2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

ആര്‍.സി.ഇ.പി കരാര്‍ ഇന്ത്യയെ തകര്‍ക്കും


 

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍.സി.ഇ.പി) കരാറില്‍ ഒപ്പിടുവാന്‍ തന്നെയാണ് ഇന്ത്യയുടെ നീക്കം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ തുടങ്ങിയ മന്ത്രിതല ചര്‍ച്ച അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വാണിജ്യ മന്ത്രാലയവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. ഇതുവരെയുണ്ടായ അന്താരാഷ്ട്ര വ്യാപാര കരാറുകളൊന്നും ഇന്ത്യക്ക് നേട്ടമുണ്ടാക്കാന്‍ ഉതകിയില്ല എന്ന പാഠം മുന്നില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് ഇന്ത്യ ആര്‍.സി.ഇ.പി കരാറിന്റെയും ഭാഗമാകാന്‍ പോകുന്നത്. ഗാട്ട് കരാറും ആസിയാന്‍ കരാറും ഇന്ത്യയുടെ കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞു എന്നത് നമ്മുടെ മുന്‍പിലുള്ള യാഥാര്‍ഥ്യമാണ്. ആര്‍.സി.ഇ.പി കരാറില്‍ ഇന്ത്യ ഭാഗമാകുന്നതിന്റെ ന്യായീകരണമായി പറയുന്നത് അംഗരാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രൊഫഷനലുകള്‍ക്ക് തൊഴില്‍സാധ്യത കൂടുമെന്നാണ്. 2012ല്‍ ആസിയാന്‍ കരാറില്‍ യു.പി.എ സര്‍ക്കാര്‍ ഒപ്പിടുമ്പോഴും പറഞ്ഞിരുന്നത് ഇതേ വാദഗതിയായിരുന്നു. എന്നാല്‍ അങ്ങനെയൊന്ന് സംഭവിച്ചില്ലെന്ന് മാത്രമല്ല ഇന്ത്യയിലെ തൊഴിലവസരം കുറയുകയും ചെയ്തു.
ആര്‍.സി.ഇ.പി കരാര്‍കൊണ്ട് ഉദ്ദേശിക്കുന്നത് നികുതിരഹിത കയറ്റുമതിയാണ്. കരാറില്‍ അംഗങ്ങളാകുന്ന രാജ്യങ്ങളില്‍ ചുങ്കമില്ലാതെ ഉല്‍പന്നങ്ങള്‍ ഇറക്കുമതി നടത്താം. ചൈനയുടെ തലയിലുദിച്ച ഒരു ബുദ്ധിയായി വേണം ഇതിനെ കാണാന്‍. അമേരിക്കയുമായി ചൈന നടത്തുന്ന വ്യാപാരയുദ്ധത്തില്‍ മുന്നിലെത്താന്‍ തന്നെയാണ് ചൈനയുടെ കഠിനശ്രമം. അതിന് അനുഗുണമായിത്തീരുന്ന കരാറുകള്‍ ഉണ്ടാക്കുവാന്‍ അവര്‍ സമര്‍ഥരുമാണ്. അംഗരാജ്യങ്ങള്‍ക്ക് ആധുനികവും സമഗ്രവും ഉന്നതനിലവാരമുള്ളതുമായ ഗുണകരമായ സംവിധാനമാണ് ആര്‍.സി.ഇ.പി കരാറെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ നിലപാട്. ആര്‍.സി.ഇ.പി കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ കരാറില്‍ ഒപ്പിടുന്ന അംഗരാജ്യങ്ങളെല്ലാം ലോകത്തിലെ ഏറ്റവും വലിയ കമ്പോളങ്ങളായി മാറുമെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വിപരീതഫലമാണ് ഉണ്ടാക്കുക.
