2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

Editorial

ശബരിമലയില്‍ പുലര്‍ന്നത് ബി.ജെ.പി അജന്‍ഡ


 

ശബരിമലയില്‍ കഴിഞ്ഞ മാസം ഏഴു മുതല്‍ 22 വരെ നടന്ന തുലാമാസ പൂജയില്‍ കുഴപ്പങ്ങളുണ്ടായത് ബി.ജെ.പിയുടെ അജന്‍ഡ പ്രകാരമായിരുന്നെന്ന സംസ്ഥാനാധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം ശരിവയ്ക്കുന്ന തരത്തിലാണ് ഇന്നലെയും ശബരിമലയില്‍ കണ്ടത്.
ആചാരസംരക്ഷണത്തിനുവേണ്ടി വാദിക്കുന്ന ആര്‍.എസ്.എസ് പതിനെട്ടാം പടിയില്‍ കുത്തിയിരുന്നു പ്രതിഷേധം നടത്തിയത് ആചാരവിരുദ്ധമായിരുന്നുവെന്ന കാര്യം പിള്ള അറിയാതെപോയി. പൊലിസിന്റെ കൈയില്‍നിന്നു മൈക്ക് വാങ്ങി ആര്‍.എസ്.എസുകാരോട് അച്ചടക്കം പാലിച്ചു സമരം ചെയ്യാന്‍ ആര്‍.എസ്.എസ് നേതാവായ വത്സന്‍ തില്ലങ്കേരി ആഹ്വാനം ചെയ്യുമ്പോള്‍ അതു നിശബ്ദം നോക്കിനില്‍ക്കുന്ന പൊലിസിനെയാണു കണ്ടത്.
മാധ്യമങ്ങളെ കടന്നാക്രമിക്കുകയും പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലിസ് മെനക്കെട്ടതുമില്ല. നിരോധനാജ്ഞ നിലനില്‍ക്കുന്ന സന്നിധാനത്തില്‍ അഞ്ചല്ല, അഞ്ഞൂറിലധികമാളുകള്‍ കൂടിനിന്നു പ്രകോപനം സൃഷ്ടിക്കുന്നതു പൊലിസ് നിശബ്ദം നോക്കിനില്‍ക്കുകയായിരുന്നു.
തൊഴാന്‍വന്ന യുവതികളെ ഉപദേശിച്ച് തിരിച്ചയക്കാനായിരുന്നു ഇത്രയും വലിയ പൊലിസ് സന്നാഹമെങ്കില്‍ എന്തിനായിരുന്നു ലക്ഷങ്ങള്‍ ചെലവാക്കി ഈ പ്രഹസനം. എന്നിട്ടും മുഖ്യമന്ത്രി പറയുന്നതു പൊലിസിന്റെ നിയന്ത്രണത്തിലായിരുന്നു ശബരിമലയിലെ ചിത്തിരആട്ടത്തിരുനാള്‍ വിശേഷാല്‍പൂജ നടന്നതെന്നാണ്.
ഫാസിസ്റ്റുകള്‍ മതവിശ്വാസികളാണെന്ന ധാരണ തെറ്റാണ്. ഭക്തിയും വിശ്വാസത്തെയും മുതലെടുക്കുകയെന്നതാണു ഫാസിസത്തിന്റെ രീതി. വിശ്വാസികള്‍ക്കിടയില്‍ നുഴഞ്ഞുകയറി അജന്‍ഡ തീരുമാനിക്കയാണവര്‍ ചെയ്യുക. അതാണു ശ്രീധരന്‍പിള്ള ശബരിമലയില്‍ പ്രയോഗിച്ചതും ഇന്നലെ മറ്റുള്ളവര്‍ ആവര്‍ത്തിച്ചതും.
ബി.ജെ.പിയുടെ അജന്‍ഡയാണു ശബരിമലയില്‍ പുലര്‍ന്നതെന്നും മറ്റുള്ളവരെല്ലാം അതില്‍ വീണുവെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പറയുമ്പോള്‍ വിശ്വാസസംരക്ഷണമോ ആചാരസംരക്ഷണമോ ആയിരുന്നില്ല ബി.ജെ.പി-ആര്‍.എസ്.എസ് ലക്ഷ്യമെന്ന് അവര്‍ തന്നെ തുറന്നു പറയുകയാണ്. ഹിന്ദുത്വ ഏകീകരണത്തിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കലാണു ലക്ഷ്യം.
