2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മ്യാന്‍മറിലേത് ഇനിയും പുറത്തുവരാത്ത കൂട്ടക്കൊലകള്‍

റോഹിംഗ്യകള്‍ കഴിയുന്ന ജമ്മു, ഫരീദാബാദ്, നൂഹ്, ഡല്‍ഹി അഭയാര്‍ഥി ക്യാംപുകള്‍ സന്ദര്‍ശിച്ച സുപ്രഭാതം പ്രതിനിധിയുടെ
നേര്‍ക്കാഴ്ചാ വിവരണം- അഭയാര്‍ഥി ക്യാംപിലും അഭയമില്ലാതെ

യു.എം മുഖ്താർ

ഹരിയാനയിലെ നൂഹില്‍ കഴിയുന്ന അഭയാര്‍ഥികളുമായി സംസാരിച്ചപ്പോഴാണ് മ്യാന്‍മറില്‍ ബുദ്ധവംശീയവാദികളും പട്ടാളക്കാരും റോഹിംഗ്യകളെ കൂട്ടക്കുരുതിക്കിരയാക്കുന്നതില്‍ ചിലതുമാത്രമെ പുറംലോകത്ത് എത്തുന്നുള്ളൂവെന്ന ഞെട്ടിക്കുന്ന വിവരം മനസ്സിലായത്. ഇന്ത്യയിലെ ആയിരക്കണക്കിനു വരുന്ന റോഹിംഗ്യാ അഭയാര്‍ഥി ക്യാംപുകളില്‍ ഏറ്റവുമധികം ദുരിതം തിന്നു ജീവിക്കുന്നതും നൂഹിലെ 120 ഓളം വരുന്ന കുടുംബങ്ങളാണ്. ഗുഡ്ഗാവ്- അല്‍വാര്‍ ദേശീയപാതയിലെ നൂഹില്‍ നിന്നു 20 മിനിറ്റ് ഉള്ളിലേക്കു പോയാല്‍ ക്യാംപെത്തി. രണ്ടു ഭാഗങ്ങളിലായാണ് ക്യാംപുകള്‍. സഞ്ചാരയോഗ്യമായ റോഡരികില്‍ 65 കുടുംബങ്ങള്‍ വസിക്കുന്നു. അവിടെ നിന്ന് ഒരാളുടെ ഉയരത്തില്‍ പൊങ്ങിനില്‍ക്കുന്ന കടുക്‌ചെടികള്‍ക്കിടയിലൂടെ പത്തുമിനിറ്റ് നടന്നാല്‍ രണ്ടാമത്തെ ക്യാംപായി. ചുറ്റും നീണ്ടപാടങ്ങള്‍, അതിനു മധ്യേ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുണ്ടാക്കിയ ഷെഡ്ഡുകള്‍. ഒറ്റനോട്ടത്തില്‍ തന്നെ അരക്ഷിതാവസ്ഥ തോന്നുന്ന ഇവിടെ 50ലേറെ കുടുംബങ്ങള്‍ വസിക്കുന്നു. രണ്ടിടത്തും ചെറിയ മദ്‌റസയും പള്ളിയും ഉണ്ട്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുള്ള നിരന്നുനില്‍ക്കുന്ന ടെന്റുകള്‍ക്കിടയില്‍ അല്‍പ്പംവലിപ്പം കൂടിയതുകൊണ്ടും മുകളില്‍ സ്പീക്കര്‍ ഉള്ളതിനാലും അതുപള്ളിയാണെന്നു മനസ്സിലായി.

ഫാസിസം വിജയിക്കുമെന്ന് കരുതുന്നവര്‍ വിഡ്ഢികളാണ്

മാധ്യമപ്രവര്‍ത്തകരാണെന്നു പറഞ്ഞപ്പോള്‍ ആദ്യം സംസാരിക്കാനെത്തിയത് മുഹമ്മദ് ഇബ്രാഹീം(26) ആണ്. ഇബ്രാഹീം ഹരിയാനയിലെത്തിയിട്ട് മൂന്നുവര്‍ഷമായി. വന്ന നാളുകളില്‍ മേലെ ആകാശവും താഴെ ഭൂമിയും മാത്രമായിരുന്നു. ഷീറ്റ് വിരിച്ചായിരുന്നു മക്കളെ കിടത്തിയിരുന്നത്. അതും വയലിനു മധ്യേ. പിന്നീട് ജോലി ചെയ്ത് പ്ലാസ്റ്റിക് ഷീറ്റിനുള്ള പണമൊക്കെ ഉണ്ടാക്കിയതിനു ശേഷമാണ് താല്‍ക്കാലിക ടെന്റ് നിര്‍മിച്ചത്. ഈ ആധുനിക ലോകത്ത് ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവായി ആകെയുള്ളത് യു.എന്‍ അഭയാര്‍ഥി ഏജന്‍സി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് ആണ്.

