2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ആര്‍.എസ്.എസ് ഇടപെടലാണ് നിലപാട് മാറ്റാന്‍ കാരണം

കോടിയേരി ബാലകൃഷ്ണന്‍

 

കേരളത്തിലെ പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ. വാഗ്ദാനം ചെയ്ത 700 കോടി രൂപ സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തോടുള്ള പകയില്‍നിന്നുണ്ടായതാണ്. കീഴ്‌വഴക്കങ്ങളും ചട്ടങ്ങളും സംഭാവന സ്വീകരിക്കുന്നതിന് എതിരാണെങ്കില്‍പ്പോലും നിലപാടു മാറ്റാനാണു കേന്ദ്രം ശ്രമിക്കേണ്ടിയിരുന്നത്.
2016 ലെ ദുരന്തനിവാരണ നിയമത്തില്‍പ്പോലും മറ്റു രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായം സ്വീകരിക്കാന്‍ വ്യവസ്ഥയുണ്ട്. അതിനു വിരുദ്ധമായ സമീപനമാണു ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പല വിദേശരാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യ.
ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യന്‍ വികസന ബാങ്ക്, അമേരിക്ക, ജപ്പാന്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ സഹായം സ്വീകരിച്ചുവരുന്നുണ്ട്.
നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മര്‍, ബംഗ്ലാദേശ് തുടങ്ങിയ നിരവധി വിദേശരാജ്യങ്ങളെ ഇന്ത്യ സഹായിച്ചിട്ടുമുണ്ട്. സാര്‍വദേശീയ ബന്ധത്തിന്റെ ഭാഗമാണിത്. കേരളത്തിനൊരു പ്രശ്‌നം വന്നപ്പോള്‍ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടിയും ഖത്തര്‍ 35 കോടിയും സഹായം വാഗ്ദാനം ചെയ്തുകഴിഞ്ഞു. ഐക്യരാഷ്ട്രസഭയും തയാറാണ്. ഇതു സ്വീകരിക്കാന്‍ പാടില്ലെന്നാണു കേന്ദ്രനിലപാടെങ്കില്‍ വാഗ്ദാനം ചെയ്ത തുകയ്ക്കു തുല്യമായ തുക അധികമായി കേരളത്തിനുവദിക്കാന്‍ കേന്ദ്രം സന്നദ്ധമാകണം.
പ്രളയകെടുതിയില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കാനും പുതിയൊരു കേരളം സൃഷ്ടിക്കാനും ദൃഢപ്രതിജ്ഞയോടു കൂടി സംസ്ഥാന സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിനു സര്‍വകക്ഷി യോഗം പൂര്‍ണപിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര നിലപാടിനെതിരേ കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും ഒറ്റക്കെട്ടായി രംഗത്തുവരണം. 30 ന് കൂടുന്ന കേരളനിയമസഭ ഇക്കാര്യം ഏകകണ്ഠമായി ആവശ്യപ്പെടണം.
ഒറ്റക്കെട്ടായി നിന്നു കേന്ദ്രനിലപാടു തിരുത്തിക്കണം.പുതിയ കേരളം സൃഷ്ടിക്കാന്‍ വന്‍തോതില്‍ പണമാവശ്യമായ സാഹചര്യത്തില്‍ കിട്ടുന്ന തുക പോലും വാങ്ങാന്‍ അനുവദിക്കാത്ത മോദി സര്‍ക്കാരിനെതിരേ ശക്തമായി പ്രതിക്ഷേധിക്കണം.
കേരളത്തിനു സഹായം നല്‍കുന്ന വിവരം യു.എ.ഇ പ്രധാനമന്ത്രി ആദ്യമറിയിച്ചതു നരേന്ദ്രമോദിയെയാണ്. ആ സമയം അഭിനന്ദിച്ചുകൊണ്ടുള്ള നിലപാടാണു സ്വീകരിച്ചത്. അഭിനന്ദ ട്വീറ്റ് അയച്ചു. പിന്നീട് നിലപാടു മാറാന്‍ കാരണമെന്താണ്. ആര്‍.എസ്.എസിന്റെ ഇടപെടലാണു കാരണം.
സംഘപരിവാറും സേവാഭാരതിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു സംഭാവന നല്‍കരുതെന്നു പരസ്യമായി നല്‍കുന്ന ആഹ്വാനത്തിന്റെ ഭാഗമാണു ബി.ജെ.പി സര്‍ക്കാരിന്റെ ഈ നിലപാട് മാറ്റം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.