2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

തടവറക്കുറിപ്പുകള്‍ക്കു ലഭിച്ച അരക്കോടി മൂല്യം

 

സലീം ദേളി#

 

പാപ്പുവ ന്യൂഗിനിയ ദ്വീപില്‍ തടവിലാക്കപ്പെട്ട ഇറാനില്‍നിന്നുള്ള കുര്‍ദിഷ് മാധ്യമപ്രവര്‍ത്തകന്‍ ബെഹ്‌റോസ് ബൂച്ചാനി വാട്‌സ്ആപ്പിലൂടെ ഒരു പുസ്തകമെഴുതി;

No Friend But the Mountains: Writing from Manus Prison.

. ഈ പുസ്തകത്തെ തേടിയാണ് ഇത്തവണ ആസ്‌ത്രേലിയയിലെ ഏറ്റവും വിലപിടിപ്പുള്ള സാഹിത്യ പുരസ്‌കാരം എത്തിയിരിക്കുന്നത്. 100,000 ആസ്‌ത്രേലിയന്‍ ഡോളറാണ് (ഏകദേശം അരക്കോടി രൂപ) സമ്മാനത്തുക.

തടവറയില്‍നിന്ന് വാട്‌സ്ആപ്പിലൂടെ അയച്ച ശബ്ദസന്ദേശങ്ങളാണു പുസ്തകമായി മാറുകയും പിന്നീട് ഇത്രയും വലിയൊരു ബഹുമതിക്കര്‍ഹമാകുന്നതുമെന്നതാണ് ഏറെ ശ്രദ്ധേയം. ബൂച്ചാനി തടങ്കല്‍മുറിയിലിരുന്ന്, സൈനികരില്‍നിന്നെല്ലാം ഒളിച്ച് സ്വന്തം അനുഭവങ്ങള്‍ ഒമിദ് ടോഫിഗിയന്‍ എന്ന സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു ചെയ്തത്. ഫാരിസി ഭാഷയിലായിരുന്നു ശബ്ദസന്ദേശങ്ങള്‍. ഒമിദ് അവയെല്ലാം ഘട്ടംഘട്ടമായി മൊഴിമാറ്റി സമാഹരിച്ചു പുസ്തകമായി ഇറക്കി. മാക്മില്ലന്‍ പബ്ലിഷേഴ്‌സിന്റെ ആസ്‌ത്രേലിയയിലെ സഹോദര സ്ഥാപനമായ പിക്കാഡോര്‍ ആസ്‌ത്രേലിയ അത് പുറത്തിറക്കുകയും ചെയ്തു. തുടര്‍ന്നാണ് വിക്ടോറിയ പുരസ്‌കാരം കൃതിയെ തേടിയെത്തുന്നത്. എന്നാല്‍, അനധികൃത കുടിയേറ്റക്കാര്‍ക്ക് ആസ്‌ത്രേലിയയില്‍ പ്രവേശിക്കുന്നതിനു വിലക്കുള്ളതിനാല്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ബൂച്ചാനിക്കായിരുന്നില്ല. അതുകൊണ്ടു തന്നെ മെല്‍ബണില്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ബൂച്ചാനിക്ക് പകരക്കാരനായി എത്തിയതും ഒമിദ് തന്നെയായിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ബെഹ്‌റോസ് ബൂച്ചാനി ആറു വര്‍ഷങ്ങള്‍ക്കുമുന്‍പാണ് മാനുവ ദ്വീപിലെത്തുന്നത്. ഇറാനിലെ മാധ്യമ സ്വാതന്ത്ര്യമില്ലായ്മയില്‍നിന്നു രക്ഷതേടി ഇന്തോനേഷ്യയിലാണ് ആദ്യമെത്തിയത്. എന്നാല്‍, അവിടെ അധികം തങ്ങാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ട ഘട്ടത്തിലാണ് ആസ്‌ത്രേലിയയിലേക്കു കടക്കാന്‍ നിര്‍ബന്ധിതനായത്. ഒരു കള്ളക്കടത്തുകാരനെ സമീപിച്ച് 5,000 ഡോളര്‍ നല്‍കി കടലില്‍ ബോട്ടുമാര്‍ഗം സാഹസികയാത്രയ്ക്ക് ഒരുങ്ങി. ആദ്യം തവണ തന്നെ പിടിക്കപ്പെട്ടു.
അതിനിടെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ ശക്തമായ നിയമം രൂപീകരിച്ചു കഴിഞ്ഞിരുന്നു. ഇരുപതു ദിവസങ്ങള്‍ ആസ്‌ത്രേലിയയില്‍ കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും പാര്‍പ്പിക്കാറുള്ള കുപ്രസിദ്ധ തടങ്കല്‍കേന്ദ്രത്തില്‍ കഴിഞ്ഞു. ശേഷം സമീപത്തെ ദ്വീപരാജ്യമായ പാപ്പുവ ന്യൂഗിനിയയിലേക്കു കടത്താന്‍ ഉത്തരവായി. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരോട് താന്‍ എഴുത്തുകാരനെന്നു പറഞ്ഞുനോക്കിയെങ്കിലും പരിഹാസമായിരുന്നു മറുപടി. തന്നെ അവഗണിച്ച, മനുഷ്യത്വത്തിനു വില കാണാത്ത ഉദ്യോഗസ്ഥരുടെ അവഹേളനങ്ങള്‍ ബൂച്ചാനിയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. മനസ് ചിന്താക്ഷോഭത്താലും പ്രതിഷേധാഗ്നിയാലും കുഴഞ്ഞുമറിഞ്ഞു.

