2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണം ഒറ്റപ്പദ്ധതിയായി നടപ്പാക്കും

അന്‍സാര്‍ മുഹമ്മദ്

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും നന്നാക്കാനും പുനര്‍നിര്‍മാണത്തിനും ഒരു മണ്ഡലത്തില്‍ ഒറ്റ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കും. പണി വേഗത്തില്‍ തീര്‍ക്കാന്‍ ഒറ്റ ടെന്‍ഡര്‍ സഹായിക്കുമെന്നതിനാലാണ് സര്‍ക്കാര്‍ നടപടി. റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണവും കേടുപാടുകള്‍ തീര്‍ക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി പൊതുമരാമത്ത് മാന്വലിലും ധനവകുപ്പ് ചട്ടങ്ങളിലും മാറ്റം വരുത്തും. 

നിയന്ത്രിത ടെന്‍ഡര്‍ നടപടികളും ഹ്രസ്വ ടെന്‍ഡര്‍ നടപടികളും നടപ്പാക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടങ്ങളില്‍ മാറ്റം വരുന്നതോടെ സാധാരണ ടെന്‍ഡര്‍ നടപടികളില്‍ 14 ദിവസം വേണ്ടി വരുന്നത് ഏഴു ദിവസമായി ചുരുങ്ങും. കൂടാതെ ടെന്‍ഡര്‍ അനുമതിക്ക് ധന വകുപ്പിന്റെ ചീഫ് എക്‌സാമിനറുടെ അനുമതി വേണമെന്നതിന് കാല താമസം ഒഴിവാക്കാന്‍ ഇളവു വരുത്തും.ഇത് പിന്നീട് നടത്തുന്ന രീതിയിലാണ് മാറ്റം വരുത്തുക. കരാറുകാര്‍ മുന്‍കൂട്ടി തുക കെട്ടിവെക്കണമെന്ന വ്യവസ്ഥയിലും ഇളവ് വരുത്തും. ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പ്രളയ ദുരന്തത്തില്‍പ്പെട്ട് തകര്‍ന്ന പാലങ്ങളുടെയും റോഡുകളുടെയും പുനര്‍നിര്‍മാണത്തിനുള്ള പദ്ധതികളുടെ ഭരണാനുമതി ഫയലില്‍ കുരുങ്ങാതിരിക്കാനാണ് ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിന് ആയിരം കോടി രൂപ ഇതിനകം പൊതുമരാമത്ത് വകുപ്പിന് അനുവദിച്ചിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകളുടെയും പാലങ്ങളുടെയും ജോലി വേഗത്തിലാക്കാന്‍ ഒറ്റ ടെന്‍ഡര്‍ വഴി വന്‍കിട കമ്പനികള്‍ക്ക് കൊടുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കും. നിര്‍മാണ കരാര്‍ നല്‍കാന്‍ ടാറ്റയും, എല്‍ ആന്‍ഡ് ടി ലിമിറ്റഡും ഉള്‍പ്പെടെ രാജ്യത്തിനകത്തെ അഞ്ചു വന്‍കിട കമ്പനികളെ സര്‍ക്കാര്‍ ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയ, സംസ്ഥാന പാതകളുടെ നിര്‍മാണത്തിനും ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ഒറ്റ ടെന്‍ഡര്‍ സിസ്റ്റം നടപ്പാക്കും.അതിനിടെ ചെറുകിട കരാറുകാരെയും സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. ഇവര്‍ക്ക് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന് കത്തു നല്‍കി. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ആദ്യം അറ്റകുറ്റപ്പണി നടത്താനുള്ള റോഡുകളുടെ പണി പൂര്‍ത്തിയാക്കണമെന്നും അതിനു ശേഷം തകര്‍ന്ന റോഡുകളുടെ പണി ആരംഭിച്ചാല്‍ മതിയെന്നും മന്ത്രി ജി.സുധാകരന്‍ എക്‌സിക്യുട്ടീവ് എന്‍ജീനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രളയത്തില്‍ ഏതാണ്ട് 14,690 കിലോമീറ്റര്‍ റോഡാണ് തകര്‍ന്നത്. കൂടാതെ 470 കലുങ്കുകളും, 218 പാലങ്ങളും, 298 കിലോമീറ്റര്‍ ഓടയും തകര്‍ന്നിട്ടുണ്ട്. ഇടുക്കി, വയനാട് കുട്ടനാട് എന്നീ മേഖലയിലെ റോഡുകളുടെയും പാലങ്ങളുടെയും കണക്കെടുപ്പ് ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഇതു കൂടി വരുമ്പോള്‍ ഏതാണ്ട് 15,000 കോടിയെങ്കിലും വേണ്ടി വരും. തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണിക്ക് ആവശ്യമായ തുക അനുവദിക്കണമെന്ന് ധനവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.