കാര്‍ഷിക, പാലുല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ ലോകത്തെ വമ്പന്മാരാണ് ന്യൂസിലന്‍ഡും ആസ്‌ത്രേലിയയും. ആര്‍.സി.ഇ.പി കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇവരുടെ വന്‍തോതിലുള്ള കാര്‍ഷിക, പാലുല്‍പന്നങ്ങള്‍ ഇന്ത്യന്‍ കമ്പോളങ്ങളില്‍ വന്ന് നിറയും. ഇന്ത്യയുടെ ഉല്‍പന്നങ്ങള്‍ക്ക് ഇവരോട് മത്സരിച്ച് ജയിക്കാനാവില്ല. ഈ രാഷ്ട്രങ്ങളുടെ കാര്‍ഷികോല്‍പാദന ചെലവും വളരെ കുറവാണ്. ഉല്‍പാദന ക്ഷമത കൂടുകയും ചെയ്യും. ഇത്തരമൊരവസ്ഥയില്‍ ഇവയോട് പിടിച്ചുനില്‍ക്കാനാവാതെ നമ്മുടെ കര്‍ഷകരും ക്ഷീരകര്‍ഷകരും പരാജയപ്പെടും എന്നതിന് സംശയമില്ല.
ആസിയാന്‍ കരാറിനെതുടര്‍ന്ന് ആത്മഹത്യകള്‍ വര്‍ധിച്ചതിന്റെ ഇരട്ടിയായിരിക്കും കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും ആത്മഹത്യകള്‍ ഇനി ഉണ്ടാവുക. അതേപോലെ വ്യാവസായികമായും ഇന്ത്യയുടെ തകര്‍ച്ച തന്നെയായിരിക്കും ആര്‍.സി.ഇ.പി കരാര്‍ കൊണ്ടുണ്ടാവുക. ചുരുങ്ങിയ ചെലവില്‍ സാങ്കേതികോപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ രാഷ്ട്രങ്ങളാണ് ചൈനയും ദക്ഷിണകൊറിയയും ജപ്പാനും. ഈ രാജ്യങ്ങളില്‍നിന്ന് നികുതിയില്ലാതെ കംപ്യൂട്ടറുകളും അതുപോലുള്ള ഉപകരണങ്ങളും ചിലപ്പോള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഉപകരണങ്ങളും കമ്പോളങ്ങളില്‍ നിറയുമ്പോള്‍ നമ്മുടെ ഉല്‍പന്നങ്ങള്‍ക്ക് ഇവയോട് പിടിച്ചുനില്‍ക്കാനാവില്ല. ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഉല്‍പാദന ചെലവിനെയും ഉല്‍പാദന ക്ഷമതയെയും പരിഗണിക്കുമ്പോള്‍ ഈരംഗത്തും രാജ്യം പിന്തള്ളപ്പെടും.
വ്യാവസായികമായും കാര്‍ഷികമായും ഇന്ത്യയുടെ സാമ്പത്തികാടിത്തറ തകര്‍ക്കുന്ന ഒരുകരാറിലാണ് ഇന്ത്യ ഒപ്പിടുവാന്‍ പോകുന്നതെന്ന യാഥാര്‍ഥ്യത്തെ മറച്ച്പിടിക്കാനാവില്ല. രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന എതിര്‍പ്പുകളെ തണുപ്പിക്കാന്‍ ഓട്ടോട്രിഗര്‍ സംവിധാനം വേണമെന്ന് സമ്മേളനത്തില്‍ ഇന്ത്യ ആവശ്യപ്പെടുമെന്ന് പറയുന്നത്. ഇറക്കുമതി ക്രമാതീതമായാല്‍ ഇടപെട്ട് തടയുവാനുള്ള സംവിധാനത്തെയാണ് ഓട്ടോട്രിഗര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ലോക കമ്പോളത്തെ കൈപിടിയിലൊതുക്കുവാന്‍ ശ്രമിക്കുന്ന ചൈന ഇത് അംഗീകരിക്കുമെന്ന് കരുതുക വയ്യ.
