2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പുനര്‍വിചിന്തനത്തിന്റെ ഏകാന്ത വേള

സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍

‘അഴുകുന്ന കലകള്‍ തന്‍ മണവും പിടിച്ചവന്‍
ഇവിടെ നില്‍പുണ്ടായിരുന്നു….
വാര്‍ഡുകള്‍ക്കിടയിലെ മൂകതയില്‍,
ഇല്ലെങ്കിലോക്‌സിജന്‍ കിറ്റിനു പിന്നില്‍,
കത്തിയില്‍, ക്ലിപ്പുകളില്‍, ഫോഴ്‌സെപ്‌സില്‍
രുഗ്ണമാം കലകളെ തേടുന്ന
കത്രിക തുമ്പില്‍
ഒരു പിഴവു പറ്റുന്നതും പാര്‍ത്ത്
വൈദ്യുതി നിലച്ചിരുളിലൊരു
കൈത്തെറ്റു കാത്ത്
ഒരു ജീര്‍ണ്ണ ഗന്ധമായ്
ഒരു നിഴലായ്
അലയുകയമാവന്‍…”

മരണം, ആശുപത്രി വാര്‍ഡില്‍ ഒരു കോമാളിയെ പോലെ അലയുന്നതായി ചിത്രീകരിക്കുന്ന ‘മരണത്തെ കുറിച്ചൊരമൂര്‍ത്ത പഠനം’ എന്ന കവിതയില്‍ എന്‍.എന്‍ കക്കാട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതിയ വരികള്‍ ഇന്ന് കൂടുതല്‍ അര്‍ഥവത്താകുകയാണ്. കക്കാട് മരണത്തെ പറ്റി എഴുതിയ വരികള്‍, ഇന്ന് ലോകത്തെ വേട്ടയാടുന്ന കൊവിഡ് – 19 എന്ന സൂക്ഷമ കൊലയാളിയെ സംബന്ധിച്ച് കൂടുതല്‍ അനുയോജ്യമായി തീര്‍ന്നിരിക്കുന്നു. ലോകത്തിന്റെ സര്‍വ തലവും അവന്‍ കയ്യടക്കിയിരിക്കുന്നു. ആഫ്രിക്കയിലെ കുഗ്രാമങ്ങള്‍ മുതല്‍ യൂറോപ്പിലെ അംബരചുംബികള്‍ നിറഞ്ഞ രമ്യനഗരങ്ങള്‍ വരെ അവന്റെ പടയോട്ടത്തിനു മുന്‍പില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി മുതല്‍ ചെങ്കിസ് ഖാന്‍ വരെയുള്ള മാനവ ദിഗ്വിജയികളെ മുഴുവന്‍ തോല്‍പ്പിക്കുന്ന തരത്തിലാണ് ഈ ഇത്തിരി കുഞ്ഞന്‍ വൈറസിന്റെ അശ്വമേധം.
കൊവിഡ് – 19 പൊട്ടിപ്പുറപ്പെട്ടതിന് പിന്നില്‍ രണ്ടു സാദ്ധ്യതകളുണ്ട്. ഒന്ന് പ്രകൃതിയുടെ മേല്‍ മനുഷ്യന്‍ നടത്തിയ വിവേക ശൂന്യമായ കടന്നു കയറ്റം. അല്ലെങ്കില്‍ മനുഷ്യന്റെ ആസുരമായ ആധിപത്യ മോഹത്തില്‍ നിന്ന് ഉടലെടുത്ത ജൈവായുധം. ചൈനയിലെ വുഹാന്‍ നഗരത്തിലെ മാംസച്ചന്തയില്‍ വിറ്റഴിച്ച കാട്ടുപന്നിയുടെ മാംസത്തില്‍ നിന്നാണ് കൊവിഡ് – 19 എന്ന ഭൂതം