2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

വൈജ്ഞാനിക വിപ്ലവത്തിന്റെ അഞ്ചര പതിറ്റാണ്ട്

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍#

 

കേരള മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാന പ്രക്രിയയില്‍ ജാമിഅ നൂരിയ്യ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭാഗധേയം അനിഷേധ്യമാണ്. 56ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അര്‍ഥപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ആത്മനിര്‍വൃതിയില്‍ ജാമിഅ പ്രവര്‍ത്തന ഗോദയില്‍ പുതിയ മുന്നേറ്റങ്ങള്‍ക്കു കാതോര്‍ക്കുകയാണ്. വിവര സാങ്കേതിക രംഗത്തും ധൈഷണിക മേഖലയിലും ലോകം അനുസ്യൂതം പുരോഗമിക്കുമ്പോള്‍ മതവിദ്യാഭ്യാസ രംഗവും ചില പുതുവഴികള്‍ തേടുന്നുണ്ട്. ഇത്തരം കാലത്തിന്റെ വിളിയാളവും സാഹചര്യങ്ങളുടെ ആവശ്യകതയും മനസിലാക്കിയുള്ള മത വിദ്യഭ്യാസത്തിന്റെ പുനഃക്രമീകരണ പാതയിലാണ് ജാമിഅ ഇപ്പോഴുള്ളത്. ഈ പുതിയ തീരുമാനങ്ങളുടെയും ആലോചനകളുടെയും പശ്ചാതലത്തിലാണ് ജാമിഅ നൂരിയ്യ അതിന്റെ വാര്‍ഷിക സനദ് ദാന സമ്മേളനത്തിന് സാക്ഷിയാകുന്നത്.
മുസ്‌ലിം കൈരളിയുടെ വൈജ്ഞാനിക വിഹായസില്‍ നക്ഷത്രശോഭയോടെ പ്രഭ ചൊരിഞ്ഞ ഈ അനുപമ കലാലയം സമകാലിക വെല്ലുവിളികള്‍ ഏറ്റെടുത്ത് പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. ദേശാന്തര പ്രശസ്തി നേടിയ ജാമിഅ നൂരിയ്യ ഒരു മതകലാലയം എന്നതിനേക്കാളുപരി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാന പാതയിലെ അതിനിര്‍ണായികമായൊരു നാഴികക്കല്ലാണ്. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ മുസ്‌ലിം കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഏറ്റവും വലിയ ചാലക ശക്തികളിലൊന്ന് ഈ വിദ്യാഭ്യാസ നവോത്ഥാന സ്ഥാപനമാണ്.
അഞ്ചു പതിറ്റാണ്ടിനകം കേരളത്തിലുണ്ടായ പള്ളികള്‍, സംസ്ഥാനത്ത് പ്രചുരപ്രചാരം നേടിയ മദ്‌റസ പ്രസ്ഥാനം, അനാഥ- അഗതി കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സമുച്ചയങ്ങള്‍ തുടങ്ങി സമുദായം നേടിയ പുരോഗതികളിലെല്ലാം ജാമിഅയുടെ മുദ്രചാര്‍ത്താന്‍ സന്തതികളിലൂടെയും നേതാക്കളിലൂടെയും ജാമിഅക്ക് സാധിച്ചിട്ടുണ്ട്. സുന്നത്ത് ജമാഅത്തിന്റെ ആശയപ്രചാരണ രംഗത്തു കാണുന്ന പ്രഭാഷകര്‍, എഴുത്തുകാര്‍, സംഘാടകര്‍ തുടങ്ങിയവരില്‍ ഫൈസിമാരോ അവരുടെ ശിഷ്യന്‍മാരോ അല്ലാത്തവര്‍ വളരെ വിരളമാണ്. ചുരുക്കത്തില്‍ ഭൗതിക വിദ്യാഭ്യാസ രംഗത്ത് അലിഗഡ് മൂവ്‌മെന്റ് ദേശീയ തലത്തില്‍ ചെലുത്തിയ സ്വാധീനത്തിലേറെ മതരംഗത്ത് മുസ്‌ലിം കേരളത്തെ ജാമിഅ സ്വാധീനിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ജാമിഅ എന്ന് പറഞ്ഞാല്‍ ജാമിഅ മില്ലിയ്യയെങ്കില്‍ കേരളത്തില്‍ ജാമിഅ എന്നുപറഞ്ഞാല്‍ ജാമിഅ നൂരിയ്യ അറബിയ്യ തന്നെയാണ്.
