചിന്തിച്ചു തുടങ്ങിയതു മുതല്‍ തന്റെ അവസാന നിമിഷംവരെ തുടിപ്പുകളിലോരോന്നിലും ദാറുല്‍ ഹസനാത്തിനെ കൊണ്ടുനടന്ന യുഗപ്രഭാവിയായിരുന്നു മര്‍ഹൂം സയ്യിദ് ഹാശിം ബാഅലവി കുഞ്ഞി തങ്ങള്‍. വഫാത്തു വരെ കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയിലും ആ മഹാമനീഷി സ്ഥാപനത്തിനു വേണ്ടി സര്‍വം മറന്ന് പ്രവര്‍ത്തിച്ചു. സ്ഥാപനത്തിന്റെ പ്രചാരണാര്‍ഥം തങ്ങള്‍ കയറിച്ചെന്ന വീടുകളും സന്ദര്‍ശിച്ച വിദേശ രാജ്യങ്ങളും എണ്ണമറ്റതായിരുന്നു.

മുസ്‌ലിം ലോകത്തിന്റെ നഷ്ടപ്രതാപമായ വിജ്ഞാനീയങ്ങളുടെ ആധുനിക ലോകത്തെ പ്രസരണവും ആഗോളതലത്തിലുള്ള ദീനീ പ്രബോധനവും മാത്രം സ്വപ്‌നം കണ്ടായിരുന്നു ഈ ഭഗീരഥപ്രയത്‌നങ്ങളെല്ലാം. എല്ലാ സേവനവും തഖ്‌വയിലതിഷ്ഠിതമാക്കിയപ്പോള്‍ നാഥന്റെ കരുണാകടാക്ഷം ആവോളം ലഭിക്കുകയായിരുന്നു. ഇന്ന് മൂന്നു നിലയിലുള്ള സീനിയര്‍ സെക്കന്ററി ഡിഗ്രി ബ്ലോക്ക്, സെക്കന്ററി ബ്ലോക്ക്, സയ്യിദ് ഹാശിം തങ്ങള്‍ സ്മാരണ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഹസനാത്ത് ജുമാ മസ്ജിദ്, ഹസനാത്ത് ലൈബ്രറി എന്നീ സമുച്ചയങ്ങളിലേക്കുയര്‍ന്നു വന്ന സവിശേഷ സാഹചര്യത്തില്‍ ഹാശിം തങ്ങളുടെ അതുല്യമായ അര്‍പ്പണബോധത്തെയും സമുദായ സ്‌നേഹികളുടെ ഉദാരമായ സഹായങ്ങളെയും നന്ദിവാക്കുകളില്‍ ഒതുക്കാനാവില്ല. സാങ്കേതിക വിദ്യ അനുസ്യൂതം വളരുന്ന സാഹചര്യത്തിലും വളര്‍ച്ചയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ദാറുല്‍ ഹസനാത്ത്. അക്കാദമിക ഗവേഷണങ്ങളുടെയും ബൗദ്ധിക ചര്‍ച്ചകളുടെയും നവലോകക്രമത്തില്‍ വിശാലമായ ഗവേഷണ ലോകങ്ങള്‍ തുറന്നിടുന്ന റഫറന്‍സ് ലൈബ്രറി, ഓഡിയോ വിഷ്വല്‍ സൗകര്യങ്ങളോടെയുള്ള ലാംഗ്വേജ് ലാബ്, ഓണ്‍ലൈന്‍ വായനയുടെ വിശാല ലോകം തുറന്നു തരുന്ന ഡിജിറ്റല്‍ ലൈബ്രറി, സമകാലിക ലോകത്തിന്റെ തുടിപ്പുകള്‍ പ്രതിഫലിപ്പിക്കുന്ന ജേണല്‍ ലൈബ്രറി എന്നീ സംവിധാനത്തോടെ ഏര്‍പ്പെടുത്തിയ ഹസനാത്ത് ലൈബ്രറി സ്ഥാപനത്തിന്റെ മുഖത്തിന് ഭംഗി കൂട്ടുന്നു. വളര്‍ന്നു വരുന്ന വിദ്യാര്‍ഥി സമൂഹത്തില്‍ സംഘാടന ബോധം ഊര്‍ജിതമാക്കുന്നതിനും സാമൂഹിക പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനും നൂതന പദ്ധതികളുമായി വിദ്യാര്‍ഥിസംഘനട അഹ്‌സാസും പൂര്‍വ വിദ്യാര്‍ഥി സംഘടന അഹ്‌സനും സ്ഥാപനത്തിന്റെ ചലനങ്ങള്‍ക്ക് നവോന്മേഷം പകരുന്നു. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറത്ത് വെറുമൊരു വാടകക്കെട്ടിടത്തില്‍ ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് തുടങ്ങുമ്പോള്‍ സ്ഥാപക നേതാക്കള്‍ക്കൊപ്പം താങ്ങായി കൂടെയുണ്ടായിരുന്നത് അല്‍പം സമുദായ സ്‌നേഹികളുടെ സമര്‍പ്പിത മനസ്സു മാത്രമായിരുന്നു. 