സ്വദേശങ്ങളിലെ യുദ്ധങ്ങളും ഭരണകൂട അതിക്രമങ്ങളും ആഭ്യന്തര യുദ്ധങ്ങളും ഒരു ജനതയെ ജനിച്ച മണ്ണും വളര്‍ന്ന നാടും വിട്ട് അലയാന്‍ വിധിക്കുമ്പോള്‍, ചെന്നുപെടുന്ന ദേശങ്ങളിലെല്ലാം തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്തി അപഹാസ്യങ്ങള്‍ ഏല്‍ക്കേണ്ടിവരുമ്പോഴുണ്ടാകുന്ന, മനുഷ്യാവകാശങ്ങള്‍ തടവറയുടെ കനല്‍ഭിത്തിയിലടയ്ക്കപ്പെടുമ്പോഴുണ്ടാക്കുന്ന തീവ്രനോവ് അദ്ദേഹത്തിന്റെ രചനകളില്‍ എരിഞ്ഞുകത്തി. പ്രതികാരം വരികളിലൂടെ യുദ്ധം ചെയ്തു. ഭക്ഷണത്തിനായുള്ള ക്യൂവില്‍ നില്‍ക്കുമ്പോഴുള്ള നേര്‍ക്കാഴ്ചകളും ബാത്ത്‌റൂമിന്റെ ഗന്ധവും ഇടുങ്ങിയ കിടപ്പുമുറിയുടെ ശ്വാസം മുട്ടലും ദ്വീപ്നിവാസികളുടെ പരിഹാസങ്ങളും ആ രചനയെ ഒരേ സമയം ഭീകരവും ഹാസ്യാത്മകവും യഥാതഥവുമാക്കി.

ഇപ്പോള്‍, മനുഷ്യത്വരഹിതമായ നയങ്ങള്‍ക്കും ഇടപെടലുകള്‍ക്കും മീതെ വാക്കുകള്‍ക്കു ശക്തിയുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. സാഹിത്യത്തിലും അക്ഷരത്തിലും വിശ്വാസമര്‍പ്പിച്ച ബൂച്ചാനി അധികാരത്തിന്റെ ശബ്ദങ്ങളെ പ്രതിരോധിക്കാന്‍ തന്റേതായ മാര്‍ഗം ഉപയോഗിച്ചു. ഓരോ ദിനങ്ങളും വെറുതെയായിരുന്നില്ല. കനലോളം പോന്ന വാക്കുകള്‍ ഉല്‍പാദിപ്പിക്കുക എന്നതു മാത്രമായിരുന്നു പണി. അക്ഷരങ്ങള്‍ക്കു സകലമാന അതിര്‍ത്തികളെയും ഭേദിക്കാനാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു. ചുരുക്കപ്പെട്ട ദേശത്തിലെ തീക്ഷ്ണാനുഭവങ്ങളെ സംഗ്രഹിച്ചുകൊണ്ട് അദ്ദേഹം യാതനകളുടെ ഒരു ജീവിതപുസ്തകമെഴുതി.

