2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കനല്‍പഥങ്ങള്‍ താണ്ടിയിട്ടും ദുരിതങ്ങളൊഴിയാതെ

റോഹിംഗ്യകള്‍ കഴിയുന്ന ജമ്മു, ഫരീദാബാദ്, നൂഹ്, ഡല്‍ഹി അഭയാര്‍ഥി ക്യാംപുകള്‍ സന്ദര്‍ശിച്ച സുപ്രഭാതം പ്രതിനിധിയുടെ
നേര്‍ക്കാഴ്ചാ വിവരണം- അഭയാര്‍ഥി ക്യാംപിലും അഭയമില്ലാതെ

 

 

യു.എം മുഖ്താർ

ജമ്മു റെയില്‍വേസ്റ്റേഷനില്‍ നിന്ന് അരമണിക്കൂര്‍ സഞ്ചരിച്ചാല്‍ ബത്തിന്‍ഡ ഗ്രാമം എത്തി. നിബിഢമല്ലാത്ത വനങ്ങളും ചെറിയകുന്നുകളുമുള്ള ഒരുസാധാരണ ജമ്മു പ്രദേശം. ഭൂപ്രകൃത്യാല്‍ ഏറ്റവും മോശമെന്നു തോന്നിക്കുന്ന സ്ഥലത്താണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കഴിയുന്ന പ്രദേശങ്ങളിലൊന്ന്. റോഡിന്റെ ശോചനീയാവസ്ഥകാരണം ആ ഉയര്‍ന്ന പ്രദേശത്തേക്ക് ഓട്ടോറിക്ഷവരാന്‍ ബുദ്ധിമുട്ടാണ്. ക്യാംപിലെത്തുമ്പോള്‍ രണ്ടുദിവസം മുന്‍പ് മാത്രം അവിടെയെത്തിയ മുഹമ്മദ് അഖ്‌ലാസിനെ (24) കണ്ടു. വെളുത്തനിറമാണെങ്കിലും അടുത്തെങ്ങും സുഖമായി ഉറങ്ങുകയും ഭക്ഷണംകഴിക്കുകയും ചെയ്തിട്ടില്ലെന്ന് ആ മുഖത്തു നോക്കിയാലറിയാം.

മുണ്ഡു ജില്ലക്കാരനായ അഖ്‌ലാസ് വീടിനടുത്തുള്ള കടയില്‍ ജോലിക്കാരനായിരുന്നു. വലിയപെരുന്നാളിനു മുന്‍പുള്ള ഒരുദിവസം അപ്രതീക്ഷിതമായാണ് നൂറോളംവരുന്ന ബുദ്ധ വംശീയവാദികള്‍ അഖ്‌ലാസ് ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന പ്രദേശം വളഞ്ഞു വീടുകള്‍ക്ക് തീയിടാന്‍ തുടങ്ങിയത്. ഈ സമയം അഖ്‌ലാസിന്റെ മൂന്നുസഹോദരങ്ങളും മാതാപിതാക്കളും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു. അക്രമികള്‍ ആദ്യം ഉന്നംവയ്ക്കാറുള്ളത് സ്ത്രീകളെയും യുവാക്കളെയും ആയതിനാല്‍ വീടിന്റെ കാര്യം നോക്കാതെ പെട്ടെന്നു രക്ഷപ്പെടാന്‍ അഖ്‌ലാസിനോട് ഉപ്പ പറഞ്ഞു. ഉടന്‍ തിരിഞ്ഞുനോക്കാതെ ഓടിയതാണ് അഖ്‌ലാസ്. 2015ലെ വംശഹത്യക്കിടെ നാടുവിട്ടെത്തിയ സഹോദരിയും ഭര്‍ത്താവും ഉണ്ട് ബത്തിന്‍ഡയില്‍. ഇവര്‍ക്കൊപ്പമാണ് അഖ്‌ലാസ് ഇപ്പോള്‍ കഴിയുന്നത്.

