2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ദിവസേന ഭീകരവാര്‍ത്തകള്‍ കേട്ടുണരുന്ന ക്യാംപ്

റോഹിംഗ്യകള്‍ കഴിയുന്ന ജമ്മു, ഫരീദാബാദ്, നൂഹ്, ഡല്‍ഹി അഭയാര്‍ഥി ക്യാംപുകള്‍ സന്ദര്‍ശിച്ച സുപ്രഭാതം പ്രതിനിധിയുടെ
നേര്‍ക്കാഴ്ചാ വിവരണം- അഭയാര്‍ഥി ക്യാംപിലും അഭയമില്ലാതെ

യു.എം മുഖ്താർ

ജമ്മുവിലെ റോഹിംഗ്യന്‍ ക്യാംപുകളില്‍ കണ്ടവരില്‍ നല്ല നേതൃശേഷിയുള്ള ആളായിരുന്നു 60കാരനായ അബ്ദുല്‍ ഗഫൂര്‍. ഏറെക്കാലം സൗദിയില്‍ ജോലി ചെയ്തതുമൂലമുള്ള വലിയ സമ്പാദ്യം ഉപേക്ഷിച്ചാണ് അദ്ദേഹം ക്യാംപുകളിലെ പ്ലാസ്റ്റിക് ഷീറ്റിന്റെ കുടില്‍ തെരഞ്ഞെടുത്തത്. നാട്ടില്‍ നടക്കുന്ന അതിക്രമങ്ങളുടെ തല്‍സമയവിവരം ജമ്മുവിലെ അഭയാര്‍ഥികളില്‍ ആന്‍ഡ്രോയിഡ് ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന അപൂര്‍വം ആളുകളില്‍ ഒരാളായ അബ്ദുല്‍ ഗഫൂറിന് ലഭിക്കുന്നുണ്ട്. രണ്ടു മാസമായി ഓരോ പ്രഭാതവും പുതിയ ഭീകരവാര്‍ത്തകളാണ് കൈമാറാറുള്ളത്. അതൊരുപക്ഷേ, ക്യാംപില്‍ കഴിയുന്നവരുടെ ഉറ്റവരോ നാട്ടുകാരോ വംശീയവാദികളുടെ വാളിനിരയായതോ ഒരുഗ്രാമം ഒന്നടങ്കം ചുട്ടെരിച്ചതോ ആവാം. മുസ്‌ലിംകള്‍ ഈ നാട്ടുകാര്‍ അല്ലെന്നു പറഞ്ഞാണ് പട്ടാളവും ബുദ്ധതീവ്രവാദികളും മര്‍ദിക്കുന്നത്. ഓങ്‌സാന്‍ സൂകിയുടെ അച്ഛന്റെ വലംകൈയായി എപ്പോഴും കൂടെയുണ്ടായിരുന്ന മ്യാന്‍മര്‍ മന്ത്രിയായിരുന്ന അബ്ദുര്‍റസാഖ് റോഹിന്‍ഗ്യാ വിഭാഗക്കാരനാണ്. അതുപോലെ നിരവധി മുസ്‌ലിംകള്‍ മ്യാന്‍മറിന്റെ ഉയര്‍ച്ചയില്‍ പങ്കുവഹിച്ചവരാണ്. എന്നിരിക്കെ അവര്‍ നാട്ടുകാരല്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് അബ്ദുല്‍ഗഫൂര്‍ ചോദിച്ചു.