പുറത്തുനിന്നുള്ള ഞങ്ങളെ കണ്ടതോടെ അങ്ങിങ്ങായി ഇരുന്നിരുന്ന കുട്ടികളടക്കമുള്ളവര്‍ തടിച്ചുകൂടാന്‍ തുടങ്ങി. എന്തുതന്നെയായാലും ഇവിടെ ഞങ്ങള്‍ക്കു സമാധാനം ഉണ്ടെന്ന് ഇബ്രാഹീം പറഞ്ഞു. ഇബ്രാഹീമിന്റെ പ്രസ്താവനയെ സാക്ഷ്യപ്പെടുത്തുന്ന രീതിയില്‍ കൂടെയുള്ളവരും തലയാട്ടി. പൊലിസില്‍ നിന്നോ പ്രദേശത്തുള്ള മറ്റുള്ളവരില്‍ നിന്നോ ഇതുവരെ ശല്യം ഉണ്ടായിട്ടില്ല. വല്ലപ്പോഴും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ക്യാംപ് സന്ദര്‍ശിക്കും. ജോലിയാവശ്യത്തിനോ മറ്റോ പുറത്തുപോവരുതെന്നു ക്യാംപിലുള്ളവര്‍ക്കു നിര്‍ദേശമുണ്ട്. അതിനാല്‍ ചുറ്റുവട്ടത്ത് എവിടെയെങ്കിലും ദിവസക്കൂലിക്കു ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമെ ജോലിയുണ്ടാവൂ. 200- 300 രൂപ വേതനം ലഭിക്കും. പ്രതിമാസം ഇത്തരത്തില്‍ 2500- 3,000 വരെയാണ് ശരാശരി ലഭിക്കുക. ക്യാംപിനുള്ളില്‍ അഭയാര്‍ഥികള്‍ തന്നെ നടത്തുന്ന ചെറിയ കടകളും ഉണ്ട്.

സ്വന്തം വീട് ബുദ്ധ അക്രമികള്‍ തീയിട്ടതോടെയാണ് നാടുവിട്ടതെന്ന് മുഹമ്മദ് ഇദ്രീസ് (22) പറഞ്ഞു. വീടുനില്‍ക്കുന്ന മങ്ദ്വായില്‍ നിന്ന് ബംഗ്ലാദേശിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും വരികയായിരുന്നു. ഈ കുടുംബത്തില്‍നിന്ന് ഇന്ത്യയില്‍ കഴിയുന്നത് ഇദ്രീസ് മാത്രമാണ്. സഹോദരങ്ങളും മാതാപിതാക്കളുമെല്ലാം ബംഗ്ലാദേശിലാണ്. ഹരിയാനയിലെത്തിയ ശേഷമാണ് ഇദ്രീസ് വിവാഹം കഴിച്ചത്. ഇപ്പോഴത്തെ പോലെ അന്നും അതിര്‍ത്തി കടക്കണമെങ്കില്‍ ഏജന്റുമാര്‍ക്ക് കൈക്കൂലി നല്‍കണം. 2012ല്‍ 6,000 രൂപ കൊടുത്താണ് ഇദ്രീസ് അതിര്‍ത്തി കടന്നത്. മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയാത്തവരും മരിച്ചെന്ന് പിന്നീട് അറിയിപ്പ് ലഭിച്ചവരുമായ ഏതാനും അനാഥരും ക്യാംപില്‍ ഉണ്ട്. അയല്‍വാസികളുടെയും ബന്ധുക്കളുടെയും സംരക്ഷണയിലാണ് അവര്‍ കഴിയുന്നത്.