 

രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിന്നാലെ വന്നു വെടിവച്ച സംഭവങ്ങളും ക്യാംപുകളിലുള്ളവര്‍ക്ക് പറയാനുണ്ട്. വഴിതെറ്റി മറ്റുദിക്കുകളിലെത്തിയവര്‍, വഴിമധ്യേ ബോട്ടിന്റെ അമിതഭാരം കൊണ്ട് ഒന്നിച്ചുകടല്‍ വിഴുങ്ങിയവര്‍… എത്രപേര്‍ പലായനം ചെയ്തു എന്നതിനെ കുറിച്ച് യാതൊരുരേഖകളും ഇല്ലാത്തതിനാല്‍ മരിച്ചവരുടെ എണ്ണത്തെ കുറിച്ച് ഔദ്യോഗികകണക്കും ലഭ്യമല്ല. കടല്‍ക്കൊള്ളക്കാരുടെ കൈകളില്‍പ്പെട്ട് മറ്റുരാജ്യങ്ങളിലേക്ക് മനുഷ്യക്കടത്തിനിരയായവരും നിരവധി

വംശീയവാദികളില്‍ നിന്നു ജീവനും കൊണ്ടോടി രണ്ടാഴ്ചയിലധികം നീണ്ടുനിന്ന സാഹസികയാത്രയെ കുറിച്ച് അഖ്‌ലാസ് വിവരണം തുടര്‍ന്നു. അഖ്‌ലാസിന്റെ വീട് നില്‍ക്കുന്ന ഗ്രാമത്തില്‍ നിന്നു നടക്കാവുന്ന ദൂരത്താണ് കടലുള്ളത്. കടലിലൂടെ അരമണിക്കൂര്‍ ബോട്ട് യാത്രചെയ്താല്‍ ബംഗ്ലാദേശിലെത്തി. എന്നാല്‍ കടല്‍തീരത്ത് വംശീയവാദികളും പട്ടാളവും സായുധരായി കാവല്‍നില്‍ക്കുന്നതിനാല്‍ അരമണിക്കൂര്‍ ദൂരത്തുള്ള അതിര്‍ത്തി താണ്ടാനായി ഒരാഴ്ചയോളം അക്രമികളുടെ കണ്ണുവെട്ടിച്ചു കഴിഞ്ഞാണ് അഖ്‌ലാസ് അവസാനം ബംഗ്ലാദേശിലെത്തിയത്. യാത്രയ്ക്കിടെ അവശരായവും രോഗികളും മരിച്ചുവീഴുന്നതും പതിവാണ്. മരിക്കുന്നവരെ സാധ്യമായരീതിയില്‍ മതകര്‍മങ്ങള്‍ നിര്‍വഹിച്ച് മറവുചെയ്യും. ഒന്നുരണ്ടുദിവസം വെള്ളമോ ഭക്ഷണമോ കിട്ടാത്ത അനുഭവവും അഖ്‌ലാസ് പറഞ്ഞു. ഇവിടെ നിര്‍ഭയത്തോടെ ജീവിക്കാന്‍ കഴിയുന്നുണ്ട്. അതിനെല്ലാം ഉപരിയായിയ അഞ്ചുനേരെ ബാങ്കുവിളിയെങ്കിലും കേള്‍ക്കാം- അവന്‍ പറഞ്ഞു.

എന്തോതിരക്കുള്ള ജോലിക്കിടയില്‍ സംസാരിക്കുന്നതിനാലാവണം വവളരെ നിര്‍വികാരമായാണ് ഇത്രയും അഖ്‌ലാസ് പറഞ്ഞുതീര്‍ത്തത്. തന്റെ ഉപ്പയും ഉമ്മയും സഹോദരങ്ങളും ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അഖ്‌ലാസിന് അറിയില്ല. രണ്ടാഴ്ചയിലേറെയായി അവരുമായുള്ള ബന്ധം വേര്‍പ്പെട്ടിട്ട്.

അഖ്‌ലാസിന്റെ സഹോദരീഭര്‍ത്താവ് മുഹമ്മദ് അലി (33) സമാന അനുഭവം ഉണ്ടായപ്പോഴാണ് മ്യാന്‍മാര്‍ വിട്ടത്. ബുദ്ധിസ്റ്റുകളും പട്ടാളവും ചേര്‍ന്ന് മുസ്‌ലിംകള്‍ താമസിക്കുന്ന ചേരി ഒഴിപ്പിക്കുന്നതിനിടെ പട്ടാളക്കാരുടെ ബുള്ളറ്റ് തുളച്ചുകയറിയതിന്റെ അടയാളങ്ങള്‍ കാണിക്കാനായി ഉടുത്തിരുന്ന പാന്റും ഷര്‍ട്ടും കയറ്റികാണിച്ചുതന്നു അദ്ദേഹം. ഇടതുകണംകാലില്‍ ബുള്ളറ്റ് തറച്ചു നാലഞ്ചുസെന്റിമീറ്റര്‍ ആഴത്തിലുള്ള മുറിവ് രണ്ടുവര്‍ഷത്തെ പഴക്കംകൊണ്ട് തൂര്‍ന്നുവരുന്നു. ആ കുടുംബം മറക്കാനാഗ്രഹിക്കുന്ന ഇരുണ്ടദിനങ്ങളിലെ വംശീയ ആക്രമണങ്ങളെ കുറിച്ച് മുഹമ്മദ് അലി വിവരിക്കുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റ്‌കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലിനുള്ളില്‍ നിന്ന് അദ്ദേഹത്തിന്റെ ഭര്യയുടെ വിതുമ്പലുകള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. അതോടെ പഴയകാര്യങ്ങള്‍ ഓര്‍ത്തെടുത്ത് മുഴുമിക്കാന്‍ അദ്ദേഹത്തിനും താല്‍പര്യമില്ലാതായി.