ജമ്മുവിലെ ബത്തിന്‍ഡ അഭയാര്‍ഥി ക്യാംപ്‌

നീണ്ടതാടിയും തൊപ്പിയും ധരിച്ച നിങ്ങള്‍ എന്തുകൊണ്ട് സ്വത്തെല്ലാം ഉപേക്ഷിച്ചു നാടുവിട്ടുവെന്നു ചോദിക്കാതെ തന്നെ അദ്ദേഹം സ്വന്തം കഥ പറഞ്ഞു. റാഖൈനില്‍ യാതൊരുവിധ മുസ്‌ലിം അടയാളങ്ങളും പാടില്ലെന്നാണ് അനൗദ്യോഗിക നിയമം. നീണ്ട താടിയും തൊപ്പിയും പൊലിസിന്റെ പിടിയിലാവാനുള്ള കാരണമാണ്. അത്തരക്കാരെ കണ്ടാല്‍ ഒന്നുകില്‍ ജയില്‍, അല്ലെങ്കില്‍ നാടുകടത്തല്‍ ഉറപ്പ്. മുസ്‌ലിംകള്‍ക്ക് ഉന്നതവിദ്യാഭ്യാസം പാടില്ല. പെണ്‍കുട്ടികള്‍ മിക്കപ്പോഴും ലൈംഗികചൂഷണത്തിനും ഇരയാവുന്നു. സ്‌കൂളില്‍ പോവുന്ന പെണ്‍കുട്ടികളെ റോഡില്‍നിന്നു തട്ടിക്കൊണ്ടുപോവുന്ന സംഭവങ്ങളുള്ളതിനാല്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ പുറത്തേക്കു വിടില്ല. പള്ളിയില്‍ നിസ്‌കാരമോ ബാങ്കുവിളിയോ പാടില്ല. ഇക്കാരണത്താല്‍ അടുത്തടുത്ത വീട്ടുകാര്‍ രഹസ്യമായി ഏതെങ്കിലും ഒരുവീട്ടില്‍ ഒത്തുകൂടി ജുമുഅ നിസ്‌കരിക്കാറാണ് പതിവെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
അ ക്കാംപില്‍ നിന്നെത്തിയ മറിയമിന്റെ രണ്ടു സഹോദരങ്ങള്‍ ബംഗ്ലാദേശിലാണ്. ഒരാളെ കുറിച്ച് ഒരുവിവരവുമില്ല. മരിച്ചെന്ന് ഉറപ്പാണെങ്കില്‍ മരണാനന്തര കര്‍മങ്ങളെങ്കിലും ചെയ്യാമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. 12 വയസ്സിലാണ് മറിയ ജമ്മുവിലെത്തിയത്. 2005ലെ സംഘര്‍ഷസമയത്ത് അക്രമികള്‍ വീടിനു തീയിട്ടപ്പോള്‍ മറിയമിനെയും എടുത്ത് മാതാപിതാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ചെറുപ്പത്തില്‍ നടന്ന ഭീകരസംഭവങ്ങള്‍ ഇരുപതാം വയസ്സിലും മറന്നിട്ടില്ല. വാളുകളുമായി വന്ന വലിയൊരു സംഘം കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ക്യാംപില്‍ വച്ച് തന്നെ വിവാഹവും കഴിഞ്ഞു. ഒരു കുഞ്ഞുമുണ്ട്.

 

 

മദ്‌റസതുല്‍ മുഹാജിറൂന്‍

ജമ്മുവിലെ വിവിധ പ്രദേശങ്ങളിലെ അഭയാര്‍ഥികള്‍ക്കായി മദ്‌റസതുല്‍ മുഹാജിറൂന്‍ എന്ന സ്ഥാപനവും ഉണ്ട്. അബ്ദുല്‍ ഗഫൂര്‍ തന്നെയാണ് ഇത് നടത്തുന്നത്. 250ഓളംആണ്‍കുട്ടികളും നൂറോളം പെണ്‍കുട്ടികളുമാണ് പഠിക്കുന്നത്. ആണ്‍കുട്ടികള്‍ അവിടെ തന്നെ താമസിക്കുന്നവരാണ്. പെണ്‍കുട്ടികള്‍ ദിവസവും വന്നുപോവുന്നു. പ്ലാസ്റ്റിക് ഷീറ്റും തകരവും മരങ്ങളും കൊണ്ടുണ്ടാക്കിയതാണ് സ്‌കൂളും കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലും. ഭക്ഷണം കഴിക്കാനായി മറ്റൊരു ഷെഡ്. ഏഴു അധ്യാപകരാണുള്ളത്. ഒരു മാസം മൂന്നുലക്ഷത്തിനടുത്തു രൂപവരുമെന്ന് അബ്ദുല്‍ഗഫൂര്‍ പറഞ്ഞു. റമദാനിലെ സംഭാവനയും വെള്ളിയാഴ്ചകളില്‍ അധ്യാപകരും മുതിര്‍ന്ന വിദ്യാര്‍ഥികളും കശ്മിരിലെ പള്ളികള്‍ കേന്ദ്രീകരിച്ചുനടത്തുന്ന പിരിവുമാണ് സാമ്പത്തിക സ്രോതസ്സ്. പ്രധാനമായും അറബി ഭാഷയും മതപഠനവുമാണ് പഠിപ്പിക്കുന്നത്. റഹ്മത്തുല്ല ഖാസിമി മൂത്തേടത്തിന്റെ കീഴിലുള്ള ഫ്യൂച്ചര്‍ ഇന്ത്യ ഡെവപല്‌മെന്റ് നടത്തുന്ന നഴ്‌സറിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം തുടങ്ങിയ സ്ഥാപനത്തില്‍ 60 ഓളം കുട്ടികളാണുള്ളത്.