”ഇതന്റെ വിജയമല്ല. മാനവികതയുടെ വിജയം മാത്രമാണ്. മനുഷ്യകുലത്തിന്റെ ജയം. മനുഷ്യത്വരഹിത വ്യവസ്ഥയ്‌ക്കെതിരായ സമ്പൂര്‍ണ വിജയം.” ആസ്‌ത്രേലിയന്‍ സാഹിത്യരംഗത്ത് ഏറ്റവും വിലമതിക്കപ്പെടുന്ന വിക്ടോറിയ പുരസ്‌കാരം തന്നെ തേടിയെത്തിയെന്ന വിവരമറിഞ്ഞു ബൂച്ചാനി പറഞ്ഞ വാക്കുകളാണിത്. ”ഈ പുരസ്‌കാരത്തിലൂടെ ഇവിടെ തടങ്കലിലാക്കപ്പെട്ട ഞാനടങ്ങുന്ന മനുഷ്യര്‍ അനുഭവിക്കുന്ന നോവും വേദനയും ലോകമറിയുമെന്ന സന്തോഷമുണ്ട്. അതിലപ്പുറം എന്റെ ചുറ്റുമുള്ളവരെ ആലോചിച്ചിട്ട് ഇതൊന്ന് ആഘോഷിക്കാന്‍ പോലും തോന്നുന്നില്ല”-അതോടൊപ്പം ഇങ്ങനെയും ബൂച്ചാനി കൂട്ടിച്ചേര്‍ത്തു.

ഐലന്‍ കുര്‍ദിയിലൂടെയും, മധ്യധരണ്യാഴിയിലെ ദൈനംദിന വൃത്താന്തങ്ങളിലൂടെയും അഭയാര്‍ഥി ജീവിതത്തിന്റെ ഭീകരതകള്‍ കണ്ടറിഞ്ഞവര്‍ക്കുമുന്നില്‍ സാഹിത്യത്തിന്റെ രൂപത്തില്‍ വേദനയുടെ മറ്റൊരു ചിത്രം വരച്ചിരിക്കുകയാണ് ബെഹ്‌റോസ് ബൂച്ചാനി. മനുഷ്യനെ ഇരുട്ടിലേക്കു തള്ളിവിടുന്ന തടവറയില്‍നിന്ന് ഒരു മനുഷ്യന്‍ മിന്നലായി ജ്വലിച്ചുനില്‍ക്കുന്നു. ഒരിക്കലും രക്ഷപ്പെടില്ലെന്ന നിരാശയിലമരാതെ, അടക്കപ്പെട്ട വേലികളില്‍നിന്നു ലഭിക്കുന്ന മാസ്മരികതയെ കണ്ടെത്തുകയായിരുന്നു അദ്ദേഹം. അതിപ്പോള്‍ സ്വപ്നം പോലെ സാക്ഷാത്കരിച്ചു. ബൂച്ചാനിയുടെ വാക്കുകള്‍ക്ക് ഇന്നു ലോകം കാതോര്‍ക്കുന്നു.
കൃതി ആരംഭിക്കുന്നത് ഇന്തോനേഷ്യയില്‍നിന്ന് ആസ്‌ത്രേലിയയിലേക്കുള്ള യാത്രാമധ്യേ ബോട്ട് കടലില്‍ മുങ്ങിയ ഭീകര അനുഭവത്തെ ഓര്‍ത്തുകൊണ്ടാണ്. കടലുമായി മല്ലിടുന്ന ആ രംഗത്തെ മനോഹരമായി ആവിഷ്‌കരിക്കുന്നു ബൂച്ചാനി. റോഹിങ്ക്യക്കാരനായ ഒരു കുട്ടി മൃത്യുവിനും ജീവനുമിടയില്‍ നില്‍ക്കുന്ന, വെപ്രാളപ്പെടുത്തുന്ന ഒരു കാഴ്ച വിവരിക്കുന്നുണ്ട്. സമാനമായ കാഴ്ച ഇറാനിലും അദ്ദേഹം കണ്ടിട്ടുണ്ടത്രേ.