ഇല്ലായ്മയുടെ ഇടനാഴികളില്‍ പുരോഗതിയുടെ പച്ചത്തുരുത്തു തേടി മര്‍ഹൂം സയ്യിദ് ഹാശിം ബാഅലവി കുഞ്ഞി തങ്ങളുടെ നേതൃത്വത്തില്‍ സമുദായ സേവനം ജീവിത തപസ്യയാക്കിയ നിഷ്‌കാമ കര്‍മികളായ ഹസനാത്ത് ഭാരവാഹികള്‍ സമൂഹ സമക്ഷം ഇറങ്ങിത്തിരിച്ചപ്പോള്‍ സമൂഹം അവരെ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. നാഥന്‍ ആ സദുദ്യമത്തെ പരിപൂര്‍ണമായും തൃപ്തിപ്പെട്ടതിന്റെ നേര്‍ചിത്രങ്ങളായിരുന്നു അവ.

സ്ഥാപനം ഇന്ന് അഭൂതപൂര്‍വമായ വളര്‍ച്ചയിലൂടെ ഇസ്‌ലാമിക് കോളജിനു പുറമെ അറുപതോളം അന്തേവാസികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും സൗകര്യവും ചെയ്യുന്ന യതീംഖാന, മതകീയാന്തരീക്ഷത്തിലുള്ള ഇംഗ്ലീഷ് ഹൈസ്‌കൂള്‍, നവീന സൗകര്യങ്ങളോടെയുള്ള ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ്, ഇസ്‌ലാമിക് മദ്‌റസ, സമീപ പ്രദേശവാസികളുടെ പ്രധാന ആശാകേന്ദ്രമായ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സെന്റര്‍, സമൂഹത്തിലെ അവശരും ആലംബഹീനരുമായ നിര്‍ധനരുടെ കൈത്താങ്ങായ റിലീഫ് സെല്‍, ഹജ്ജാജിമാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ക്കും ക്ലാസുകള്‍ക്കുമായി ഹജ്ജ് സെല്‍ എന്നീ സംരംഭങ്ങളിലായി വിശാലമായ സേവനമണ്ഡലങ്ങള്‍ കീഴടക്കി പ്രയാണം തുടരുകയാണ്. ഇതിനകം തന്നെ യതീം ഖാനയില്‍ പഠനം പൂര്‍ത്തിയാക്കിയ 107 പെണ്‍കുട്ടികളുടെ വിവാഹം ചെയ്തു കൊടുത്തതും നിത്യരോഗികളായ അന്‍പതു പേര്‍ക്ക് സ്ഥിരമായി സൗജന്യ മരുന്ന് വിതരണം ചെയ്യുന്നതും ഏറെ ചാരിതാര്‍ഥ്യത്തോടെ ഇവിടെ കുറിക്കുന്നു. സ്ഥാപനത്തിലെ പത്തു വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കി പ്രവര്‍ത്തന ഗോദയില്‍ സജീവമായ 21 ഹസ്‌നവികള്‍ക്കും ഹിഫ്‌ളുല്‍ കോളജിലെ പഠനം പൂര്‍ത്തിയാക്കിയ 18 ഹാഫിളീങ്ങള്‍ക്കുമുള്ള സനദ് ദാനമാണ് നാളെ ഹസനാത്തില്‍ നടക്കുന്നത്.
മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന സനദ്ദാന മഹാ സമ്മേളനത്തിലേക്ക് ഹസനാത്തിന്റെ പ്രയാണവീഥിയില്‍ കാലമിത്രയും താങ്ങും തണലുമായി നിന്ന നിഷ്‌കാമകര്‍മികളെ ക്ഷണിക്കുന്നതോടൊപ്പം എല്ലാവിധ സഹായ സഹകരണങ്ങളും അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.