ശ്രീധരന്‍പിള്ളയില്‍ നിന്ന് ഇത്രത്തോളം കേരളീയസമൂഹം പ്രതീക്ഷിച്ചില്ല. 2003ലും, 2006ലും അദ്ദേഹം ബി.ജെ.പി സംസ്ഥാനപ്രസിഡന്റായിരുന്നു. അന്നദ്ദേഹം ഇത്തരം ഒളിയജന്‍ഡ പ്രയോഗിച്ചിരുന്നോ എന്നറിയില്ല. പൊതുസമൂഹത്തില്‍ സജീവമായി ഇടപെടുന്ന കടുത്ത തീവ്രവാദിയല്ലാത്തയാള്‍ എന്നാണ് കരുതിയിരുന്നത്. തെറ്റായ പാര്‍ട്ടിയിലെ ശരിയായ നേതാവെന്ന വിശേഷണമായിരുന്നു അദ്ദേഹത്തിനു പലരും നല്‍കിയിരുന്നത്. എന്നാല്‍ കോഴിക്കോട്ടെ യുവമോര്‍ച്ചാ യോഗത്തില്‍ അദ്ദേഹം തനിസ്വരൂപം പുറത്തെടുത്തു.
എ.ബി വാജ്‌പേയിയെ ആര്‍.എസ്.എസ് ദാര്‍ശനികനായ ഗോവിന്ദാചാര്യ വിശേഷിപ്പിച്ചത് ‘ആര്‍.എസ്.എസിന്റെ മുഖംമൂടി’യെന്നായിരുന്നു. പുറമേയ്ക്കു പുഞ്ചിരിക്കുകയും ഏവരുടെയും സൗഹാര്‍ദം നേടിയെടുക്കുകയും ചെയ്ത നേതാവ്. വാജ്‌പേയി കാത്തുസൂക്ഷിച്ചിരുന്ന മാനവികതയും മനുഷ്യത്വപരമായ നിലപാടുകളും അദ്ദേഹത്തിനുള്ളില്‍ ഉണ്ടായിരുന്ന കാവ്യഗുണമായിരിക്കാം.
ക്യാ ഖോയാ ക്യാ പായ (എന്ത് പോയി എന്ത് നേടി) എന്ന കാവ്യസമാഹാരം എഴുതിയ വാജ്‌പേയിക്ക് ഒളിയജന്‍ഡയുണ്ടായിരുന്നോ എന്നറിയില്ല.
കവി കൂടിയായ ശ്രീധരന്‍പിള്ളയില്‍നിന്നു കേരളീയസമൂഹം പ്രതീക്ഷിക്കാത്തതാണ് ഉണ്ടായിരിക്കുന്നത്. ശബരിമലയില്‍ കലാപം സൃഷ്ടിക്കാനുള്ള ഒളിയജന്‍ഡ പിള്ളയ്ക്കുണ്ടായിരുന്നു എന്ന യാഥാര്‍ഥ്യം നടുക്കമുണ്ടാക്കുന്നതാണ്.
കേരളത്തിലെ ഒട്ടുമിക്ക സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക നേതാക്കളുമായും വിവിധ മതസംഘടനകളുമായും ഇടപഴകിപ്പോന്ന ശ്രീധരന്‍പിള്ളയെ കേരളീയ പൊതുസമൂഹം നന്മ നിറഞ്ഞ ഒരു പൊതുപ്രവര്‍ത്തകനായി അംഗീകരിച്ചിരുന്നു.
മറ്റൊരു ബി.ജെ.പി നേതാവിനും കിട്ടാത്ത അംഗീകാരം അദ്ദേഹം നേടിയെടുത്തത് ഇങ്ങനെയായിരുന്നു. അതെല്ലാം ഒരു മുഖംമൂടി മാത്രമായിരുന്നുവെന്ന വേദനിപ്പിക്കുന്ന അറിവാണ് കോഴിക്കോട്ടെ യുവമോര്‍ച്ചാ യോഗത്തിലൂടെ അദ്ദേഹം പുറത്തുവിട്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.