2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വിവിധ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ മാറിമാറി ചോദ്യം ചെയ്തത് 24മണിക്കൂര്‍: തീവ്രവാദബന്ധമില്ലെന്ന് കണ്ടെത്തി വെറുതേവിടുമ്പോള്‍ റഹീമിന്റെ ജീവിതത്തില്‍ ബാക്കിയാകുന്നത് നിറംപിടിപ്പിച്ച കഥകള്‍ തീര്‍ത്ത തുറിച്ചുനോട്ടങ്ങള്‍

കൊച്ചി: കഴിഞ്ഞ 24 മണിക്കൂര്‍ മുഴുവന്‍ ചോദ്യം ചെയ്ത് ഒടുവില്‍ തീവ്രവാദബന്ധമൊന്നുമില്ലെന്ന് കണ്ടെത്തി പൊലിസ് വെറുതേ വിട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിന്റെ ജീവിതത്തില്‍ ഇനിയൂള്ളത് ഒരുകൂട്ടം ചോദ്യചിഹ്നങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെപ്പറ്റി പ്രചരിച്ച നിറംപിടിപ്പിച്ച കഥകള്‍ ഭാവിജീവിതത്തില്‍ എന്തെല്ലാം പ്രതിസന്ധികളാണ് വരുത്തുക എന്ന് ഇനിയും റഹീമിന് നിശ്ചയമില്ല.

എറണാകുളം സി.ജെ.എം കോടതിക്കുള്ളില്‍ നിന്നും റഹീമിനെ ബലമായി പിടിച്ച് കൊണ്ട് പോകുമ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും അത്രക്കും നിറംപിടിപ്പിച്ച കഥകളായിരുന്നു നിറഞ്ഞത്. ബഹ്‌റൈനില്‍ നിന്നും ഒരു യുവതിയുമായി കൊച്ചിയില്‍ വിമാനമിറങ്ങിയത് മുതലാണ് പൊലിസ് ഇയാളെ ലഷ്‌കറുമായി ബന്ധപ്പെടുത്തി അന്വേഷണം തുടങ്ങിയത്. ബഹ്‌റൈനിലെ പെണ്‍വാണിഭ സംഘത്തിന്റെ ചതിയില്‍പ്പെട്ട യുവതിയെ രക്ഷിച്ച് കൊണ്ടു വന്നതിനെ തുടര്‍ന്നാണ് റഹീമിന് ചതിസംഭവിച്ചത്. പെണ്‍വാണിഭ സംഘം പ്രതികാരം തീര്‍ക്കാന്‍ ഭീകരബന്ധമരോപിച്ച് പൊലിസിന് വിവരം കൈമാറുകയായിരുന്നു.

എന്നാല്‍ റഹീമിന്റെ വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തുടക്കം മുതല്‍ വന്‍ വീഴ്ചയാണ് സംഭവിച്ചത്.
പൊലിസ് തിരയുന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ നാടകീയമായി പൊലിസ് കസ്റ്റഡിയില്‍ എടുത്തത് മുതല്‍ പ്രചരിച്ചത് മുഴുവന്‍ നുണക്കഥകളായിരുന്നു.ഇതില്‍ പ്രധാനം പാകിസ്ഥാന്‍ ബന്ധമുള്ള അബു ഇല്യാസുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളായിരുന്നു. എന്നാല്‍ റഹീമിന് ബന്ധമുണ്ടായിരുന്നത് ഇമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബഹ്‌റൈന്‍ പൗരനായ അബു ഇല്യാസിനെ മാത്രമാണ്. അദ്ദേഹം ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ എല്ലാവര്‍ക്കും അറിയുന്നയാളുമായിരുന്നു. അയാളുമായി സുഹൃദ് ബന്ധം മാത്രമേയുള്ളുവെന്നാണ് റഹീം പറഞ്ഞത്. പ്രചരിക്കുന്ന കഥകള്‍ പോലെ ശ്രീലങ്കയുമായി യാതൊരു ബന്ധവുമില്ലായിരുന്നു.

ആലുവയിലെ ഗാരേജില്‍ പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ ഒരു സുഹൃത്തയച്ചുതന്ന വാട്‌സ് ആപ് സന്ദേശത്തില്‍ നിന്നാണ് ഭീകരരുടെ സഹായിയെന്നു കാട്ടി തന്റെ ഫോട്ടോ പ്രചരിക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് തിരയുന്നുന്നെും മനസിലായത്. അതിനെ തുടര്‍ന്നാണ് കീഴടങ്ങി നിരപരാധിത്വം വ്യക്തമാക്കന്‍ കോടതിയില്‍ ഹാജരാകാനെത്തിയത്. എന്നാല്‍ പൊലിസ് കുറ്റവാളിയെ പോലെ അറസ്റ്റ് ചെയ്തു കൊണ്ട് പോവുകയായിരുന്നു.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഉള്‍പ്പടെ റഹീമിനെ അറസ്റ്റ് ചെയതു കൊണ്ടു പോകുന്ന ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചത് ഭീകരവാദിയെന്ന നിലയിലായിരുന്നു. ഒടുവില്‍ കേരള പൊലിസും എന്‍.ഐ.എയും തമിഴ്‌നാട് ക്യു ബ്രാഞ്ചും മിലിട്ടറി ഇന്റലിജന്‍സും മാറിമാറി ചോദ്യം ചെയ്തിട്ടും ഒന്നും കണ്ടെത്താനാവാതെ വെറുതെ വിടുമ്പോള്‍ മറ്റൊരു ഭീകരതയുടെ ചാപ്പ കുത്തപ്പെട്ട ഇരയായി മാറുകയാണ് റഹീം.

ഒരു വര്‍ഷം മുന്‍പ് സമാനമായ രീതിയില്‍ ആലപ്പുഴ സ്വദേശിയായ യുവാവിനെ എന്‍.ഐ.എ ഐ.എ.എസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയത് ഒടുവില്‍ നിരപരാധിയെന്ന് കണ്ട് വെറുതെ വിട്ടിരുന്നു. എന്നാല്‍ ഭീകര മുദ്ര കുത്തപ്പെട്ട യുവാവും കുടുംബവും പിന്നീട് നാട് വിട്ട് പോകേണ്ടി വന്നു. അത്തരത്തില്‍ ഒരു ഇരകൂടിയാവുകയാണ് അബ്ദുള്‍ ഖാദര്‍ റഹീം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News