2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സാലറി ചലഞ്ച്: ജീവനക്കാരുടെ സമ്മതം വേണ്ട : മൗനം സമ്മതമാക്കും

അജേഷ് ചന്ദ്രന്‍

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായുള്ള മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ ജീവനക്കാരെ പിടിച്ചുപറിക്കാനൊരുങ്ങി ധനവകുപ്പ്. മൗനം സമ്മതമായി കണക്കാക്കി എതിര്‍പ്പറിയിക്കാത്തവരുടെയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് വകയിരുത്തും. ഇതു വ്യക്തമാക്കിക്കൊണ്ടുള്ള കരടിന് ധനമന്ത്രി അംഗീകാരം നല്‍കി. ഉത്തരവ് ഇന്നിറങ്ങും.
സമ്മതപത്രം വാങ്ങിയതിന് ശേഷം മാത്രം ജീവനക്കാര്‍ക്ക് സംഭാവന ചെയ്യാന്‍ കഴിയുന്ന തുക വാങ്ങാമെന്നായിരുന്നു നേരത്തെ അനൗദ്യോഗികമായി ധാരണയായിരുന്നത്. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചുവന്നതിനു ശേഷം ഇതുസംബന്ധിച്ച അന്തിമതീരുമാനത്തിനും ധാരണയായിരുന്നു. എന്നാല്‍, ഇതിന് വിപരീതമായാണ് പുതിയ തീരുമാനം.
ജീവനക്കാര്‍ ശമ്പളം നല്‍കാന്‍ സമ്മതമറിയിക്കേണ്ടതില്ല. വിസമ്മതം അറിയിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് കുറവ് ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കും. വിസമ്മതം അറിയിക്കാത്ത ജീവനക്കാരില്‍ നിന്നെല്ലാം ഒരു മാസത്തെ ശമ്പളം പരമാവധി 10 ഗഡുക്കളായി ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വരുന്നതുവരെ കാക്കാതെ സെപ്റ്റംബര്‍ മാസത്തെ ശമ്പളം മുതല്‍ ഗഡുക്കള്‍ പിടിച്ചുതുടങ്ങും. ജീവനക്കാര്‍ക്ക് ആര്‍ജിതാവധി സറണ്ടര്‍ ചെയ്തുകൊണ്ട് ഒറ്റത്തവണ അടയ്ക്കാനുള്ള സൗകര്യമുണ്ടാകും. അടയ്ക്കുന്ന തുകയ്ക്ക് വരുമാനനികുതിയിളവ് നല്‍കും. ഓഖി ദുരിതാശ്വാസ സമയത്ത് നല്‍കിയതുപോലെ ഒരു മാസത്തില്‍ കുറഞ്ഞ ശമ്പളമോ ഒരു നിശ്ചിത തുകയോ സംഭാവനയായി നല്‍കാനുള്ള ഓപ്ഷന്‍ ജീവനക്കാര്‍ക്ക് ഉണ്ടായിരിക്കില്ല.
ഓരോ ജീവനക്കാരനും കൈപ്പറ്റുന്ന ഒരു മാസത്തെ ശമ്പളമല്ല പിടിക്കുക. ഒരു മാസത്തെ മൊത്തശമ്പളമാണ്(ഗ്രോസ് സാലറി) 10 ഗഡുക്കളായി പിടിക്കുക. ഇത് ജീവനക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തും. ഉദാഹരണത്തിന് 40,000 രൂപ മൊത്തശമ്പളമുള്ള ഒരു ജീവനക്കാരന്‍ ചിലപ്പോള്‍ കൈപ്പറ്റുന്നത് 20,000 മാത്രമായിരിക്കാം. എന്നാല്‍, മൊത്തശമ്പളത്തിന്റെ 10 ശതമാനം വീതമാണ് ഓരോ മാസവും ഈടാക്കുക. അങ്ങനെ വരുമ്പോള്‍ മാസം 20,000 രൂപ കൈപ്പറ്റുന്ന ജീവനക്കാരന്‍ 4,000 രൂപ വീതം 10 മാസം ദുരിതാശ്വാസനിധിയിലേക്ക് നല്‍കേണ്ടി വരും. ഫലത്തില്‍ 16,000 രൂപ മാത്രമായി അടുത്ത പത്ത് മാസത്തേക്ക് ശമ്പളം ചുരുങ്ങും. ഇത് ജീവനക്കാരുടെ കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കും.
സെപ്റ്റംബര്‍ മാസത്തെ സാലറിയില്‍ നിന്നുതന്നെ കുറവു വരുത്തുന്ന രീതിയിലാണ് മുഖ്യമന്ത്രി വരുന്നതിനു മുന്‍പ് തന്നെ തിരക്കിട്ട തീരുമാനമെടുത്തത്. ജീവനക്കാരുടെ സംഘടനകളുമായുള്ള ധാരണയ്ക്ക് വിരുദ്ധമായുള്ള പുതിയ തീരുമാനം കടുത്ത പ്രതിഷേധത്തിനിടയാക്കും. സമ്മതപത്രം വാങ്ങാതെ തന്നെ വിസമ്മതം അറിയിച്ചില്ലെന്ന കാരണത്താല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും കുറവു വരുത്തുന്നതു സംബന്ധിച്ച് നിയമസാധ്യതയില്ലാത്തതിനാല്‍ നേരത്തെ തന്നെ ജീവനക്കാരുടെ സംഘടനകള്‍ എതിര്‍ത്തിരുന്നു.
പെന്‍ഷന്‍കാരില്‍ നിന്നും ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം സമാഹരിച്ച് ഏഴായിരം കോടിയോളം രൂപ കണ്ടെത്തുക എന്നതായിരുന്നു സാലറി ചലഞ്ചിന്റെ പ്രാഥമിക ലക്ഷ്യം. എന്നാല്‍, പെന്‍ഷന്‍കാരില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതു സംബന്ധിച്ച് ഇപ്പോള്‍ ധാരണയായിട്ടില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.