മ്യാന്‍മറില്‍ റോഹിംഗ്യകള്‍ക്കു നേരെ നടക്കുന്ന പല കൂട്ടക്കുരുതികളും പുറത്തുവരുന്നില്ലെന്ന് ഇദ്രീസാണ് പറഞ്ഞത്. 2012ല്‍ 500 പേരെയാണ് ബുദ്ധതീവ്രവാദികള്‍ കഴുത്തറുത്തുകൊന്നത്. എന്നാല്‍, അത് മിക്ക മാധ്യമങ്ങളിലും വാര്‍ത്തയായില്ല. ആ വര്‍ഷം റാഖൈനിലെ പള്ളികളും മതപഠനശാലകളും പൂട്ടി. മിക്ക പള്ളികളും ആക്രമിക്കപ്പെടുകയുമുണ്ടായി. മുസ്‌ലിം അടയാളങ്ങള്‍ മിക്കതും തുടച്ചുനീക്കപ്പെട്ടു. ബുദ്ധരും സൈന്യവും ഒരുപോലെ ആക്രമണം നടത്തുകയാണ്. പെട്രോള്‍ ബോംബുകളും വാളുകളുമായാണ് ബുദ്ധര്‍ ആക്രമണം നടത്തുന്നതെങ്കില്‍ ബുള്ളറ്റ് കൊണ്ടാണ് പട്ടാളക്കാര്‍ വംശവെറിതീര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം ആക്രമണം രൂക്ഷമായതുമുതല്‍ 400 പേരെയെങ്കിലും പട്ടാളം വെടിവച്ചുകൊന്നിട്ടുണ്ടാവും. പുതിയ സംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ഔദ്യോഗികമായി 450 ആണെങ്കിലും ഇത് ആയിരത്തിനപ്പുറം ആണെന്നും അദ്ദേഹം പറഞ്ഞു.

ഷെഡ്ഡുകള്‍ക്ക് ഇടയിലൂടെ പോവുമ്പോള്‍ നാലുവശവും പകുതി മാത്രം മറച്ച ഒരുവീട്ടില്‍ യു.എന്‍ അഭയാര്‍ഥി ഏജന്‍സി നിയമിച്ച പ്രദേശത്തുകാരിയായ ബിരുദ വിദ്യാര്‍ഥിനി ക്യാംപിലുള്ള സ്ത്രീകളെ സാക്ഷരത പഠിപ്പിക്കുകയാണ്. ഒഴിവുസമയത്ത് വന്ന് ഇങ്ങനെ അഭയാര്‍ഥികളെ പഠിപ്പിക്കുന്നതിന് പ്രതിമാസം 7,000 രൂപ യു.എന്‍ ഏജന്‍സി തരുമെന്ന് 21 കാരിയായ അധ്യാപിക പറഞ്ഞു. ക്യാംപിലെ കുട്ടികള്‍ സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് പോവുന്നത്. മതപഠനത്തിന് ക്യാംപിനുള്ളില്‍തന്നെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

പലായനം ചെയ്യുന്നവരില്‍ ഹിന്ദുക്കളും

നൂഹ് ക്യാംപിലുള്ളവരുടെ ജില്ലയായ മങ്ദ്വായില്‍ കൂടുതലും മുസ്‌ലിംകളും ബുദ്ധരും ആണെങ്കിലും താണ്ഡ്വേ പോലുള്ള ജില്ലകളില്‍ നിരവധി റോഹിംഗ്യന്‍ വംശജരായ ഹിന്ദുകുടുംബങ്ങള്‍ ഉണ്ട്. റാഖൈനില്‍ കാല്‍ലക്ഷം ഹിന്ദുക്കളെങ്കിലും ഉണ്ടാവുമെന്നാണ് കണക്ക്. എന്നാല്‍, ഹിന്ദുവെന്നോ മുസ്‌ലിമെന്നോ നോക്കാതെയാണ് ബുദ്ധിസ്റ്റുകള്‍ റോഹിംഗ്യകളോട് പെരുമാറുന്നതെന്ന് ക്യാംപിലുള്ളവര്‍ പറഞ്ഞു. ചില സ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ക്കൊപ്പം ഹിന്ദുക്കളും പലായനം ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ചവരെ 500 ഹിന്ദുക്കള്‍ പലായനംചെയ്തതായി ഇന്ത്യയുടെ ഔദ്യോഗികവാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.