2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സാലറി ചലഞ്ചിനോട് ‘നോ’  പറഞ്ഞ ഉദ്യോഗസ്ഥനെ മാറ്റി 

അജേഷ് ചന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ കഴിയില്ലെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ട ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട സെക്ഷനിലെ സെക്ഷന്‍ ഓഫിസര്‍ കെ.എസ് അനില്‍ രാജിനെയാണ് അടിയന്തരമായി സ്ഥലംമാറ്റി ഇന്നലെ ഉത്തരവിറങ്ങിയത്. സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല സംഘടനാ നേതാവുകൂടിയായ ഇദ്ദേഹത്തെ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലെക്കാണ് മാറ്റിയത്. ധനകാര്യ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവ്. സാലറി ചലഞ്ചിന് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് ഫേസ്ബുക്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും എഴുതിയതിനാണ് നടപടി. സാലറി ചലഞ്ചിലേക്ക് മാസശമ്പളം നല്‍കാന്‍ കഴിവുള്ളവര്‍ നല്‍കണമെന്നും നല്‍കാന്‍ കഴിവില്ലാത്തവരെ പുച്ഛിക്കരുതെന്നും അനില്‍ രാജ് കെ.എസിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. പ്രളയ ദുരന്തഭൂമിയില്‍ ഏതെങ്കിലുമൊക്കെ രീതിയില്‍ സഹായഹസ്തം നീട്ടാത്തവര്‍ കുറവാണ്. ഉള്ളവനും ഇല്ലാത്തവനും വടംവലിയല്ല നടത്തേണ്ടത്. ഇക്കുറി എന്റെ പരമാവധി ഞാനും വീട്ടുകാരും ചെയ്തിട്ടുണ്ട്. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ കഴിവില്ലാത്തതിനാല്‍ ആദ്യത്തെ നോ തന്റേതാകട്ടെന്നും പോസ്റ്റിലുണ്ട്. തൊഴിലാളി അവകാശങ്ങള്‍ നേടിയെടുക്കാനായി ശമ്പളമില്ലാതെ മുന്‍പ് 32 ദിവസം സമരം ചെയ്തയാളാണെന്നും ഇദ്ദേഹം നേരത്തേയിട്ട ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.  ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍തന്നെ ഇത്തരമൊരു പോസ്റ്റിട്ടത് സാലറി ചലഞ്ചിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന കാരണത്താലാണ് അനില്‍ രാജിനെ സ്ഥലം മാറ്റിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.