2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

നോമ്പ് തുറക്കാന്‍ അല്‍പ്പം വെള്ളം ചോദിച്ച യാത്രക്കാരന് എയര്‍ ഇന്ത്യ നല്‍കിയത് വെള്ളക്കുപ്പിയും സ്‌നാക്‌സും; അപ്രതീക്ഷിത സര്‍പ്രൈസ് പങ്കുവച്ച് മാധ്യമപ്രവര്‍ത്തകന്‍ രിഫാത്ത് ജാവേദ്

 

മുംബൈ: ഒരു പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം നല്‍കിയെന്ന പഴഞ്ചൊല്ല് മറ്റൊരര്‍ത്ഥത്തില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജനതാകാ റിപോര്‍ട്ടല്‍ എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ രിഫാത്ത് ജാവേദിന്. ഈ റമദാനില്‍ നോമ്പെടുത്ത് വിമാനയാത്ര നടത്തിയ രിഫാത്തിന് അപ്രതീക്ഷിതമായി ലഭിച്ച ആ സര്‍പ്രൈസ് അദ്ദേഹം ട്വിറ്ററില്‍ സുഹൃത്തുക്കളോട് പങ്കുവയ്ക്കുകയും ചെയ്തു.

 

രിഫാത്ത് ജാവേദ്

 

ഉത്തര്‍പ്രദേശിലെ ഘോരഖ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ ഡല്‍ഹിയിലേയ്ക്ക് യാത്രചെയ്യുകയായിരുന്നു രിഫാത്ത്. ഇതിനിടെ വാച്ചില്‍ നോക്കുമ്പോള്‍ നോമ്പ് തുറക്കാനുള്ള സമയം ആയി. ഇതോടെ വിമാനത്തിലെ എയര്‍ ഹോസ്റ്റസിനോട്, നോമ്പ് തുറയ്ക്കണം, ഒരു ഗ്ലാസ് വെള്ളം ആവശ്യമുണ്ടെന്ന് പറഞ്ഞു. വിമാന ജീവനക്കാര്‍ ഇരിക്കുന്ന സീറ്റിനടുത്തു പോയാണ് ഇക്കാര്യം രിഫാത്ത് ചോദിച്ചത്. ഇതിന് നിങ്ങള്‍ എഴുന്നേറ്റ് ഇവിടെ വരണോയെന്ന് എയര്‍ ഹോസ്റ്റസ് തിരിച്ചുചോദിക്കുകയുംചെയ്തു. പിന്നീട് സീറ്റില്‍ പോയിരുന്ന രിഫാത്തിന് ഒരു വെള്ളക്കുപ്പിയും സ്‌നാക്‌സുമായാണ് എയര്‍ ഹോസ്റ്റസ് വന്നത്.

ഇനിയും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടന്നും മഞ്ജുള എന്നു പേരുള്ള എയര്‍ഹോസ്റ്റസ് പുഞ്ചിരിയോടെ പറഞ്ഞതായും യാത്രയ്ക്കു ശേഷം രിഫാത്ത് ട്വിറ്ററില്‍ കുറിച്ചു. എയര്‍ ഹോസ്റ്റസിന്റെ നടപടിക്ക് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. പൊതുവേ, യാത്രാ ഷെഡ്യൂളിലും മറ്റും യാത്രക്കാര്‍ക്ക് മോശം അനുഭവങ്ങള്‍ ഉണ്ടാവാറുള്ള വിമാനകമ്പനിയാണ് എയര്‍ ഇന്ത്യ. ആ കമ്പനിയില്‍ നിന്ന് ഇതുപോലൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.