പുറത്ത് ചാടിയത് എന്നതാണ് ഒരു വാദം. ലോകത്തിന് മേല്‍ അവകാശമുള്ള മറ്റു ജീവികളുടെ മേല്‍ മനുഷ്യന്‍ നടത്തിയ കടന്നു കയറ്റത്തിന് പ്രകൃതി നല്‍കിയ തിരിച്ചടി. രണ്ടാമത്തെ സാധ്യത കൊവിഡ് – 19 ഏതെങ്കിലും ഒരു രാഷ്ട്രം സൂപ്പര്‍ പവറായ അമേരിക്കയോ അല്ലെങ്കില്‍ അമേരിക്കയെ വെല്ലാന്‍ ഒരുങ്ങുന്ന ചൈനയോ സൃഷ്ടിച്ച ജൈവായുധമാണ് എന്നതാണ്. ഡീന്‍ കൂന്ത്‌സ് എന്ന അമേരിക്കന്‍ നോവലിസ്റ്റ് 1981ല്‍ എഴുതിയ ദി ഐസ് ഓഫ് ഡാര്‍ക്‌നെസ്സ് (ഠവല ഋ്യല െ ീള ഉമൃസില)ൈ എന്ന നോവലില്‍ 2020ല്‍ വുഹാന്‍ നഗരത്തില്‍നിന്ന് ചൈന സൃഷ്ടിച്ച വുഹാന്‍ 400 എന്ന വൈറസ് ലോകത്തെ വിറപ്പിക്കുന്ന കഥ പറയുന്നുണ്ട്. ഈ വൈറസിന്റെ അതിസൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും നോവലില്‍ നല്‍കിയുട്ടുണ്ട്.
വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ചൈന സൃഷ്ടിച്ചതാണ് കൊവിഡ് എന്ന ആരോപണം അമേരിക്കന്‍ സെനറ്ററായ ടോം കോട്ടണ്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. സമാനമായ പ്രത്യാരോപണം ചൈന, അമേരിക്കക്ക് എതിരെയും നടത്തുന്നുണ്ട്.ഏതായാലും മനുഷ്യന്റെ ആര്‍ത്തിയുടേയും അധിപത്യമോഹത്തിന്റേയും ഫലമായി ഉണ്ടായതാകാം ഈ മാരകമായ വൈറസ് ബാധ. എണ്ണായിരത്തോളം മനുഷ്യര്‍ ദിവസവും മരിക്കുന്ന ഒരു വൈറസ് ലോകത്തിലുണ്ട്. അതിന്റെ പേര് വിശപ്പെന്നാണ്. അതിനുള്ള വാക്‌സിന്‍ ഭക്ഷണവും. ലോകത്ത് ലക്ഷക്കണക്കിന് മനുഷ്യര്‍ ഒരു നേരത്തെ ഭക്ഷണത്തിനു കേഴുമ്പോള്‍ ഭരണകൂടങ്ങള്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനാണ് വ്യഗ്രത കാണിച്ചത്. ഈ അനീതിക്കെതിരേ നല്‍കപ്പെട്ട ശിക്ഷയായും ഇത്തരം മഹാമാരിയെ കാണാം. സിറിയയില്‍നിന്നും മറ്റും മധ്യധരണ്യാഴി വഴി വെറും റബര്‍ ബോട്ടില്‍ മുറിച്ചു കടന്നുവന്നു അഭയം ചോദിച്ച നിസ്സഹായരായ മനുഷ്യരെ നിഷ്‌കരുണം ആട്ടിയോടിച്ച രാഷ്ട്രങ്ങളാണ് ഇന്ന് കൊവിഡ് വൈറസിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന ഇറ്റലിയും സ്‌പെയിനും.

