2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

സുരക്ഷയാണ് പ്രധാനം; വിമാനകമ്പനികളുടെ സര്‍വീസ് റദ്ദാക്കിയതിനെ കുറിച്ച് മന്ത്രി

ന്യൂഡല്‍ഹി: യാത്രക്കാരുടെ ജീവന്റെ സുരക്ഷയാണ് ആദ്യം പ്രധാനം. അതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അതുകൊണ്ടാണ് ഗോ എയര്‍, ഇന്‍ഡിഗോ വിമാനകമ്പനികളുടെ സര്‍വീസുകള്‍ റദ്ദാക്കുവാന്‍ നിര്‍ദേശം നല്‍കിയതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

കഴിഞ്ഞ ദിവസം എന്‍ജിന്‍ തകരാറുകളുള്ള വിമാനങ്ങള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ഏവിയേഷന്‍ മന്ത്രാലയം ഉത്തരവിട്ടിരുന്നു. പി.ഡബ്യു 1100 എന്‍ജിനുകളാണ് ഇവയില്‍ പ്രധാനം. ഗോ എയറും ഇന്‍ഡിഗോയും ഇത്തരം എന്‍ജിനുകളാണ് തങ്ങളുടെ വിമാനങ്ങളില്‍ ഉപയോഗിക്കുന്നത്. ഇവയുടെ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ജിന്‍ തകരാറുകളെ തുടര്‍ന്ന് ഇന്‍ഡിഗോയും ഗൊ എയറും 65 ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്. ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികളുടെ വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പറക്കല്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇന്‍ഡിഗോ മാത്രം ചുരുങ്ങിയത് 47 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്. ഗോ എയര്‍ 18 സര്‍വീസുകളാണ് റദ്ദാക്കിയത്.

വിമാനം റദ്ദാക്കിയത് അറിയാതെ യാത്രക്ക് തയ്യാറായെത്തിയ നിരവധി പേര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. പലതും കണക്ഷന്‍ ഫ്‌ളൈറ്റുകളാണ് എന്നതും യാത്രക്കാരെ വെട്ടിലാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.