2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാവില്ലെന്ന് നോട്ട്‌നിരോധിക്കും മുന്‍പേ റിസര്‍വ് ബാങ്ക് സര്‍ക്കാരിനെ അറിയിച്ചു

 

#യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നത് കൊണ്ട് കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിനു മുന്‍പേ തന്നെ സര്‍ക്കാരിനെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മര്‍ദത്തിന് വഴങ്ങി നോട്ട്‌നിരോധനത്തിന് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയെങ്കിലും നിരോധനം കൊണ്ട് കള്ളപ്പണവും കള്ള നോട്ടും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ബോര്‍ഡ് യോഗം അറിയിച്ചിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്‌ചെയ്തു.

2016 നവംബര്‍ എട്ടിന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധനചെയ്താണ് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. കള്ളപ്പണം തിരികെ പിടിക്കുക, കള്ളനോട്ട് പൂര്‍ണമായും നശിപ്പിക്കുക, ഇതുരണ്ടും ഇല്ലാതാവുന്നതോടെ ഭീകരപ്രവര്‍ത്തനം നിര്‍ത്തലാക്കുക എന്നീ മൂന്നുകാരണങ്ങള്‍ പറഞ്ഞായിരുന്നു വിപണിയിലുണ്ടായിരുന്ന ആകെ നോട്ടുകളുടെ 85 ശതമാനവും സര്‍ക്കാര്‍ അസാധുവാക്കിയത്. ഇതിനു നാലുമണിക്കൂര്‍ മുന്‍പാണ്, നോട്ട് നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച രണ്ടുപ്രധാന ന്യായീകരണങ്ങളും റിസര്‍വ് ബാങ്ക് തള്ളിയത്.

നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് തലേദിവസം അതായത് നവംബര്‍ ഏഴിനാണ് ഇതുസംബന്ധിച്ച കരട് റിസര്‍വ് ബാങ്കിനു മുന്‍പിലെത്തിയത്. ഇതിനുപിന്നാലെയാണ് അടുത്ത ദിവസം ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്. നവംബര്‍ എട്ടിന് വൈകീട്ട് ഡല്‍ഹിയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തുവച്ചാണ് ആര്‍.ബി.ഐയുടെ അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്. ബോര്‍ഡിന്റെ 561ാമത് യോഗത്തില്‍ നോട്ട് നിരോധനം എന്ന തീരുമാനം ‘പ്രശംസനീയം’ എന്നു വിശേഷിപ്പിച്ചെങ്കിലും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തെ (ജി.ഡി.പി) തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. യോഗം നടന്ന് അഞ്ച് ആഴ്ചകള്‍ കഴിഞ്ഞ് ഡിസംബര്‍ 15നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ മിനിറ്റ്‌സില്‍ ഒപ്പുവച്ചത്.

യോഗത്തില്‍ ഉയര്‍ന്ന ‘പ്രധാന നിരീക്ഷണങ്ങള്‍’ ആയി ആറ് വിയോജിപ്പുകളും ധനകാര്യമന്ത്രാലയം നല്‍കിയ ന്യായീകരണങ്ങളും മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുക, കള്ളനോട്ട് പൂര്‍ണമായി ഇല്ലാതാക്കുക എന്നിവയായിരുന്നു നോട്ട് നിരോധനത്തിന് ന്യായമായി ധനമന്ത്രാലയം സമര്‍പ്പിച്ച കരടില്‍ ഉണ്ടായിരുന്നത്. എന്നാല്‍, കള്ളപ്പണം കറന്‍സിയായിട്ടല്ല മറിച്ച് സ്വര്‍ണമായും ഭൂമിയായുമാണ് ശേഖരിച്ചുവച്ചിരിക്കുന്നതെന്നും അതിനാല്‍ നോട്ട് നിരോധനം കൊണ്ട് കള്ളപ്പണം ഇല്ലാതാവില്ലെന്നും ഇതിന് മറുപടിയായി മിനിട്‌സില്‍ രേഖപ്പെടുത്തിവച്ചു.

1000, 500 എന്നിവയുടെ കള്ളനോട്ടുകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ഇത് ഏകദേശം 400 കോടിയോളം വരുമെന്നുമായിരുന്നു ധനമന്ത്രാലയത്തിന്റെ രണ്ടാമത്തെ വാദം. 400 കോടി രൂപ എന്നത് ഇന്ത്യയില്‍ വിപണിയിലുള്ള മൊത്തം നോട്ടുകളെ അപേക്ഷിച്ച് അത്രവലിയൊരു തുകയല്ലെന്ന് ഇതിനോട് വിയോജിച്ച് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നോട്ട് നിരോധനം മെഡിക്കല്‍ മേഖലയേയും ടൂറിസം മേഖലയേയും ദുര്‍ബലപ്പെടുത്തുമെന്നും സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളെ നോട്ട് നിരോധനം ഒഴിവാക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലേക്ക് വരുന്ന വിനോദസഞ്ചാരികളെ നോട്ട് നിരോധനം പ്രതികൂലമായി ബാധിക്കുമെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുകയുണ്ടായി. നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങള്‍ റിസര്‍വ് ബാങ്ക് തള്ളിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ഉലച്ച ഈ തീരുമാനത്തിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനു മാത്രമായിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.