2019 February 17 Sunday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

സഹജം

നിഷാ നാരായണന്‍

ഗുരോ,

മുന്‍ബെഞ്ചില്‍ ആദ്യമിരിക്കുന്ന
ആ കുട്ടി എന്തുചെയ്യുകയാണ്?

അവനൊരു
പ്രബന്ധമെഴുതുകയാണ്.

ആ നീലക്കസേരയില്‍
പുറംതിരിഞ്ഞിരിക്കുന്ന കുട്ടിയോ?

ചരിത്രപുസ്തകത്തിലെ
ഒരുപന്യാസം
മനഃപാഠമാക്കുകയാണ്.

അവസാനബെഞ്ചിലെ കുട്ടികള്‍
കണക്കിലെ കൃത്യങ്കനിയമങ്ങള്‍
പലവുരു എഴുതിപ്പഠിക്കുകയാണ്.
ഇടബെഞ്ചിലെ കെന്നഡിയെന്നു
തമാശപ്പേരുള്ള ജോണ്‍
നാളത്തെ അസംബ്ലിയിലേയ്‌ക്കൊരു
പ്രസംഗം ഉരുവിടുകയാണ്.
സാമും ചിത്രയും
ശാസ്ത്രപരീക്ഷണങ്ങള്‍
അതേപടി ബുക്കിലേക്കു
പകര്‍ത്തുകയാണ്.
നാലുപേര്, തെക്കേ അറ്റത്ത്
പിറകുബെഞ്ചില്‍
പ്രശ്‌നോത്തരി കാണാതെ
പഠിക്കുകയാണ്.
ചരിത്രസംഭവങ്ങളും
അതത് തിയതികളും
ഓര്‍ത്തുപറഞ്ഞ്, സൈഡ് ബെഞ്ചില്‍
മുഹമ്മദും തെരേസയും മത്സരിച്ചു
മുറുകുന്നു.
രമേശ്, സലില, യദു, പ്രിയ അവര്…

ഗുരോ,
തല ജനാലയിലൂടെ
പുറത്തേക്കിട്ടിരിക്കുന്ന ആ കുട്ടി
എന്തുചെയ്യുകയാണ്?
ഓ അവനോ..
അവനൊരു കിളിയുടെ പാട്ട്
കേള്‍ക്കുകയാണ്.

അവനെന്റെ ഹൃദയം
കൊടുത്തേക്കൂ,
എന്നിട്ടവനു ചെവിയോര്‍ക്കൂ…


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.