ഈ ദ്വീപ് മനുഷ്യശരീരത്തെക്കൊണ്ട് അലങ്കരിച്ച പോലെയാണ്. തടവുകാര്‍ മെറ്റല്‍ പ്രഷര്‍ കുക്കറിലെ മാംസം പോലെയും. പരസ്പരം ദുര്‍ഗന്ധം നിറഞ്ഞ വിയര്‍പ്പ്, ചീഞ്ഞ ശ്വാസനിശ്വാസങ്ങള്‍, എല്ലാം ചേര്‍ന്ന മനുഷ്യന്റേതായൊരു വിഷം കലര്‍ന്നിരിക്കിന്നു ഇവിടെ. എമിഗ്രേഷന്‍ മന്ത്രി മാനസ് സന്ദര്‍ശിക്കുന്നത് വലിയൊരു ബോംബ് പോലെയാണ്. അവര്‍ക്കു പറയാനുള്ളത് ഒരു കാര്യമാണ്: ”നിങ്ങള്‍ക്കു രക്ഷപ്പെടാന്‍ ഒരു അവസരവുമില്ല. നിങ്ങള്‍ സ്വന്തം രാജ്യത്തേക്കു തിരികെപ്പോകണം. അല്ലെങ്കില്‍ ഇവിടെ ശാശ്വതമായിരിക്കും.”

തടവറകളില്‍ കലാപങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് അദ്ദേഹം എഴുതുന്നത് ഇങ്ങനെയാണ്. തടവുകാരുടെ ജീവിതവും ബൂച്ചാനി വെളിപ്പെടുത്തുന്നുണ്ട്. വ്യക്തമായ ഐഡറ്റിന്റിയുള്ള ഓരോ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എല്ലാ കഥകള്‍ക്കും രാഷ്ട്രീയമുണ്ട്. ഭക്ഷണത്തിനുള്ള ക്യൂ, ടോയ്‌ലെറ്റുകള്‍, ടെലിഫോണ്‍, സിഗരറ്റ്, പാരസെറ്റാമോള്‍ എന്നിവയാണു തടവുകാരുടെ ഒരു ദിനം. പാത്രം ഉയര്‍ത്തിപ്പിടിച്ചു മൂടുപടവുമായി മണിക്കൂറുകളോളം കാത്തുനില്‍ക്കണം, ഭക്ഷണത്തിനും ടോയ്‌ലെറ്റില്‍ പോകാനുമെല്ലാം.
ബൂച്ചാനി ഒരു മാധ്യമപ്രവര്‍ത്തകന്‍ മാത്രമല്ല. ഒരു സാമൂഹിക ശാസ്ത്രജ്ഞനും മനശ്ശാസ്ത്രജ്ഞനും കൂടിയാണ്. ആത്മവിശ്വാസിയായ സ്വയംപര്യവേക്ഷകനുമാണ്. അനീതികള്‍ക്കെതിരേ പോരാടാനുള്ള ആയുധമായി സര്‍ഗാത്മകതയെ തിരഞ്ഞെടുത്തവനാണ്. അതിനെ പരിപൂര്‍ണ വിജയത്തിലെത്തിച്ചവനും.
ഇറാനില്‍നിന്നു രക്ഷപ്പെട്ടതിനുള്ള കാരണമായിട്ടല്ലെങ്കിലും, താനൊരു യുദ്ധത്തിന്റെ സന്തതിയാണെന്ന് ബൂച്ചാനി പറയുന്നുണ്ട്. ഇറാന്‍-ഇറാഖ് യുദ്ധം കിടപ്പാടങ്ങള്‍ ഇല്ലാതാക്കിയവരുടെ പിന്തലമുറക്കാര്‍. ഇതില്‍നിന്നൊക്കെയുണ്ടായ അരക്ഷിതാവസ്ഥയുടെയും അസ്വസ്ഥതകളുടെയും ഫലമായി കുര്‍ദിഷ് സായുധസേനയില്‍ ചേര്‍ന്നെങ്കിലും അധികകാലം മുന്നോട്ടുപോകാനായില്ല. മനസിനെ സമാധാനത്തിന്റെ പാതയിലേക്കു തിരികെക്കൊണ്ടുവരാനായിരുന്നു തീരുമാനം. പിന്നീടാണു മാധ്യമപ്രവര്‍ത്തകനാകുന്നതും സ്വാതന്ത്ര്യത്തിന്റെ ദാഹവുമായി നാടുവിടുന്നതുമെല്ലാം.

