2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

റസല്‍ വെടിക്കെട്ടില്‍ ആദ്യ ജയം നേടി കൊല്‍ക്കത്ത

  • നിതീഷ് റാണയ്ക്കും വാര്‍ണറിനും അര്‍ധ സെഞ്ച്വറി
  • കൊല്‍ക്കത്തയുടെ വിജയം ആറു വിക്കറ്റിന്

ഹൈദരബാദ്: 181/3 (20)
കൊല്‍ക്കത്ത: 183/4 (19.4)

കൊല്‍ക്കത്ത: ഈഡന്‍ഗാര്‍ഡന്‍സില്‍ കാണികള്‍ക്ക് ഇന്നത്തെ മത്സരം ശരിക്കും വിരുന്നായി. തിരിച്ചുവരവില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ച വച്ച് ഹൈദരബാദിന്റെ നായകന്‍ ഡേവിഡ് വാര്‍ണര്‍. അതേ നാണയത്തില്‍ തിരിച്ചടിച്ച് കൊല്‍ക്കത്തയും. നിതീഷ് റാണയുടെ അര്‍ധ സെഞ്ച്വറിയും (68/47) ആന്ദ്ര റസലിന്റെ 19 പന്തില്‍ 49 റണ്‍സെന്ന വെടിക്കെട്ട് ബാറ്റിങ്ങുമാണ് കൊല്‍ക്കത്തയ്ക്ക് ജയം നേടിക്കൊടുത്തത്.\

ടോസ് നേടിയ കൊല്‍ക്കത്ത ഹൈദരബാദിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. വിലക്കിന് ശേഷം തിരിച്ചെത്തിയ വാര്‍ണര്‍ തന്റെ ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാറ്റിങ്ങിലൂടെ തെളിയിച്ചു. 53 പന്തില്‍ 85 റണ്‍സെടുത്താണ് തിരിച്ചുവരവ് വാര്‍ണര്‍ ഗംഭീരമാക്കിയത്. ഒമ്പത് ബൗണ്ടറിയും മൂന്നു സിക്‌സറും വെടിക്കെട്ടിന് ചാരുതയേകി. വാര്‍ണറിന്റെ മികവില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന വിജയ ടോട്ടലാണ് ഹൈദരബാദ് പടുത്തുയര്‍ത്തിയത്.

രണ്ടാം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ തന്നെ ഓപണര്‍ ക്രിസ് ലിന്നിനെ നഷ്ടമായി. ഏഴു റണ്‍സെടുത്ത ലിന്നിനെ ഷാക്കിബ് റാഷിദ് ഖാന്റെ കൈകൡ എത്തിച്ചു. എന്നാല്‍, പിന്നീടെത്തിയ റാണയും ഉത്തപ്പയും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് മെല്ലെ ഉയര്‍ത്തി. 87ല്‍ എത്തിയപ്പോള്‍35 റണ്‍സെടുത്ത ഉത്തപ്പയെ കൗള്‍ ബൗള്‍ഡാക്കി. മൂന്നാമനായി ഇറങ്ങിയ നായകന്‍ ദിനേഷ് കാര്‍ത്തിക്കിനും അധികം ആയുസുണ്ടായില്ല. നാലു പന്ത് നേരിട്ട കാര്‍ത്തിക്കിനെ സന്ദീപ് ശര്‍യുടെ സ്ലോ ബൗളില്‍ ഭുവനേശ്വര്‍ കുമാറിന് ക്യാച്ച് നല്‍കി പുറത്തായി.

13 ഓവര്‍ ആയപ്പോഴേക്കും മൂന്നു വിക്കറ്റിന് 95 റണ്‍സ് മാത്രമായ കൊല്‍ക്കത്ത പരാജയത്തിലേക്കെന്ന് തോന്നിച്ചു. എന്നാല്‍, മത്സരത്തിന്റെ ജാതകം തിരുത്തിയെഴുതാനായി ആന്ദ്ര റസല്‍ ക്രീസിലെത്തി. 19 പന്തില്‍ 49 റണ്‍സിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കൊല്‍ക്കത്തയ്ക്ക് വിജയം നേടി കൊടുക്കുകയായിരുന്നു റസല്‍. റസല്‍ കൊളുത്തിയ വെടിക്കെട്ടിന് ഗില്‍ അവസാന ഓവറില്‍ നാലാം പന്തില്‍ സിക്‌സറടിച്ച് തിരി കെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.