2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റോഹിംഗ്യന്‍ വംശഹത്യ: സൈന്യത്തിന്റെ ക്രൂരതകളെ ന്യായീകരിച്ച് ആങ് സാന്‍ സൂചി, സൈനികമേധാവിക്കും കമാന്‍ഡര്‍മാര്‍ക്കുമെതിരേ യു.എസ് ഉപരോധം ഏര്‍പ്പെടുത്തി

ഹേഗ്: റോഹിംഗ്യന്‍ മുസ്‌ലിംകളെ കൂട്ടബലാല്‍സംഗത്തിനും വംശഹത്യക്കും ഇരയാക്കിയെന്ന യു.എന്‍ കണ്ടെത്തലിനിടെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ മ്യാന്മര്‍ സൈന്യത്തിന്റെ ക്രൂരതകളെ ന്യായീകരിച്ച് ആങ് സാന്‍ സൂചി. 1948ലെ വംശഹത്യാ ഉടമ്പടി ലംഘിച്ചതിനെതിരേ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയാണ് മ്യാന്മറിനെതിരേ ലോകകോടതിയെ സമീപിച്ചത്. മ്യാന്മര്‍ സൈന്യം ചെയ്ത ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊലകളെയും കൂട്ടബലാല്‍സംഗങ്ങളെയും ശിശുഹത്യയെയും കുറിച്ച് വാദംകേള്‍ക്കലിനിടെ ഗാംബിയ വിശദീകരിച്ചിരുന്നു.

തുടര്‍ന്ന് ഇന്നലെ സമാധാന നൊബേല്‍ ജേതാവും മ്യാന്മറിലെ പരമോന്നത നേതാവുമായ സൂചിയെ കോടതി വിസ്തരിക്കുകയായിരുന്നു.
മ്യാന്മറിലെ യഥാര്‍ഥ അവസ്ഥകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും അപൂര്‍ണവുമായ വിവരങ്ങളാണ് ഗാംബിയ നല്‍കിയതെന്ന് സൂചി പറഞ്ഞു.
2017ലെ കൂട്ടക്കൊലയെ കുറിച്ച് വിശദീകരിക്കവെ അതൊരു ആഭ്യന്തര സംഘട്ടനം ആയിരുന്നെന്നും അറാക്കന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി പോലുള്ള തീവ്രവാദികള്‍ നടത്തിയ ആക്രമണത്തോട് സൈന്യം പ്രതികരിക്കുകയായിരുന്നുവെന്ന് സൂചി പറഞ്ഞു. കൂടുതല്‍ സൈന്യത്തെ ഉപയോഗപ്പെടുത്തി എന്നത് ശരിയാണ്. പക്ഷേ ന്യൂനപക്ഷ വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചു എന്ന് അതിന് അര്‍ഥമില്ല. വംശഹത്യാ നീക്കം ചില ഭാഗങ്ങളില്‍ ഉണ്ടായപ്പോള്‍ അതേക്കുറിച്ച് അന്വേഷിക്കുകയും കുറ്റക്കാരായ സൈനികരെയും ഓഫിസര്‍മാരെയും ശിക്ഷിക്കുകയും പുറത്താക്കുകയും ചെയ്തു.
റക്കയില്‍ സംസ്ഥാനത്തെ അവസ്ഥ സങ്കീര്‍ണമാണെന്നു പറഞ്ഞ സൂചി റോഹിംഗ്യന്‍ ന്യൂനപക്ഷം അനുഭവിക്കുന്ന പ്രയാസങ്ങള്‍ തനിക്കറിയാമെന്നു സമ്മതിച്ചു.

അതേ സമയം വംശഹത്യയുമായി ബന്ധപ്പെട്ട് മ്യാന്മര്‍ സൈനികമേധാവി മിന്‍ ഓങ് ഹ്‌ലൈങ്ങിനും മൂന്നു മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ക്കുമെതിരേ യു.എസ് ഉപരോധം ഏര്‍പ്പെടുത്തി. നിരപരാധികളായ മനുഷ്യരെ കൊലചെയ്യുന്നതിനോടും ബലാല്‍സംഗം ചെയ്യുന്നതിനോടും യു.എസ് സഹിഷ്ണുത കാണിക്കില്ലെന്ന് ട്രഷറി സെക്രട്ടറി എംനച്ചിന്‍ പറഞ്ഞു.

എന്നാല്‍ മ്യാന്മറില്‍ റോഹിംഗ്യരെ അടിച്ചമര്‍ത്തുന്നതിനെ സൂചി ലോകകോടതിയില്‍ നിഷേധിക്കുമ്പോഴും രാജ്യത്ത് നൂറോളം റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ജയിലിലാണെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു. ഇതില്‍ 25 പേര്‍ കുട്ടികളാണ്. അധികൃതരുടെ അനുമതിയില്ലാതെ ജന്മനാട് വിട്ടുപോകാന്‍ ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം. മരുന്നോ ഭക്ഷണമോ ഒന്നുമില്ലാതെ നരകിക്കുന്നതിനാലാണ് റക്കയിന്‍ സംസ്ഥാനത്തുള്ളവര്‍ പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. രണ്ടുവര്‍ഷത്തെ തടവിനാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നത്. നവംബറില്‍ ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

വിഷയത്തില്‍ മ്യാന്മറില്‍ റോഹിംഗ്യരെ വംശഹത്യ നടത്തിയതിന്റെ വിശ്വസനീയമായ കണ്ടെത്തലുകളെ സൂചി നിഷേധിച്ചത് ഞെട്ടിപ്പിക്കുന്ന നിമിഷമാണെന്ന് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മ്യാന്മറിലെ വിദ്യാഭ്യാസ പ്രവര്‍ത്തകനും ബുദ്ധമതക്കാരനുമായ മാവുങ് സര്‍നി പറഞ്ഞു. പച്ച നുണകള്‍ കേള്‍ക്കേണ്ടിവന്നതില്‍ ഒരു മ്യാന്മര്‍ പൗരനെന്ന നിലയില്‍ ലജ്ജ തോന്നുന്നതായി അദ്ദേഹം പറഞ്ഞു. 54കാരനായ സര്‍നിയെ രാജ്യത്തിന്റെ ശത്രുവായാണ് മ്യാന്മര്‍ ഭരണകൂടം വിശേഷിപ്പിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.