2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

സദ്ദാമില്ലാത്ത ഇറാഖിന് 11 വര്‍ഷം; ഓര്‍ക്കുന്നു തൂക്കിലേറ്റിയ അല്‍ റുബായി

പിന്നീട് തൂക്കിലേറ്റാനുള്ള മുറിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. അയാള്‍ ഒന്നു നിന്നു. തൂക്കുമരത്തിലേക്ക് നോക്കിയ ശേഷം എന്നെ അടിമുടി നോക്കി. എന്നിട്ട് പറഞ്ഞു- ''ഡോക്ടര്‍ ഇത് ആണുങ്ങള്‍ക്ക് ഉള്ളതാണ്''

11 വര്‍ഷം മുന്‍പ് ഇതേ ദിവസം, ബലിപെരുന്നാള്‍ ദിനം. അന്നത്തെ പുലര്‍ച്ചെയുടെ സൂര്യോദയം സദ്ദാം ഹുസൈനന്ന അസാമാന്യ മനുഷ്യന്റെ അന്ത്യത്തോടെ വെളിച്ചമില്ലാതെ പോയി.

2006 ഡിസംബര്‍ 30നായിരുന്ന ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയത്. തന്റെ ഭരണകാലത്ത് 1982 ല്‍ ദുജൈല്‍ നഗരത്തില്‍ 148 കുര്‍ദ് വംശജരായ ശിഈകളെ കൂട്ടക്കൊല ചെയ്തുവെന്ന ആരോപണത്തിലാണ് അമേരിക്കന്‍ ഭരണകൂടം പിടികൂടി വധശിക്ഷ നടപ്പിലാക്കിയത്. അറബ് രാഷ്ട്രങ്ങള്‍ക്കു മേല്‍ അമേരിക്കയുടെ കിരാതമായ കൈകള്‍ നീണ്ട ആ സംഭവത്തിന് ഇന്ന് 11 വയസ്സ്.

അന്ത്യനിമിഷങ്ങൡലെ സദ്ദാമിന്റെ ധൈര്യം കണ്ടാണ് ലോകം അമ്പരന്നത്. ഒരു കയ്യില്‍ വിശുദ്ധ ഖുര്‍ആന്‍ പിടിച്ച് ജഡ്ജിക്കു നേരെ ആക്രോശം ചൊരിഞ്ഞാണ് കൊലക്കയറിലേക്ക് സന്തോഷത്തോടെ നീങ്ങിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മുവഫഖ് അല്‍ റുബായിയാണ് തൂക്കുകയറിലിടാന്‍ നേതൃത്വം നല്‍കിയത്. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ…

അദ്ദേഹം ഒരു ക്രമിനലും കൊലപാതകിയും കശാപ്പുകാരനും ആയിരിക്കാം. പക്ഷെ അവസാന നിമിഷം വരെ ഉറച്ച മനസോടെയാണ് സദ്ദാം നിലകൊണ്ടതെന്ന് അല്‍റുബായി ഓര്‍മിക്കുന്നു. കൊലമരത്തിലേക്ക് നടക്കുമ്പോള്‍ താന്‍ ചെയ്തുകൂട്ടിയ പാപങ്ങളില്‍ അദ്ദേഹം അല്‍പമെങ്കിലും പശ്ചാത്തപിക്കുമെന്ന് ഞാന്‍ കരുതി. പക്ഷെ അതുണ്ടായില്ല. അദ്ദേഹം മാപ്പപേക്ഷിച്ചതുമില്ല. റുബായി പറയുന്നു.

ശിക്ഷ നടപ്പാക്കുന്ന സമയത്ത് അമേരിക്കക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ഒരു തൂവെള്ള ഷര്‍ട്ടും ജാക്കറ്റുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. ഭയത്തിന്റെ ലാഞ്ചന പോലും ആ മുഖത്ത് ഉണ്ടായിരുന്നില്ല. പശ്ചാത്താപത്തിന്റെ ഒരു വാക്കുപോലും അയാള്‍ ഉരിയാടിയില്ല. തൂക്കുമരത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ സദ്ദാമിന്റെ കൈയ്യില്‍ ഒരു ഖുര്‍ആന്‍ ഉണ്ടായിരുന്നു. ജഡ്ജിയുടെ മുറിയിലെത്തിച്ച് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. അപ്പോള്‍ സദ്ദാം ഉറക്കെ വിളിച്ചുപറഞ്ഞു. ”അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം, ഫലസ്തീന്‍ നീണാള്‍വാഴട്ടെ, പേര്‍ഷ്യന്‍ പുരോഹിതര്‍ക്ക് മരണം.”

പിന്നീട് തൂക്കിലേറ്റാനുള്ള മുറിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. അയാള്‍ ഒന്നു നിന്നു. തൂക്കുമരത്തിലേക്ക് നോക്കിയ ശേഷം എന്നെ അടിമുടി നോക്കി. എന്നിട്ട് പറഞ്ഞു- ”ഡോക്ടര്‍ ഇത് ആണുങ്ങള്‍ക്ക് ഉള്ളതാണ്”. കാലുകള്‍ ബന്ധിച്ച അദ്ദേഹത്തെ ഞാനും സഹായികളും വലിച്ചിഴച്ച് തൂക്കുകയറിനടുത്തെത്തിച്ചു. തൂക്കിലേറ്റുന്നതിന് മുന്‍പ് സദ്ദാം സത്യസാക്ഷ്യം ചൊല്ലി. അള്ളാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്ന രണ്ടാമത്തെ വചനം പൂര്‍ത്തിയാക്കും മുമ്പ് ലിവര്‍ വലിച്ചു. ആദ്യം ലിവര്‍ വലിച്ചത് ഞാനാണ്. എന്നാല്‍ അത് ശരിയായില്ല. പിന്നീട് മറ്റൊരാള്‍ വലിച്ച് ശിക്ഷ നടപ്പാക്കി.

മൃതദേഹം പ്രധാനമന്ത്രി നൂറി അല്‍മാലിക്കിയുടെ വീട്ടിലേക്ക് മാറ്റി. സൂര്യന്‍ ഉദിക്കുന്നതിന് മുമ്പ് സദ്ദാമിന്റെ മൃതദേഹവുമായി ഞങ്ങള്‍ ഹെലികോപ്റ്ററില്‍ ബാഗ്ദാദിന് മുകളിലൂടെ പറന്നു. റുബായി ഓര്‍മകള്‍ അയവിറക്കി. ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയുടെ അുടപ്പക്കാരനായ അല്‍റുബായി സദ്ദാമിന്റെ ഭരണകാലത്ത് നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തന്നെ വളരെയേറെ ക്രൂശിച്ച സദ്ദാം തൂക്കുകയറിന് മുമ്പില്‍ നില്‍ക്കെ തനിക്ക് പകയൊന്നും തോന്നിയില്ലെന്നും റുബായി പറയുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.