2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കശ്മിര്‍ വിഷയത്തിലെ മുഴുവന്‍ ഹരജികളും സുപ്രിംകോടതി ഇന്ന് പരിഗണിക്കും

 

ന്യൂഡല്‍ഹി: 370ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കശ്മിര്‍ വിഷയത്തിലുള്ള മുഴുവന്‍ ഹരജികളും സുപ്രിംകോടതി ഇന്നു പരിഗണിക്കും. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടി ചോദ്യംചെയ്യുന്നതുള്‍പ്പെടെയുള്ള ഒരുകൂട്ടം ഹരജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എസ്. അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗബഞ്ചാവും പരിഗണിക്കുക. കശ്മീരിലെ രാഷ്ട്രപതി ഭരണത്തിനെതിരെയും താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് എതിരെയുമുള്ള ഹരജികളും ഈ ബെഞ്ചിന് മുന്‍പാകെ ഇന്നു വരും.

ജമ്മുകശ്മിരിലെ സ്വന്തം വീട്ടില്‍ പോവാന്‍ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷനേതാവുമായ ഗുലാംനബി ആസാദ് ഇന്നലെ സുപ്രിംകോടതിയില്‍ പുതിയ ഹരജി നല്‍കിയിരുന്നു. കശ്മിരിലെ സാമൂഹിക സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നും ഗുലാംനബി ഹരജിയില്‍ ആവശ്യപ്പെട്ടു. ഈ ഹരജിയും മറ്റ് അപ്പീലുകള്‍ക്കൊപ്പം ഇന്ന് പരിഗണിക്കും. കഴിഞ്ഞമാസം അഞ്ചിന് ജമ്മുകശ്മിരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 379ാം വകുപ്പ് എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതിന് പിന്നാലെ കശ്മിരിലെത്തിയ അദ്ദേഹത്തെ മടക്കി അയച്ചിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവയ്ക്കുകയും അടുത്ത വിമാനത്തില്‍ ഡല്‍ഹിയിലേക്കു മടക്കി അയക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബത്തെ കാണാനും അവരുടെ ക്ഷേമം തിരക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗുലാംനബി ആസാദ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

നേരത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പാര്‍ട്ടി എം.എല്‍.എ യൂസുഫ് തരിഗാമിയെയും ഇല്‍തിജാ മുഫ്തിക്ക് മാതാവ് പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തിയെയും കാണാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. ഇരുവരും നല്‍കിയ ഹരജിയിലായിരുന്നു സുപ്രിംകോടതിയുടെ ഇടപെടല്‍. ഈ പശ്ചാത്തലത്തിലാണ് ഗുലാംനബി ആസാദും സമാന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്.

Returned thrice, Ghulam Nabi Azad approaches SC seeking nod to visit J&K #379


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.