അഖ്‌ലാസടക്കമുള്ളവര്‍ കിലോമീറ്ററുകള്‍ നീണ്ട വനത്തില്‍ ദിവസങ്ങളാണ് കഴിച്ചുകൂട്ടിയത്. ഇങ്ങനെ വനത്തിലൂടെ മുസ്‌ലിംകള്‍ രക്ഷപ്പെടുന്നുണ്ടെന്നു മനസ്സിലാക്കിയ പട്ടാളക്കാര്‍ വനത്തിനുമുകളിലൂടെ ഹെലികോപ്ടറിലെത്തി ബോംബ് വര്‍ഷിക്കാനും തുടങ്ങിയതായി ക്യാംപിലെ മദ്‌റസ നടത്തുന്ന അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. അഖ്‌ലാസിനെ പോലുള്ളവര്‍ രക്ഷപ്പെട്ടതിനു ശേഷമാവണം പട്ടാളക്കാര്‍ കാട്ടില്‍ ബോംബ് വര്‍ഷം തുടങ്ങിയത്.

കടല്‍തീരത്ത് അക്രമികളും പട്ടാളവും ഇല്ലാത്തസമയത്ത് ലക്ഷ്യം മുന്നില്‍കാണാതെ കൊച്ചുവഞ്ചിയും ബോട്ടും എടുത്തു രക്ഷപ്പെടുന്നവരും ഉണ്ട്. ഇങ്ങനെ രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിന്നാലെ വന്നു വെടിവച്ച സംഭവങ്ങളും ക്യാംപുകളിലുള്ളവര്‍ക്ക് പറയാനുണ്ട്. വഴിതെറ്റി മറ്റുദിക്കുകളിലെത്തിയവര്‍, വഴിമധ്യേ ബോട്ടിന്റെ അമിതഭാരം കൊണ്ട് ഒന്നിച്ചുകടല്‍ വിഴുങ്ങിയ നൂറുകണക്കിനാളുകള്‍… എത്രപേര്‍ പോയി എന്നതിനെ കുറിച്ച് യാതൊരുരേഖകളും ഇല്ലാത്തതിനാല്‍ മരിച്ചവരുടെ എണ്ണത്തെ കുറിച്ച് ഔദ്യോഗികകണക്കും ലഭ്യമല്ല.
കടല്‍ക്കൊള്ളക്കാരുടെ കൈകളില്‍പ്പെട്ട് മറ്റുരാജ്യങ്ങളിലേക്ക് മനുഷ്യക്കടത്തിനിരയായവരും നിരവധി. വംശീയവാദികളുടെയും പട്ടാളക്കാരുടെയും കണ്ണുവെട്ടിച്ച് ഒരുവിധം മ്യാന്‍മാര്‍- ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയാല്‍ തന്നെ 5,000 മുതല്‍ 40,000 രൂപവരെയാണ് അതിര്‍ത്തികടക്കാന്‍ പിടിച്ചുപറിക്കാര്‍ ചോദിക്കുന്നത്. ഉടുത്തവസ്ത്രം അല്ലാതെ മറ്റൊന്നും സ്വന്തമായില്ലാത്തതിനാല്‍ പണംനല്‍കാനാവാതെ ഒരുലക്ഷത്തിലധികം പേര്‍ അതിര്‍ത്തികളില്‍ കരുണകാത്തുകഴിയുകയാണ്.

