2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘വിരലറ്റം’ പറയുന്ന വിപ്ലവം

മുക്കം യതീംഖാനയിലെ പൂര്‍വവിദ്യാര്‍ഥി മുഹമ്മദലി ശിഹാബ് ഐ.എ.എസിന്റെ ജീവിതം

 

എന്‍.എം സ്വാദിഖ്/ 9995198178

ചാലിയപ്പുറം സ്‌കൂളില്‍ പഠിക്കാന്‍ വിട്ടിരുന്ന സമയത്ത് തൊട്ടപ്പുറത്ത് പൂക്കോട്ടെ ചെളിക്കുഴിയില്‍നിന്നു മീന്‍ പിടിക്കുന്നതിലായിരുന്നു ശിഹാബിനു താല്‍പര്യം. പതിവായി ക്ലാസില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന ശിഹാബിനെ വായിച്ചി (പിതാവ്) പിന്നാലെയോടി ഒരുവിധം ക്ലാസിലെത്തിക്കും.
എന്നാലും, പഠനത്തേക്കാള്‍ അവന്‍ താല്‍പര്യം കാണിച്ചതു പ്രകൃതിയോടായിരുന്നു. പതിനൊന്നാം വയസില്‍ വായിച്ചി മരിച്ചു. ശിഹാബ് അനാഥനായി. വായിച്ചിയെപ്പോലെ സ്‌കൂളിലെത്തിക്കാന്‍ ആളില്ലാതായതോടെ ഉമ്മ അവനെ മുക്കത്തെ യതീംഖാനയില്‍ കൊണ്ടാക്കി, മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറക്കാരന്‍ ശിഹാബ് അങ്ങനെ മുക്കത്തു താമസക്കാരനായി, അവിടെ ‘കളിച്ചു’പഠിച്ചു!

യതീംഖാന സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നേരം സുകുമാരന്‍ മാസ്റ്റര്‍ കുട്ടികളോടൊരു കാര്യം പറഞ്ഞു. പത്താം ക്ലാസുമുതലാണ് മക്കളേ നിങ്ങളുടെ ജീവിതം തുടങ്ങുന്നതെന്ന്… മുന്‍ബെഞ്ചിലിരുന്നവര്‍ അതു കേട്ടോ ഇല്ലയോയെന്ന് അറിയില്ലെങ്കിലും പിന്‍ബെഞ്ചിലിരുന്ന ശിഹാബ് അതു കേട്ടു. എടവണ്ണപ്പാറയില്‍ പെട്ടിപ്പീടിക നടത്തിയിരുന്ന വായിച്ചി അലിയെ ശിഹാബ് അപ്പോള്‍ ഓര്‍ത്തിരിക്കണം, ഉമ്മയെയും സഹോദരിമാരെയും ഓര്‍ത്തിരിക്കണം.
സുകുമാരന്‍ മാഷ് പറഞ്ഞപോലെ അന്നുമുതല്‍ അവന്‍ ജീവിതമാരംഭിച്ചു. പിന്‍ബെഞ്ചില്‍നിന്ന് ശിഹാബ് മുന്‍ബെഞ്ചിലേക്കു മാറി, പഠനത്തിന്റെ ഗിയറും മാറ്റി, ജീവിതമേ മാറി.

പത്താം ക്ലാസിനു ശേഷം ഇടയ്ക്കു കല്ലുവെട്ടാന്‍വരെ പോയിരുന്ന ശിഹാബ്, യതീംഖാനയില്‍നിന്നുള്ള പ്രീഡിഗ്രിക്കു ശേഷം പ്രൈവറ്റായി ഡിഗ്രിയെഴുതി. അപ്പോഴൊക്കെ പഠനത്തിലേക്ക് ആരോ തള്ളിവിടുന്നപോലെയാണ് അദ്ദേഹത്തിനു തോന്നിയത്.
അതിനാലാകണം, ജോലിക്കു ചേരാനായി 21 സര്‍ക്കാര്‍ നിയമന ഉത്തരവുകളാണ് ശിഹാബിന്റെ വീട്ടിലെത്തിയത്. 21 പി.എസ്.സി പരീക്ഷയില്‍ അദ്ദേഹം റാങ്ക് ലിസ്റ്റിലുണ്ടായിരുന്നു. അവിടെയും നിര്‍ത്താത്ത പഠനത്തിന്റെ കഥയാണ് ശിഹാബിന് പുസ്തകത്തിലൂടെ പറയാനുള്ളത്.

അന്നത്തെ പിന്‍ബെഞ്ചുകാരന്‍ ശിഹാബ് ഇന്നു നാഗാലാന്‍ഡിലെ കിഫ്‌റെ ജില്ലയിലെ കലക്ടറേറ്റില്‍ ഇരിപ്പുണ്ട്, വെറും ശിഹാബായല്ല, മുഹമ്മദലി ശിഹാബ് എന്ന ഐ.എ.എസ് ഓഫിസറാണദ്ദേഹം. ജില്ലാ കലക്ടറാണ്. 2011ലെ സിവില്‍ സര്‍വിസ് പരീക്ഷയില്‍ 209ാം റാങ്കുകാരനായി മുഹമ്മദലി ശിഹാബ് അദ്ഭുതം കാണിച്ചപ്പോള്‍ ഒരു സമൂഹം അതിനെ വലിയ ആരവത്തോടെയാണ് എതിരേറ്റത്.

പഠനത്തില്‍ താല്‍പര്യം കാണിക്കാതിരുന്ന ശിഹാബെങ്ങനെ ഐ.എ.എസായി എന്നതിനുള്ള ഉത്തരമാണ് അദ്ദേഹത്തിന്റെ ജീവിത കഥ, ‘വിരലറ്റം’. ജീവിതത്തിലുണ്ടായ ഒരുപാട് നല്ല സ്പര്‍ശനങ്ങളാണ് തന്നെ ഉയര്‍ച്ചയിലെത്തിച്ചതെന്നു മുഹമ്മദലി ശിഹാബ് പറയുന്നു. മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നോക്ക ജില്ലയായ കിഫ്‌റെയിലെ കലക്ടറേറ്റിലിരുന്നു തന്നെ താനാക്കിയ നാടിനെക്കുറിച്ചും അയല്‍പക്ക, അധ്യാപക, സുഹൃദ് ബന്ധത്തെക്കുറിച്ചും എല്ലാത്തിനും മീതെ മുക്കം യതീംഖാനയെക്കുറിച്ചും വാചാലനാകുമ്പോള്‍ ശിഹാബിന് നൂറു നാവാണ്.

യതീംഖാനയുടെ മുറ്റത്തെ തണല്‍മരച്ചുവട്ടിലിരിക്കുന്ന ശിഹാബിന്റെ ചിത്രമാണ് പുസ്തകത്തിന്റെ കവര്‍.’വിരലറ്റം-ഒരു യുവ ഐ.എ.എസുകാരന്റെ ജീവിതം’ എന്ന പുസ്തകം ഡി.സി. ബുക്‌സാണ് പുറത്തിറക്കുന്നത്.

ഈ മാസം 28നു കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ എന്‍.എസ് മാധവനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. അവിടെ പുസ്തകം ഏറ്റുവാങ്ങാനുണ്ടാകുക മോയിമോന്‍ ഹാജിയായിരിക്കും, ‘വിരലറ്റം’ എന്ന പേരിലെ പുസ്തകം ഏറ്റുവാങ്ങാന്‍ ഏറ്റവും യോഗ്യന്‍ ഇന്ന് അദ്ദേഹമാണ്, മുക്കം യതീംഖാനയുടെ സെക്രട്ടറി!


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.