പഴയസാധനങ്ങള്‍ പെറുക്കിവില്‍ക്കലാണ് അഞ്ചാറുവയസ്സു പൂര്‍ത്തിയാവുന്നതോടെ അഭയാര്‍ഥികുട്ടികളുടെ പ്രധാന ജോലി. ഇങ്ങനെ 10- 15 രൂപവരെ ചിലര്‍ ദിനേന ഉണ്ടാക്കുന്നവരുണ്ട്. ഈ വരുമാനം നിലയ്ക്കുമെന്നു കരുതി മക്കളെ നഴ്‌സറിയിലേക്കു വിടാന്‍ മടിക്കുന്ന മാതാപിതാക്കളും ഉണ്ട്. ഇവര്‍ സാമൂഹികവിരുദ്ധരുടെ വലയില്‍ കുടുങ്ങുമോയെന്നും രക്ഷിതാക്കള്‍ക്കു ഭയമുണ്ട്.

 

 

ഇരുട്ടടിയായി പൗരത്വനിയമം

നരേന്ദ്രമോദി സര്‍ക്കാര്‍ റോഹിംഗ്യന്‍ മുസ്‌ലിംകളെ നാടുകടത്താനാവുന്ന വിധത്തില്‍ പദ്ധതി തയ്യാറാക്കിവരികയാണ്. റോഹിംഗ്യകളെ കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജമ്മുകശ്മീര്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം 14,000 റോഹിംഗ്യന്‍ മുസ്‌ലിംകളാണ് ഇന്ത്യയിലുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ കണക്കിലിത് 50,000മാണ്. ഇവരില്‍ ഭൂരിഭാഗവും ജമ്മുകശ്മിരിലാണ്. ഇവരെ കണ്ടെത്തി നാടുകടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

ജമ്മുകശ്മിര്‍ സര്‍ക്കാരിന്റെ കണക്കില്‍ 5,700 മുതല്‍ 10,000 വരെ റോഹിംഗ്യകളാണ് കശ്മിരിലുള്ളത്. ഇവരെ ഐക്യരാഷ്ട്ര സഭയുടെ വ്യവസ്ഥപ്രകാരമുള്ള അഭയാര്‍ഥികളായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യ അംഗീകരിച്ചിട്ടില്ല. ചെറിയ പെറ്റിക്കേസുകളില്‍ ചില റോഹിംഗ്യകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അവരുമായി ബന്ധപ്പെട്ട് ഗൗരവമുള്ള ക്രിമിനല്‍ക്കേസുകളൊന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. നിയമവിരുദ്ധമായി അതിര്‍ത്തി കടന്നതുമായി ബന്ധപ്പെട്ട് 38 റോഹിംഗ്യകള്‍ക്കെതിരേ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതാണ് ഗൗരവമുള്ള കേസ്.

ഇതിനു പുറമെ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഈ മൂന്നു രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തി ദീര്‍ഘകാല വിസ പ്രകാരം താമസം തുടരുന്നവര്‍ക്ക് വിസ പുതുക്കേണ്ട കാലാവധി രണ്ടുവര്‍ഷത്തില്‍നിന്ന് അഞ്ചുവര്‍ഷമാക്കുകയും ആധാര്‍, പാന്‍, ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് അക്കൗണ്ട് എന്നിവ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഇന്ത്യയില്‍ ഏതു സംസ്ഥാനത്തേക്കും മാറിത്താമസിക്കാനും ഭൂമിയും മറ്റ് ആസ്തികളും വാങ്ങാനും ജോലി കണ്ടെത്താനും കഴിയും. എന്നാല്‍, ഈ ഇളവ് മുസ്‌ലിം അഭയാര്‍ഥികള്‍ക്കു ലഭിക്കില്ല. ഹിന്ദു, ക്രിസ്ത്യന്‍, ജൈന, സിഖ് മതസ്തര്‍ക്കു മാത്രമെയുള്ളൂ. പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നായി മൂന്നരലക്ഷം ഹിന്ദു അഭയാര്‍ഥികള്‍ രാജ്യത്ത് താമസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.