വിശുദ്ധ പ്രവാചകരുടെ കാലം തൊട്ട് തന്നെ ഇസ്‌ലാമിക സാന്നിധ്യം കൊണ്ടനുഗ്രഹീതമായ കേരളം മതവിജ്ഞാന പ്രചാരണരംഗത്തും ഏറെ മുന്നേറിയിരുന്നു. പ്രവാചക നൂറ്റാണ്ടില്‍ തന്നെ സ്ഥാപിതമായ പള്ളികളും തുടര്‍ന്നു സ്ഥാപിതമായ പള്ളി ദര്‍സുകളും നാടിന്റെ സുകൃതമായിരുന്നു. അഞ്ചു നൂറ്റാണ്ടു മുന്‍പ് മഖ്ദൂമുമാര്‍ പൊന്നാനിയിലെത്തിയതോടെ മതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ അന്തര്‍ദേശീയ ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ മക്കയെന്ന് ജനം പൊന്നാനിയെ വിളിച്ചു. കാലക്രമേണ പൊന്നാനിയുടെ യശസ് മങ്ങി. ഉന്നത മതപഠനത്തിനു വിദൂര ദേശങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഇതോടെ കേരളത്തിലെ മിക്ക പണ്ഡിതര്‍ക്കും ഉപരിപഠനം മരീചികയായി അവശേഷിച്ചു.
ഇസ്‌ലാമിക ജ്ഞാനങ്ങള്‍ പ്രാപ്തിയോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന പണ്ഡിതനിരയുടെ അഭാവം സമുദായത്തില്‍ സൃഷ്ടിച്ചേക്കാവുന്ന ഗുരുതരമായ വിപത്തുകളെകുറിച്ച് ചിന്തിക്കുകയും സമസ്തയുടെ നേതൃത്വത്തില്‍ ഉന്നത മതകലാലയം സ്ഥാപിക്കുകയും ചെയ്തു. കൊടുവായിക്കല്‍ ബാപ്പു ഹാജിയുടെയും മറ്റു പൗരപ്രമുഖരുടെയും സഹായഹസ്തങ്ങള്‍ ഈ പദ്ധതിയുടെ വേഗത വര്‍ധിപ്പിച്ചു.
മുസ്‌ലിം കേരളത്തിന്റെ ചരിത്രനിര്‍മിതിയില്‍ എക്കാലെത്തെയും ശ്രദ്ധേയമായ വ്യക്തികളാണ് ജാമിഅ നൂരിയ്യക്ക് നേതൃത്വം നല്‍കിയത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, പി.വി.എസ് മുസ്തഫ പൂക്കോയ തങ്ങള്‍, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്.
6975 പണ്ഡിതന്മാരെയാണ് ഇതിനകം ജാമിഅ സമുദായത്തിന് സമര്‍പ്പിച്ചത്. സമുദായത്തിന്റെ മുന്നണിപ്പോരാളികളാണിവര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്ത് സേവനം ചെയ്തു വരുന്ന മാനവ മൈത്രിയുടെ പ്രചാരകരായ ഫൈസിമാര്‍ക്ക് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ദേശീയോദ്ഗ്രഥനത്തിനും മികച്ച സംഭാവനകളര്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
ജാമിഅയുടെ പ്രവര്‍ത്തനവീഥിയില്‍ പുതുപരീക്ഷണങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെ വിപുലീകരണമാണ് ഇതില്‍ പ്രധാനം. മുസ്‌ലിം സമുദായത്തെക്കുറിച്ച് കൃത്യമായി പഠിച്ച് സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കാനും സമുദായത്തിനാവശ്യമായ പദ്ധതികള്‍ മുന്‍ഗണനാ ക്രമപ്രകാരം ഏറ്റെടുത്ത് നടത്താനും സാധിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള പഠന ഗവേഷണ കേന്ദ്രം ശിഹാബ് തങ്ങളുടെ പേരില്‍ ആരംഭിച്ചത് ജാമിഅയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. ജാമിഅയുടെ പ്രഥമ പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി, പാണക്കാട് പൂക്കോയ തങ്ങള്‍ ട്രൈനേഴ്‌സ് ട്രൈനിങ് സെന്റര്‍, ശംസുല്‍ ഉലമാ സ്മാരക ഇസ്‌ലാമിക് റിസര്‍ച്ച് സെന്റര്‍, കോട്ടുമല ഉസ്താദ് സ്മാരക ഉപഹാരങ്ങള്‍ എന്നിവയും ഏറെ ശ്രദ്ധേയമായ വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ്.
പിന്നിട്ട വഴികളില്‍ ജാമിഅയെ നെഞ്ചിലേറ്റിയ ഈ സമുദായത്തിന്റെ പിന്തുണയും സഹായഹസ്തങ്ങളും തുടര്‍ന്നും ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.
(ജാമിഅ നൂരിയ്യ ജനറല്‍
സെക്രട്ടറിയാണ് ലേഖകന്‍)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.