ബെഹ്‌റോസ് ബൂച്ചാനിയെ കുറിച്ച് ചുരുക്കത്തില്‍

ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ തര്‍ബിയത്ത് മൊദാരിസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് രാഷ്ട്രഭൂമി ശാസ്ത്രത്തിലും ഭൂരാഷ്ട്രതന്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. ഇത്തിമാദ്, ഖാനൂന്‍ അടക്കമുള്ള ഇറാന്‍ മാധ്യമങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ‘വെര്‍യ’ എന്ന പേരില്‍ കുര്‍ദിഷ് മാഗസിനും തുടക്കം കുറിച്ചു.
2013ല്‍ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് സൈന്യം ‘വെര്‍യ’ ഓഫിസ് റെയ്ഡ് ചെയ്ത് ബൂച്ചാനിയുടെ ഏഴു സഹപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. മൂന്നു മാസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷം ഇതേ വര്‍ഷം തന്നെ ബൂച്ചാനി ഇറാനില്‍നിന്ന് ഇന്തോനേഷ്യയിലേക്കു കടന്നു. ഇന്തോനേഷ്യയില്‍നിന്ന് ആസ്‌ത്രേലിയയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് ക്രിസ്മസ് ദ്വീപില്‍ വച്ചു സൈന്യത്തിന്റെ പിടിയിലാകുന്നതും 2013 ഓഗസ്റ്റില്‍ മാനസ് ദ്വീപിലെ തടങ്കല്‍കേന്ദ്രത്തിലേക്കു മാറ്റുന്നതും. പെന്‍ ഇന്റര്‍നാഷനല്‍ അടക്കമുള്ള നിരവധി രാജ്യാന്തര സംഘടനകള്‍ അദ്ദേഹത്തിന്റെ മോചനത്തിനായി കാംപയിന്‍ നടത്തിവരുന്നുണ്ട്.

തടവറയില്‍നിന്ന് ദി ഗാര്‍ഡിയന്‍, ദി ഹഫിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള മുന്‍നിര പത്രങ്ങള്‍ക്കു വേണ്ടി തടവറയിലെ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നിവയ്ക്കു പുറമെ സിനിമാ നിര്‍മാതാവ്, കവി എന്നീ നിലയിലും ബൂച്ചാനി തിളങ്ങിയിട്ടുണ്ട്. വിക്ടോറിയ പുരസ്‌കാരത്തിനു പുറമെ, 2017ലെ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ആസ്‌ത്രേലിയ മീഡിയ അവാര്‍ഡ്, 2018ലെ അന്നാ പൊളിറ്റ്‌കോവിസ്‌കിയ ജേണലിസം അവാര്‍ഡ്, 2018ലെ തന്നെ ലിബര്‍ട്ടി വിക്ടോറിയ അവാര്‍ഡ് എന്നിവയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News