 

കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ഇന്ത്യയിലെത്തിയ രോഹിംഗ്യ അഭയാര്‍ഥികളെ മ്യാന്‍മറിലേക്കു നാടുകടത്താനുള്ള തീരുമാനത്തിനെതിരായ ഹരജി ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഇന്നു പരിഗണിക്കുന്നുണ്ട്. യു.എന്‍ അഭയാര്‍ഥി ഹൈക്കമ്മിഷനു കീഴില്‍ (യു.എന്‍.എച്ച്.സി.ആര്‍) റജിസ്റ്റര്‍ ചെയ്ത രോഹിംഗ്യ വംശജരായ മുഹമ്മദ് സലീമുല്ലയും മുഹമ്മദ് ഷഖീറും സമര്‍പ്പിച്ച ഹരജിയില്‍ കോടതി സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. ഇവരെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിട്ടുണ്ട്.

ലോകത്ത് ഏറ്റവുമധികം പീഡിതരായ വംശം

മ്യാന്‍മറിലെ റാഖൈന്‍ (പഴയ പേര് അര്‍ക്കാന്‍) സംസ്ഥാനത്തുള്ള വംശീയന്യൂനപക്ഷമാണു രോഹിന്‍ഗ്യകള്‍. രോഹിന്‍ഗ്യകളില്‍ ബഹുഭൂരിഭാഗവും മുസ്‌ലിംകളാണ്. ആകെ 12 ലക്ഷത്തോളമാണ് ജനസംഖ്യ. ഐക്യരാഷ്ട്രസഭയടെ പട്ടികയില്‍ ലോകത്ത് ഏറ്റവുമധികം അടിച്ചമര്‍ത്തപ്പെട്ട പീഡിത ന്യൂനപക്ഷവിഭാഗക്കാരാണിവര്‍. മ്യാന്‍മറില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അടിമപ്പണി ചെയ്യിക്കാനായി ബ്രിട്ടിഷുകാര്‍ കൊണ്ടുപോയ ഇന്ത്യക്കാരായ ബംഗാളി ഭാഷ സംസാരിക്കുന്നവരുടെ പിന്‍തലമുറക്കാരാണ് രോഹിംഗ്യകള്‍.
ഇവര്‍ക്കു പൗരത്വം നിഷേധിക്കുന്ന നിയമം 1982ല്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ കൊണ്ടുവന്നതോടെയാണ് ഈ വംശീയ ന്യൂനപക്ഷങ്ങളുടെ ദുരിതം തുടങ്ങിയത്. അവരെ മ്യാന്‍മര്‍ ഔദ്യോഗിക പൗരന്‍മാരായി പോലും അംഗീകരിച്ചിട്ടില്ല. അതിനാല്‍ മാന്യമായ വിദ്യാഭ്യാസമോ ഉന്നതജോലിയോ ലഭിക്കില്ല.
ഇതിനു പുറമെ ബംഗാള്‍ വംശജരെന്നാരോപിച്ച് വംശീയ ആക്രമണങ്ങളും പതിവാണ്. ഇവരെ വംശീയന്യൂനപക്ഷങ്ങളായി ബംഗ്ലാദേശും അംഗീകരിച്ചിട്ടില്ല. സമാധാനത്തിനു നൊബേല്‍ ലഭിച്ച ജനാധിപത്യനേതാവായി ലോകം വാഴ്ത്തുന്ന ആങ്‌സാങ് സൂക്കിയാവട്ടെ, രോഹിംഗ്യകളുടെ മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ കടുത്ത ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്.
രോഗിംഗ്യകള്‍ക്കു നേരെയുള്ള ക്രൂരത വിവരിക്കുന്ന 43 പേജുള്ള റിപ്പോര്‍ട്ട് അടുത്തിടെ ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ചിരുന്നു. കുട്ടികളും സ്ത്രീകളും ഗര്‍ഭിണികളുമടക്കം ആയിരക്കണക്കിന് പേരാണ് മ്യാന്‍മറില്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിരിക്കുന്നതെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ ഗര്‍ഭസ്ഥശിശുക്കളെ പോലും ബുദ്ധിസ്റ്റുകള്‍ വെറുതെവിട്ടില്ലെന്നു എടുത്തുപറയുന്നുണ്ട്. എന്നാല്‍ മ്യാന്‍മര്‍ ഭരണകൂടം ഈ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ല.

 


Also Read: ദിവസേന ഭീകരവാര്‍ത്തകള്‍ കേട്ടുണരുന്ന ക്യാംപ്


Also Read: മ്യാന്‍മറിലേത് ഇനിയും പുറത്തുവരാത്ത കൂട്ടക്കൊലകള്‍


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.