‘ചെന്നായിന്‍ ഹൃത്തിനും, ഹാ, ഭുവി, നരഹൃദയ- ത്തോള, മയ്യോ, കടുപ്പം
വന്നിട്ടില്ല ഭുജിപ്പൂ മനുജനെ മനുജന്‍;
നീതി കൂര്‍ക്കം വലിപ്പൂ.
നന്നാവില്ലീ പ്രപഞ്ചം; ദുരയുടെ കൊടിയേ
പൊങ്ങു; നാറ്റം സഹിച്ചും
നിന്നീടാനിച്ഛയെന്നോ? മഠയ, മനുജ, നീ
പോകൂ, മിണ്ടാതെ ചാകൂ ! ‘

എന്ന് കവി ചങ്ങമ്പുഴ 1946ല്‍ എഴുതിയത് ഇന്ന് ഏറെ സത്യമായി മാറി. മനുഷ്യന്‍, മനുഷ്യനെ തന്നെ കൊത്തി വലിക്കുന്ന, നീതി സുഷുപ്തിയിലാണ്ട, ദുരയുടെ കൊടി പാറുന്ന ലോകമായി നമ്മുടെ കാലം മാറി. ഒരു വലിയ സമൂഹത്തിന്റെ പൗരത്വം പോലും വലിച്ചു കീറി അവരെ അഭയാര്‍ഥികളാക്കാന്‍ വെമ്പുന്ന ഭരണകൂടം നമ്മുടെ രാജ്യത്തുമുണ്ടായി. മനുഷ്യന്റെ ജീവനും ധനവും മാനവും അവന്റെ മതത്തിന്റെ പേരില്‍ കൈയേറ്റത്തിന് ഇരയാകുന്നു. ഈ അനീതികളെ കുറിച്ച് ഓരോ മനുഷ്യനും സ്വയം പുനര്‍വിചിന്തനം നടത്താനുള്ള സമയമാണിത്. അനീതികളെ സ്വമനസ്സുകളില്‍ നിന്ന് ഉച്ഛാടനം ചെയ്യാനുള്ള അവസരമായി ഈ ഏകാന്ത ദിനരാത്രങ്ങളെ നാം ഉപയോഗപ്പെടുത്തണം. ഇത് മനുഷ്യനുള്ള അവസാനത്തെ മുന്നറിയിപ്പാണ്. മനുഷ്യന്‍ അവന്റെ ദുര്‍ബലതയെ പറ്റി ബോധവാനാകണം. നീതിയെ ആത്മാവിലേക്ക് ആവാഹിക്കണം.
ശരീരം കൊണ്ട് അകല്‍ച്ചയും ആത്മാവുകൊണ്ട് അടുപ്പവും സൂക്ഷിക്കേണ്ട വേളയാണിത്. മുആദ് ബ്‌നു ജബല്‍ (റ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂല്‍ അഞ്ച് കാര്യങ്ങള്‍ ഞങ്ങളില്‍ നിന്ന് കരാര്‍ വാങ്ങുകയും അവ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വര്‍ഗമുണ്ടെന് ഉറപ്പ് നല്‍കുകയും ചെയ്തു. ഒന്ന്: രോഗിയെ സന്ദര്‍ശിക്കുന്നവന്‍ രണ്ട്: ജനാസയെ അനുഗമിക്കുന്നവന്‍. മൂന്ന്: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പടപൊരുതുന്നവന്‍ നാല്: നേതൃത്വത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവന്‍. അഞ്ച്: സ്വയം രക്ഷക്കായും ജനങ്ങളുടെ രക്ഷക്കായും വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരിക്കുന്നവന്‍(അഹ്മദ്, ത്വബ്‌റാനി). സാമൂഹ്യ അകല്‍ച്ച (സോഷ്യല്‍ ഡിസ്റ്റന്‍സിങ്) ഒരിക്കലും മാനസികമായ അകല്‍ച്ചക്ക് കാരണമാകരുത്.
‘ നിത്യവും ജീവിതം വിതയേറ്റി,
മൃത്യു കൊയ്യും വിശാലമാം പാടം”
എന്ന് കവി വൈലോപ്പിള്ളി ലോകത്തെ വിശേഷിപ്പിക്കന്നുണ്ട് തന്റെ ‘കന്നിക്കൊയ്ത്ത് ‘ എന്ന ചേതോഹര കവിതയില്‍. എന്നാല്‍,
‘ഹാ, വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ ?”
എന്ന് കവി ആശ്വാസം കൊള്ളുന്നുമുണ്ട്. അതിനാല്‍ കവിതയുടെ അന്ത്യത്തില്‍ കവി ഇങ്ങനെ ഉപസംഹരിക്കുന്നു;
‘ആകയാലോറ്റയൊറ്റയില്‍ കാണു
മകുലികളെപ്പാടിടും വീണേ,
നീ കുതുകമോടലാപിച്ചാലും
ഏക ജീവിതാനശ്വര ഗാനം!”
ആകുലതകള്‍ വീടൊഴിഞ്ഞു പോയി, സ്‌നേഹാര്‍ദ്രമായ കൊച്ചു സന്തോഷങ്ങള്‍ തിരിച്ചു വന്ന്, ജീവിതാനശ്വര ഗാനം അതിന്റെ ഹൃദയഹാരിയായ സ്വരത്തില്‍ ഇനിയും ഇടമുറിയാതെ ഒഴുകട്ടെയെന്നു പ്രാര്‍ഥിക്കുന്നു.
‘ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും’ (ഖുര്‍ആന്‍ 94:5,6).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.