
ന്യൂഡല്‍ഹി: ജിയോ കൊണ്ടുവന്ന് ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓണ്‍ലൈന്‍ വ്യാപാരമേഖലയിലും പ്രവേശിക്കുന്നു. ഫഌപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയെ കടത്തിവെട്ടുകയെന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സിന്റെ ചുവടുവയ്പ്പ്.
ഫ്ളിപ്കാര്‍ട്ടിനെ അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഏറ്റെടുത്ത സ്ഥിതിക്ക് ഈ നിരയില്‍ ഇന്ത്യന്‍ കമ്പനി ഇല്ലാതായിരിക്കുകയാണ്. ഇതു മുതലെടുക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം.
ഗുജറാത്തില്‍ നടക്കുന്ന ഒന്‍പതാമത് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ടാണ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്കുള്ള റിലയന്‍സിന്റെ പ്രവേശനം മുകേഷ് അംബാനി വെളിപ്പെടുത്തിയത്.
ജിയോയും റിലയന്‍സ് റീട്ടെയ്ലും ചേര്‍ന്ന് പുതിയ വാണിജ്യ പ്ലാറ്റ്ഫോം ഉണ്ടാക്കാന്‍ പോകുകയാണ്. പുതിയ പദ്ധതിയിലൂടെ ആദ്യ ഘട്ടത്തില്‍ ഗുജറാത്തിലെ 12 ലക്ഷം ചെറുകിട വില്പനക്കാരേയും കച്ചവടക്കാരേയും ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു. പിന്നീട് ഇന്ത്യയൊട്ടാകെ മൂന്നു കോടി കച്ചവടക്കാരെ ലക്ഷ്യംവയ്ക്കും.
ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോക്ക് 28 കോടി ഉപഭോക്താക്കളുണ്ട്. ഇതേ രീതിയില്‍ വ്യാപാരമേഖലയെ കൈപ്പിടിയിലൊതുക്കുകയാണ് റിലയന്‍സ് ലക്ഷ്യം വയ്ക്കുന്നത്.