ലോകരാഷ്ട്രങ്ങളിലെ കമ്പോളങ്ങളില്‍ സ്വന്തം രാജ്യത്തെ ഉല്‍പന്നങ്ങള്‍കൊണ്ട് നിറച്ചിരിക്കുകയാണ് ചൈന. തങ്ങളുടെ എതിരാളികളെ ഈ യുദ്ധത്തില്‍ പരാജയപ്പെടുത്തുവാന്‍ അവര്‍ ഏറ്റവും ഒടുവിലായി കണ്ടെത്തിയ യുക്തിയാണ് റീജ്യനല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് (ആര്‍.സി.ഇ.പി) എന്ന സ്വതന്ത്ര വ്യാപാര കരാര്‍. ഓട്ടോട്രിഗര്‍ സംവിധാനമെന്ന ഇന്ത്യയുടെ നിര്‍ദേശം അതിനാല്‍തന്നെ ചൈന തള്ളിക്കളയുകയും ചെയ്യും.
പാര്‍ലമെന്റിലോ പാര്‍ലമെന്റ് സ്ഥിരം സമിതിയിലോ ഈ വിഷയം ഇന്ത്യ ചര്‍ച്ച ചെയ്തിട്ടില്ല. രാഷ്ട്രത്തിനും ജനങ്ങള്‍ക്കും ഗുണകരമാണെങ്കില്‍ എന്തിനാണ് ഈ കരാറിലെ വ്യവസ്ഥകള്‍ ഇത്ര ഗോപ്യമായി സൂക്ഷിക്കുന്നത്. കരാറിലെ വ്യവസ്ഥകള്‍പ്രകാരം കരാറിനെതിരേ ശബ്ദിച്ചാല്‍ അവര്‍ക്കെതിരേ അര്‍ബന്‍ നക്‌സല്‍ മുദ്രചാര്‍ത്തി വ്യക്തികളെ ഭീകരസംഘടനകളാക്കിക്കൊണ്ടുള്ള എന്‍.ഐ.എ നിയമംവഴി അറസ്റ്റ് ചെയ്ത് ജയിലിലടക്കാനാകും.അംഗരാജ്യങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ നിക്ഷേപമിറക്കുമ്പോള്‍ കാര്‍ഷികഭൂമി നിര്‍ബന്ധമായും പാട്ടത്തിനോ കര്‍ഷകനില്‍നിന്ന് ബലമായോ പിടിച്ചെടുക്കുവാന്‍ കഴിയുന്ന വ്യവസ്ഥ കരാറിലുണ്ട്. ഇതുവഴി കര്‍ഷകന് അവന്റെ ഭൂമിയാണ് നഷ്ടപ്പെടുക. തൊഴിലാളിയുടെ അവകാശങ്ങള്‍ ഛേദിക്കുന്നതുമാണ് കരാര്‍. ഇതെല്ലാം ഈ കരാറിന്റെ ഉള്ളടക്കങ്ങളാണ്. നാം നേടിയെടുത്ത സ്വാതന്ത്ര്യമാണ് ഇതുമൂലം അടിയറവയ്ക്കപ്പെടുന്നത്.
ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ്, സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള സ്വദേശീ ജാഗരണ്‍മഞ്ച് എന്നിവര്‍ പോലും കരാറിനെതിരേ പ്രക്ഷോഭത്തിനിറങ്ങിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ജില്ലകളിലും 20 വരെ പ്രക്ഷോഭം നടത്താന്‍ മഞ്ച് തീരുമാനിച്ചിരിക്കുകയാണ്. കോര്‍പ്പറേറ്റുകളായ അദാനിക്കും മുകേഷ് അംബാനിക്കും അംഗരാജ്യങ്ങളില്‍ വന്‍തോതില്‍ നിക്ഷേപമിറക്കാന്‍ കഴിയും എന്നത് മാത്രമാണ് കരാര്‍കൊണ്ടുള്ള പ്രയോജനം. അതിന് നാം വിലയായിക്കൊടുക്കുന്നതോ രാജ്യസുരക്ഷയും രാഷ്ട്രീയാധികാരവും സ്വാതന്ത്ര്യവും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.